‏ Leviticus 25:25-55

25“ ‘നിങ്ങളുടെ സഹോദരങ്ങൾ ദരിദ്രരായി തങ്ങളുടെ വസ്തുവിൽ കുറെ വിൽക്കുന്നെങ്കിൽ അവരുടെ ഏറ്റവും അടുത്ത ബന്ധു തങ്ങളുടെ സഹോദരങ്ങൾ വിറ്റതു വീണ്ടെടുക്കണം. 26എങ്കിലും, ഒരു മനുഷ്യനു തനിക്കുവേണ്ടി അതു വീണ്ടെടുക്കാൻ ആരുമില്ലാതിരിക്കുകയും അയാൾതന്നെ അതു വീണ്ടെടുക്കാനാവശ്യമായതു ശേഖരിക്കുകയും ചെയ്താൽ 27അയാൾ വിറ്റതിനുശേഷമുള്ള വർഷങ്ങളുടെ വില നിശ്ചയിച്ചു, ബാക്കി ആ മനുഷ്യൻ വിറ്റയാൾക്കു മടക്കിക്കൊടുക്കണം; പിന്നീടു തന്റെ സ്വന്തം വസ്തുവിലേക്ക് അയാൾക്കു മടങ്ങിപ്പോകാം. 28എന്നാൽ മടക്കിക്കൊടുക്കാനുള്ള വക സ്വരൂപിക്കാൻ അയാൾക്കു കഴിയുന്നില്ലെങ്കിൽ, ആ മനുഷ്യൻ വിറ്റത് അൻപതാംവാർഷികോത്സവംവരെ വാങ്ങിയ ആളിന്റെ കൈവശം ഇരിക്കും. അത് അൻപതാംവാർഷികോത്സവത്തിൽ മടക്കിക്കൊടുക്കും; പിന്നീട് അയാൾക്കു തന്റെ സ്വന്ത വസ്തുവിലേക്കു മടങ്ങിപ്പോകാം.

29“ ‘ഒരു മനുഷ്യൻ മതിലുള്ള ഒരു നഗരത്തിൽ ഒരു വീട് വിറ്റാൽ വിറ്റശേഷം ഒരുവർഷം മുഴുവനും അവനു വീണ്ടെടുപ്പവകാശമുണ്ടായിരിക്കും. ആ കാലത്ത് അയാൾക്ക് അതു വീണ്ടെടുക്കാം. 30ഒരു പൂർണവർഷം കഴിയുംമുമ്പ് അതു വീണ്ടെടുക്കപ്പെടുന്നില്ലെങ്കിൽ മതിലുള്ള നഗരത്തിലെ വീട് വാങ്ങിയ ആളിനും അയാളുടെ സന്തതികൾക്കും സ്ഥിരമായിരിക്കും. അൻപതാംവാർഷികോത്സവത്തിൽ അതു തിരികെനൽകേണ്ടതില്ല. 31എന്നാൽ മതിലുകളില്ലാത്ത ഗ്രാമങ്ങളിലെ വീടുകൾ തുറസ്സായ നിലംപോലെ കരുതണം. അവ ഏതുസമയത്തും വീണ്ടെടുക്കാം. അൻപതാംവാർഷികോത്സവത്തിൽ അത് അതിന്റെ ആദ്യ ഉടമയ്ക്കു മടക്കിക്കൊടുക്കണം.

32“ ‘എന്നാൽ ലേവ്യരുടെ അവകാശമായ അവരുടെ പട്ടണങ്ങളിലെ വീട് വീണ്ടെടുക്കാൻ ലേവ്യർക്ക് എപ്പോഴും അവകാശമുണ്ട്. 33അങ്ങനെ ലേവ്യർക്ക് ഏതെങ്കിലും പട്ടണത്തിൽ വിറ്റുപോയ അവരുടെ ഓഹരി വീണ്ടെടുക്കാവുന്നതാണ്, അല്ലാത്തപക്ഷം അത് അൻപതാംവാർഷികോത്സവത്തിൽ മടക്കിക്കൊടുക്കണം. കാരണം ഇസ്രായേല്യരുടെ ഇടയിൽ ലേവ്യരുടെ പട്ടണങ്ങളിൽ ഉള്ള അവരുടെ വീടുകൾ അവർക്കുള്ള അവകാശമാണ്. 34എന്നാൽ അവരുടെ പട്ടണങ്ങളുടെ ചുറ്റുമുള്ള പുൽപ്പുറങ്ങൾ വിൽക്കരുത്; അത് അവരുടെ സ്ഥിരമായ കൈവശാവകാശമാണ്.

