‏ 2 Chronicles 2

1അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു. 2ശലോമോൻ എഴുപതിനായിരം ചുമട്ടുകാരെയും മലയിൽ എണ്പതിനായിരം കല്ലുവെട്ടുകാരെയും അവൎക്കു മേൽവിചാരകന്മാരായി മൂവായിരത്തറുനൂറുപേരെയും നിയമിച്ചു. 3പിന്നെ ശലോമോൻ സോർരാജാവായ ഹൂരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് തനിക്കു പാൎപ്പാൻ ഒരു അരമന പണിയേണ്ടതിന്നു അവന്നു ദേവദാരു കൊടുത്തയച്ചതിൽ നീ അവനോടു പെരുമാറിയതുപോലെ എന്നോടു ചെയ്യേണം. 4ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരാലയം പണിവാൻ പോകുന്നു; അതു അവന്നു പ്രതിഷ്ഠിച്ചിട്ടു അതിൽ അവന്റെ സന്നിധിയിൽ സുഗന്ധധൂപം കാട്ടുവാനും നിരന്തരമായ കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നേ. ഇതു യിസ്രായേലിന്നു ഒരു ശാശ്വതനിയമം ആകുന്നു. 5ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാൽ ഞാൻ പണിവാൻപോകുന്ന ആലയം വലിയതു. 6എന്നാൽ അവന്നു ആലയം പണിവാൻ പ്രാപ്തിയുള്ളവൻ ആർ? സ്വൎഗ്ഗത്തിലും സ്വൎഗ്ഗാധിസ്വൎഗ്ഗത്തിലും അവൻ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയിൽ ധൂപം കാട്ടുവാനല്ലാതെ അവന്നു ഒരു ആലയം പണിയേണ്ടതിന്നു ഞാൻ ആർ? 7ആകയാൽ എന്റെ അപ്പനായ ദാവീദ് കരുതിയവരായി എന്റെ അടുക്കൽ യെഹൂദയിലും യെരൂശലേമിലും ഉള്ള കൌശലപ്പണിക്കാരോടുകൂടെ പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, ധൂമ്രനൂൽ, ചുവപ്പുനൂൽ, നീലനൂൽ എന്നിവകൊണ്ടു പണിചെയ്‌വാൻ സമൎത്ഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരു ആളെ എന്റെ അടുക്കൽ അയച്ചുതരേണം. 8ലെബാനോനിൽനിന്നു ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്കു അയച്ചുതരേണം; നിന്റെ വേലക്കാർ ലെബാനോനിൽ മരംവെട്ടുവാൻ സമൎത്ഥന്മാരെന്നു എനിക്കറിവുണ്ടു; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാൻ എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഇരിക്കും. 9ഞാൻ പണിവാനിരിക്കുന്ന ആലയം വലിയതും അത്ഭുതകരവും ആയിരിക്കേണം. 10മരംവെട്ടുകാരായ നിന്റെ വേലക്കാൎക്കു ഞാൻ ഇരുപതിനായിരം കോർ കോതമ്പരിയും ഇരുപതിനായിരം കോർ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും. 11സോർരാജാവായ ഹൂരാം ശലോമോന്നു: യഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവൎക്കു രാജാവാക്കിയിരിക്കുന്നു എന്നു മറുപടി എഴുതി അയച്ചു. 12ഹൂരാം പിന്നെയും പറഞ്ഞതു: യഹോവെക്കു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയേണ്ടതിന്നു ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദ് രാജാവിന്നു നല്കിയവനായി ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. 13ഇപ്പോൾ ഞാൻ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയച്ചിരിക്കുന്നു. 14അവൻ ഒരു ദാന്യസ്ത്രീയുടെ മകൻ; അവന്റെ അപ്പൻ ഒരു സോൎയ്യൻ. പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, കല്ലു, മരം, ധൂമ്രനൂൽ, നീലനൂൽ, ചണനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു പണിചെയ്‌വാനും ഏതുവിധം കൊത്തുപണി ചെയ്‌വാനും നിന്റെ കൌശലപ്പണിക്കാരോടും നിന്റെ അപ്പനും എന്റെ യജമാനനുമായ ദാവീദിന്റെ കൌശലപ്പണിക്കാരോടുംകൂടെ അവന്നു ഏല്പിക്കുന്ന ഏതു കൌശലപ്പണിയും സങ്കല്പിപ്പാനും അവൻ സമൎത്ഥൻ ആകുന്നു. 15ആകയാൽ യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാൎക്കു കൊടുത്തയക്കട്ടെ. 16എന്നാൽ ഞങ്ങൾ നിന്റെ ആവശ്യംപോലെയൊക്കെയും ലെബാനോനിൽനിന്നു മരംവെട്ടി ചങ്ങാടംകെട്ടി കടൽവഴിയായി യാഫോവിൽ എത്തിച്ചുതരും; നീ അതു യെരൂശലേമിലേക്കു കൊണ്ടുപോകേണം. 17അനന്തരം ശലോമോൻ യിസ്രായേൽദേശത്തിലെ അന്യന്മാരെ ഒക്കെയും തന്റെ അപ്പനായ ദാവീദ് എണ്ണംനോക്കിയതുപോലെ എണ്ണം എടുത്താറെ ഒരു ലക്ഷത്തമ്പത്തിമൂവായിരത്തറുനൂറുപേർ എന്നു കണ്ടു. 18അവരിൽ എഴുപതിനായിരംപേരെ ചുമട്ടുകാരായിട്ടും എൺപതിനായിരം പേരെ മലയിൽ കല്ലുവെട്ടുകാരായിട്ടും മൂവായിരത്തറുനൂറുപേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാൻ മേൽ വിചാരകരായിട്ടും നിയമിച്ചു.

Copyright information for Mal1910