2 Samuel 1
1ശൌൽ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗിൽ രണ്ടു ദിവസം പാൎക്കയും ചെയ്ത ശേഷം 2മൂന്നാം ദിവസം ഒരു ആൾ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൌലിന്റെ പാളയത്തിൽനിന്നു വന്നു, ദാവീദിന്റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു. 3ദാവീദ് അവനോടു: നീ എവിടെ നിന്നു വരുന്നു എന്നു ചോദിച്ചതിന്നു: ഞാൻ യിസ്രായേൽപാളയത്തിൽനിന്നു ഓടിപ്പോരികയാകുന്നു എന്നു അവൻ പറഞ്ഞു. 4ദാവീദ് അവനോടു: കാൎയ്യം എന്തായി? പറക എന്നു ചോദിച്ചു. അതിന്നു അവൻ: ജനം പടയിൽ തോറ്റോടി; ജനത്തിൽ അനേകർ പട്ടുവീണു; ശൌലും അവന്റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്നു ഉത്തരം പറഞ്ഞു. 5വൎത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൌലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചതിന്നു 6വൎത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ പറഞ്ഞതു: ഞാൻ യദൃച്ഛയാ ഗിൽബോവപൎവ്വതത്തിലേക്കു ചെന്നപ്പോൾ ശൌൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടൎന്നടുക്കുന്നതും കണ്ടു; 7അവൻപിറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: അടിയൻ ഇതാ എന്നു ഞാൻ ഉത്തരം പറഞ്ഞു. 8നീ ആരെന്നു അവൻ എന്നോടു ചോദിച്ചതിന്നു: ഞാൻ ഒരു അമാലേക്യൻ എന്നു ഉത്തരം പറഞ്ഞു. 9അവൻഎന്നോടു: നീ അടുത്തുവന്നു എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ടു എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു. 10അതുകൊണ്ടു ഞാൻ അടുത്തുചെന്നു അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കയില്ല എന്നു ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാൻ എടുത്തു ഇവിടെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു. 11ഉടനെ ദാവീദ് തന്റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു. 12അവർ ശൌലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ചു അവർ വാളാൽ വീണുപോയതുകൊണ്ടു വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു. 13ദാവീദ് വൎത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു: നീ എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു: ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ എന്നു അവൻ ഉത്തരം പറഞ്ഞു. 14ദാവീദ് അവനോടു: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു. 15പിന്നെ ദാവീദ് ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു പറഞ്ഞു. 16അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോടു: നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടു തന്നേ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു. 17അനന്തരം ദാവീദ് ശൌലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ചു ഈ വിലാപഗീതം ചൊല്ലി - 18അവൻ യെഹൂദാമക്കളെ ഈ ധനുൎഗ്ഗീതം അഭ്യസിപ്പിപ്പാൻ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:- 19യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി;വീരന്മാർ പട്ടുപോയതു എങ്ങനെ!
20ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ;
അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ;
ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ;
അഗ്രചൎമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ.
21ഗിൽബോവപൎവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും
വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ.
അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു;
ശൌലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ.
22നിഹതന്മാരുടെ രക്തവും
വീരന്മാരുടെ മേദസ്സും വിട്ടു
യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല;
ശൌലിന്റെ വാൾ വൃഥാ പോന്നതുമില്ല.
23ശൌലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു;
മരണത്തിലും അവർ വേർപിരിഞ്ഞില്ല.
അവർ കഴുകനിലും വേഗവാന്മാർ,
സിംഹത്തിലും വീൎയ്യവാന്മാർ.
24യിസ്രായേൽപുത്രിമാരേ,
ശൌലിനെച്ചൊല്ലി കരവിൻ
അവൻ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു
നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു.
25യുദ്ധമദ്ധ്യേ വീരന്മാർ പട്ടുപോയതെങ്ങിനെ!
നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ.
26യോനാഥാനേ, എന്റെ സഹോദരാ,
നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു;
നീ എനിക്കു അതിവത്സലൻ ആയിരുന്നു;
നിൻപ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയതു.
27വീരന്മാർ പട്ടുപോയതു എങ്ങനെ;
യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!
Copyright information for
Mal1910