35“ ‘നിങ്ങളുടെ ദേശവാസികളിലൊരാൾ ദരിദ്രനായിരിക്കുകയും നിങ്ങളുടെയിടയിൽ സ്വയം ഉപജീവനത്തിനു കഴിവില്ലാതിരിക്കുകയും ചെയ്താൽ ആ മനുഷ്യനു നിങ്ങളുടെ ഇടയിൽ തുടർന്നു ജീവിക്കത്തക്കവിധം, ഒരു അന്യനെയോ പ്രവാസിയെയോ സഹായിക്കുന്നതുപോലെ അയാളെ സഹായിക്കണം. 36നിങ്ങളുടെ ദേശവാസി നിങ്ങളുടെ ഇടയിൽ തുടർന്നു ജീവിക്കാൻ കഴിയേണ്ടതിന് അയാളിൽനിന്ന് യാതൊരുവിധ പലിശയോ ലാഭമോ വാങ്ങരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. 37നിങ്ങൾ അവനു പണം പലിശയ്ക്കു കൊടുക്കുകയോ ലാഭത്തിന് ആഹാരം വിൽക്കുകയോ ചെയ്യരുത്. 38ഈ കനാൻദേശം നിങ്ങൾക്കു തരികയും നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

39“ ‘നിങ്ങളുടെ ദേശവാസികളിലൊരാൾ നിങ്ങളുടെ ഇടയിൽ ദരിദ്രനായിത്തീരുകയും സ്വയം നിങ്ങൾക്കു വിൽക്കുകയുംചെയ്താൽ ഒരു അടിമയെപ്പോലെ ആ മനുഷ്യനെക്കൊണ്ടു പണിയെടുപ്പിക്കരുത്. 40ഒരു കൂലിക്കാരനെപ്പോലെയോ താൽക്കാലികമായി വന്നു നിങ്ങൾക്കിടയിൽ താമസിക്കുന്നവനെപ്പോലെയോ അയാളോടു പെരുമാറണം; അയാൾ അൻപതാംവാർഷികോത്സവംവരെ നിങ്ങൾക്കു പണിയെടുക്കണം. 41പിന്നെ അയാളെയും കുഞ്ഞുങ്ങളെയും സ്വതന്ത്രരായി വിടണം, അയാൾക്കു തന്റെ ഗോത്രത്തിലേക്കും തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്കും മടങ്ങിപ്പോകാം. 42ഇസ്രായേല്യരെല്ലാം എന്റെ സേവകരാണ്; അവരെ ഞാൻ ഈജിപ്റ്റിൽനിന്ന് പുറത്തുകൊണ്ടുവന്നു; അതുകൊണ്ട് അവരെ അടിമകളായി വിൽക്കരുത്. 43അവരോടു ക്രൂരമായി പെരുമാറരുത്, നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക.

44“ ‘നിങ്ങളുടെ അടിമകൾ—സ്ത്രീകളും പുരുഷന്മാരും—നിങ്ങൾക്കു ചുറ്റുമുള്ള ജനതകളിൽനിന്നായിരിക്കണം; അവരിൽനിന്ന് നിങ്ങൾക്ക് അടിമകളെ വാങ്ങാം. 45നിങ്ങളുടെ ഇടയിൽവന്നു താൽക്കാലികമായി പാർക്കുന്നവരിൽ ചിലരെയും നിങ്ങളുടെ ദേശത്തു ജനിച്ച അവരുടെ ഗോത്രങ്ങളിലുള്ളവരെയും നിങ്ങൾക്കു വാങ്ങാം; അവർ നിങ്ങളുടെ സ്വത്തായിത്തീരും. 46അവരെ നിങ്ങളുടെ മക്കൾക്കുവേണ്ടി പിൻതുടർച്ചയായി ആജീവനാന്തം അടിമകളായി കൊടുക്കാം. എന്നാൽ നിങ്ങളുടെ സഹോദരങ്ങളായ ഇസ്രായേല്യരോടു ക്രൂരമായി പെരുമാറരുത്.

