Judges 10

1അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ എന്ന യിസ്സാഖാർഗോത്രക്കാരൻ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു അവൻ പാൎത്തതു. 2അവൻ യിസ്രായേലിന്നു ഇരുപത്തുമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരിൽ അവനെ അടക്കംചെയ്തു.

3അവന്റെ ശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റു യിസ്രായേലിന്നു ഇരുപത്തുരണ്ടു സംവത്സരം ന്യായാധിപനായിരുന്നു. 4അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവൎക്കു മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവെക്കു ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്നു പേർ പറയുന്നു; അവ ഗിലെയാദ്‌ദേശത്തു ആകുന്നു. 5യായീർ മരിച്ചു കാമോനിൽ അവനെ അടക്കംചെയ്തു.

6യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു. 7അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു, അവൻ അവരെ ഫെലിസ്ത്യരുടെ കയ്യിലും അമ്മോന്യരുടെ കയ്യിലും ഏല്പിച്ചു. 8അവർ അന്നുമുതൽ പതിനെട്ടു സംവത്സരത്തോളം യിസ്രായേൽമക്കളെ, യോൎദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോൎയ്യദേശത്തുള്ള എല്ലാ യിസ്രായേൽമക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി. 9അമ്മോന്യർ യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധംചെയ്‌വാൻ യോൎദ്ദാൻ കടന്നു; അതുകൊണ്ടു യിസ്രായേൽ വളരെ കഷ്ടത്തിൽ ആയി. 10യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. 11യഹോവ യിസ്രായേൽമക്കളോടു അരുളിച്ചെയ്തതു: മിസ്രയീമ്യർ, അമോൎയ്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കയ്യിൽനിന്നു ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ? 12സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോടു നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കയ്യിൽനിന്നും രക്ഷിച്ചു. 13എങ്കിലും നിങ്ങൾ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ടു ഇനി ഞാൻ നിങ്ങളെ രക്ഷിക്കയില്ല. 14നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോടു നിലവിളിപ്പിൻ; അവർ നിങ്ങളുടെ കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കട്ടെ. 15യിസ്രായേൽമക്കൾ യഹോവയോടു: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊൾക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു. 16അവർ തങ്ങളുടെ ഇടയിൽനിന്നു അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയിൽ അവന്നു സഹതാപം തോന്നി.

17അന്നേരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽമക്കളും ഒരുമിച്ചുകൂടി മിസ്പയിൽ പാളയമിറങ്ങി. 18ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മിൽ തമ്മിൽ: അമ്മോന്യരോടു യുദ്ധം ആരംഭിക്കുന്നവൻ ആർ? അവൻ ഗിലെയാദിലെ സകലനിവാസികൾക്കും തലവനാകും എന്നു പറഞ്ഞു.

Copyright information for Mal1910