‏ 1 Samuel 7

1കിൎയ്യത്ത്-യെയാരീംനിവാസികൾ വന്നു യഹോവയുടെ പെട്ടകം എടുത്തു കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന്നു ശുദ്ധീകരിച്ചു. 2പെട്ടകം കിൎയ്യത്ത്-യെയാരീമിൽ ആയിട്ടു ഏറിയകാലം, ഇരുപതു സംവത്സരം തന്നേ, കഴിഞ്ഞു; യിസ്രായേൽഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു.

3അപ്പോൾ ശമൂവേൽ എല്ലായിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂൎണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‌വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു. 4അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം സേവിച്ചു. 5അനന്തരം ശമൂവേൽ: എല്ലായിസ്രായേലിനെയും മിസ്പയിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കു വേണ്ടി യഹോവയോടു പ്രാൎത്ഥിക്കും എന്നു പറഞ്ഞു.

6അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു ആ ദിവസം ഉപവസിച്ചു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവെച്ചു യിസ്രായേൽമക്കൾക്കു ന്യായപാലനം ചെയ്തു. 7യിസ്രായേൽമക്കൾ മിസ്പയിൽ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ യിസ്രായേലിന്റെ നേരെ പുറപ്പെട്ടുവന്നു; യിസ്രായേൽമക്കൾ അതു കേട്ടിട്ടു ഫെലിസ്ത്യരെ ഭയപ്പെട്ടു. 8യിസ്രായേൽമക്കൾ ശമൂവേലിനോടു: നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കേണ്ടതിന്നു ഞങ്ങൾക്കു വേണ്ടി അവനോടു പ്രാൎത്ഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു. 9അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്തു യഹോവെക്കു സൎവ്വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിന്നു വേണ്ടി യഹോവയോടു പ്രാൎത്ഥിച്ചു; യഹോവ ഉത്തരമരുളി. 10ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോടു പടെക്കു അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവർ യിസ്രായേലിനോടു തോറ്റു. 11യിസ്രായേല്യർ മിസ്പയിൽനിന്നു പുറപ്പെട്ടു ഫെലിസ്ത്യരെ പിന്തുടൎന്നു; ബേത്ത്-കാരിന്റെ താഴെവരെ അവരെ സംഹരിച്ചു. 12പിന്നെ ശമൂവേൽ ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിന്നു ഏബെൻ-ഏസെർ എന്നു പേരിട്ടു. 13ഇങ്ങനെ ഫെലിസ്ത്യർ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യൎക്കു വിരോധമായിരുന്നു. 14എക്രോൻമുതൽ ഗത്ത്‌വരെ ഫെലിസ്ത്യർ യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിന്നു തിരികെ കിട്ടി; അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിച്ചു. യിസ്രായേലും അമോൎയ്യരും തമ്മിൽ സമാധാനമായിരുന്നു. 15ശമൂവേൽ ജീവപൎയ്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു. 16അവൻ ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവെച്ചു യിസ്രായേലിന്നു ന്യായപാലനം ചെയ്തിട്ടു രാമയിലേക്കു മടങ്ങിപ്പോരും; 17അവിടെയായിരുന്നു അവന്റെ വീടു; അവിടെവെച്ചും അവൻ യിസ്രായേലിന്നു ന്യായപാലനം നടത്തിവന്നു; യഹോവെക്കു അവിടെ ഒരു യാഗപീഠവും പണിതിരുന്നു.

Copyright information for Mal1910