47“ ‘ഒരു പ്രവാസിയോ നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്നയാളോ ധനികരായിത്തീരുകയും നിങ്ങളുടെ സഹോദരങ്ങളിലൊരാൾ ദരിദ്രരായിട്ടു തങ്ങളെത്തന്നെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിക്കോ പ്രവാസിയുടെ ഗോത്രത്തിലൊരാൾക്കോ വിൽക്കുകയുംചെയ്താൽ, 48അവർ സ്വയം വിറ്റതിനുശേഷം അവരെ വീണ്ടെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കും. അയാളുടെ ഒരു ബന്ധുവിന് ആ മനുഷ്യനെ വീണ്ടെടുക്കാം: 49അയാളുടെ പിതൃസഹോദരനോ പിതൃസഹോദരന്റെ പുത്രനോ ആ മനുഷ്യനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അയാളുടെ കുടുംബത്തിൽ അയാളുടെ അടുത്ത ബന്ധുക്കാരിൽ ഒരാൾക്ക് ആ മനുഷ്യനെ വീണ്ടെടുക്കാം; ആ വിറ്റുപോയ അടിമയ്ക്ക് ആസ്തിയുണ്ടെങ്കിൽ തന്നെത്താൻ വീണ്ടെടുക്കുകയും ചെയ്യാം. 50ആ മനുഷ്യനും അയാളെ വാങ്ങിയ ആളും കൂടെ വിറ്റവർഷംമുതൽ അൻപതാംവാർഷികോത്സവംവരെയുള്ള കാലം എണ്ണണം. ആ കാലത്തേക്ക് ഒരു കൂലിക്കാരനു കൊടുക്കുന്ന നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം അയാളെ സ്വാതന്ത്ര്യത്തോടെ വിട്ടയയ്ക്കുന്നതിനു നൽകുന്ന വില. 51അനേകവർഷങ്ങൾ ബാക്കിയുണ്ടെങ്കിൽ അയാളുടെ വീണ്ടെടുപ്പിനായി, അയാൾക്കു കിട്ടിയ വിലയിൽ വലിയൊരുപങ്ക് അയാൾ മടക്കിക്കൊടുക്കണം. 52അൻപതാംവാർഷികോത്സവത്തിനു ചില വർഷങ്ങൾമാത്രമാണ് ബാക്കിയുള്ളതെങ്കിൽ, അതു കണക്കാക്കി അതനുസരിച്ചു തന്റെ വീണ്ടെടുപ്പുവില കൊടുക്കണം. 53അയാളെ വർഷംതോറും കൂലിക്കെടുക്കുന്ന ആളായി കരുതണം. അയാളെ കൈവശമാക്കിയിരിക്കുന്ന വ്യക്തി ആ മനുഷ്യനോട് ക്രൂരമായി പെരുമാറാൻ നിങ്ങൾ അനുവദിക്കരുത്.

54“ ‘ഈ ഏതെങ്കിലുംരീതിയിൽ ആ മനുഷ്യൻ വീണ്ടെടുക്കപ്പെടുന്നില്ലെങ്കിൽ, അയാളെയും കുഞ്ഞുങ്ങളെയും അൻപതാംവാർഷികോത്സവത്തിൽ സ്വതന്ത്രരായി വിടണം. 55കാരണം ഇസ്രായേൽമക്കൾ എനിക്കുള്ളവരാണ്. ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന എന്റെ സേവകരാണ് അവർ. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

Copyright information for MalMCV