‏ 2 Kings 15

1യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസൎയ്യാവു രാജാവായി. 2അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു പതിനാറു വയസ്സായിരുന്നു; അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു; യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഖോല്യാ എന്നു പേർ. 3അവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. 4എങ്കിലും പൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു. 5എന്നാൽ യഹോവ ഈ രാജാവിനെ ബാധിച്ചു. അവൻ ജീവപൎയ്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയിൽ പാൎത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിന്നു ന്യായപാലനം ചെയ്തു. 6അസൎയ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 7അസൎയ്യാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ അവനെ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.

8യെഹൂദാരാജാവായ അസൎയ്യാവിന്റെ മുപ്പത്തെട്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ സെഖൎയ്യാവു യിസ്രായേലിന്നു രാജാവായി ശമൎയ്യയിൽ ആറു മാസം വാണു. 9അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല. 10യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പിൽവെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി. 11സെഖൎയ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 12യഹോവ യേഹൂവോടു: നിന്റെ പുത്രന്മാർ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.

13യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തൊമ്പതാം ആണ്ടിൽ യാബേശിന്റെ മകനായ ശല്ലൂം രാജാവായി ശമൎയ്യയിൽ ഒരു മാസം വാണു. 14എന്നാൽ ഗാദിയുടെ മകനായ മെനഹേം തിസ്സയിൽനിന്നു പുറപ്പെട്ടു ശമൎയ്യയിൽ വന്നു, യാബേശിന്റെ മകനായ ശല്ലൂമിനെ ശമൎയ്യയിൽവെച്ചു വെട്ടിക്കൊന്നു അവന്നു പകരം രാജാവായി. 15ശല്ലൂമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

16മെനഹേം തിപ്സഹും അതിലുള്ള സകലവും തിൎസ്സാതൊട്ടു അതിന്നു ചേൎന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവർ പട്ടണവാതിൽ തുറന്നു കൊടുക്കായ്കയാൽ അവൻ അതിനെ ശൂന്യമാക്കുകയും അതിലെ ഗൎഭിണികളെയൊക്കെയും പിളൎന്നുകളകയും ചെയ്തു. 17യെഹൂദാരാജാവായ അസൎയ്യാവിന്റെ മുപ്പത്തൊമ്പതാം ആണ്ടിൽ ഗാദിയുടെ മകൻ മെനഹേം യിസ്രായേലിന്നു രാജാവായി ശമൎയ്യയിൽ പത്തു സംവത്സരം വാണു. 18അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ ജീവപൎയ്യന്തം വിട്ടുമാറിയതുമില്ല. 19അശ്ശൂർ രാജാവായ പൂൽ ദേശത്തെ ആക്രമിച്ചു; പൂൽ തന്നെ സഹായിക്കേണ്ടതിന്നും രാജത്വം തനിക്കു ഉറക്കേണ്ടതിന്നുമായി മെനഹേം അവന്നു ആയിരം താലന്തു വെള്ളി കൊടുത്തു. 20അശ്ശൂർ രാജാവിന്നു കൊടുപ്പാൻ മെനഹേം ഈ ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെൽ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂർരാജാവു ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി. 21മെനഹേമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 22മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവു അവന്നു പകരം രാജാവായി.

23യെഹൂദാരാജാവായ അസൎയ്യാവിന്റെ അമ്പതാം ആണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവു യിസ്രായേലിന്നു രാജാവായി ശമൎയ്യയിൽ രണ്ടു സംവത്സരം വാണു. 24അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല. 25എന്നാൽ അവന്റെ അകമ്പടിനായകനായി രെമല്യാവിന്റെ മകനായ പേക്കഫ് അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, ഗിലെയാദ്യരിൽ അമ്പതുപേരെ തുണകൂട്ടി ശമൎയ്യാരാജധാനിയുടെ കോട്ടയിൽവെച്ചു അവനെ അൎഗ്ഗോബിനോടും അൎയ്യേയോടുംകൂടെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി. 26പെക്കഹ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

27യെഹൂദാരാജാവായ അസൎയ്യാവിന്റെ അമ്പത്തിരണ്ടാം ആണ്ടിൽ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിന്നു രാജാവായി ശമൎയ്യയിൽ ഇരുപതു സംവത്സരം വാണു. 28അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല. 29യിസ്രായേൽരാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ വന്നു ഈയോനും ആബേൽ-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി. 30എന്നാൽ ഏലാവിന്റെ മകനായ ഹോശേയ, രെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടിൽ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി. 31പേക്കഹിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

32യിസ്രായേൽരാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകൻ യോഥാം രാജാവായി. 33അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേർ; അവൾ സാദോക്കിന്റെ മകൾ ആയിരുന്നു. 34അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും ചെയ്തു. 35എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവൻ യഹോവയുടെ ആലയത്തിന്റെ മേലത്തെ വാതിൽ പണിതു. 36യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 37ആ കാലത്തു യഹോവ അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യെഹൂദെക്കു നേരെ അയച്ചുതുടങ്ങി. 38യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.

Copyright information for Mal1910