Song of Solomon 4

1എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നേ;

നിന്റെ മൂടുപടത്തിൻ നടുവെ നിന്റെ കണ്ണു
പ്രാവിൻ കണ്ണുപോലെ ഇരിക്കുന്നു;
നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവിൽ
കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു.
2നിന്റെ പല്ലു, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന
ആടുകളെപ്പോലെ ഇരിക്കുന്നു;
അവയിൽ ഒന്നും മച്ചിയായിരിക്കാതെ
എല്ലാം ഇരട്ടപ്രസവിക്കുന്നു.
3നിന്റെ അധരം കടുംചുവപ്പുനൂൽപോലെയും
നിന്റെ വായ് മനോഹരവും ആകുന്നു;
നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിൻ ഉള്ളിൽ
മാതളപ്പഴത്തിൻ ഖണ്ഡംപോലെ ഇരിക്കുന്നു.
4നിന്റെ കഴുത്തു ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു ഒക്കും;
അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു;
അവ ഒക്കെയും വീരന്മാരുടെ പരിച തന്നേ.
5നിന്റെ സ്തനം രണ്ടും താമരെക്കിടയിൽ മേയുന്ന
ഇരട്ട പിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.
6വെയലാറി നിഴൽ കാണാതെയാകുവോളം
ഞാൻ മൂറിൻമലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം.
7എന്റെ പ്രിയേ, നീ സൎവ്വാംഗസുന്ദരി;
നിന്നിൽ യാതൊരു ഊനവും ഇല്ല.
8കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ,
ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക;
അമാനാമുകളും ശെനീർ ഹെൎമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും
പുള്ളിപ്പുലികളുടെ പൎവ്വതങ്ങളും വിട്ടു പോരിക.
9എന്റെ സഹോദരീ, എന്റെ കാന്തേ,
നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു;
ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാല കൊണ്ടും
നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു.
10എന്റെ സഹോദരീ, എന്റെ കാന്തേ,
നിന്റെ പ്രേമം എത്ര മനോഹരം!
വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും
സകലവിധ സുഗന്ധവൎഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!
11അല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു;
നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ടു;
നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു.
12എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം,
അടെച്ചിരിക്കുന്ന ഒരു നീരുറവു,
മുദ്രയിട്ടിരിക്കുന്ന ഒരു കിണറു.
13നിന്റെ ചിനെപ്പുകൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം;
മയിലാഞ്ചിയോടുകൂടെ ജടാമാംസിയും,
14ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും,
സകലവിധ കുന്തുരുക്കവൃക്ഷങ്ങളും,
മൂറും അകിലും സകലപ്രധാനസുഗന്ധവൎഗ്ഗവും തന്നേ.
15നീ തോട്ടങ്ങൾക്കു ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും
ലെബാനോനിൽനിന്നു ഒഴുകുന്ന ഒഴുക്കുകളും തന്നേ.
16വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക;
എന്റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന്നു
അതിന്മേൽ ഊതുക;
എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്നു
അതിലെ വിശിഷ്ടഫലം ഭുജിക്കട്ടെ.
Copyright information for Mal1910