Deuteronomy 25
1മനുഷ്യൎക്കു തമ്മിൽ വ്യവഹാരം ഉണ്ടായിട്ടു അവർ ന്യായാസനത്തിങ്കൽ വരികയും അവരുടെ കാൎയ്യം വിസ്തരിക്കയും ചെയ്യുമ്പോൾ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയുംവേണം. 2കുറ്റക്കാരൻ അടിക്കു യോഗ്യനാകുന്നു എങ്കിൽ ന്യായാധിപൻ അവനെ നിലത്തു കിടത്തി അവന്റെ കുറ്റത്തിന്നു തക്കവണ്ണം എണ്ണി അടിപ്പിക്കേണം. 3നാല്പതു അടി അടിപ്പിക്കാം; അതിൽ കവിയരുതു; കവിഞ്ഞു അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിന്നു നിന്ദിതനായ്തീൎന്നേക്കാം. 4കാള മെതിക്കുമ്പോൾ അതിന്നു മുഖക്കൊട്ട കെട്ടരുതു. 5സഹോദരന്മാർ ഒന്നിച്ചു പാൎക്കുമ്പോൾ അവരിൽ ഒരുത്തൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാൎയ്യ പുറത്തുള്ള ഒരുത്തന്നു ആകരുതു; ഭൎത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്നു അവളെ ഭാൎയ്യയായി പരിഗ്രഹിച്ചു അവളോടു ദേവരധൎമ്മം നിവൎത്തിക്കേണം. 6മരിച്ചുപോയ സഹോദരന്റെ പേർ യിസ്രായേലിൽ മാഞ്ഞുപോകാതിരിക്കേണ്ടതിന്നു അവൾ പ്രസവിക്കുന്ന ആദ്യജാതനെ അവന്റെ പേൎക്കു കണക്കു കൂട്ടേണം. 7സഹോദരന്റെ ഭാൎയ്യയെ പരിഗ്രഹിപ്പാൻ അവന്നു മനസ്സില്ലെങ്കിൽ അവൾ പട്ടണവാതില്ക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്നു: എന്റെ ദേവരന്നു തന്റെ സഹോദരന്റെ പേർ യിസ്രായേലിൽ നിലനിൎത്തുവാൻ ഇഷ്ടമില്ല; എന്നോടു ദേവരധൎമ്മം നിവൎത്തിപ്പാൻ അവന്നു മനസ്സില്ല എന്നു പറയേണം. 8അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ചു അവനോടു സംസാരിക്കേണം; എന്നാൽ ഇവളെ പരിഗ്രഹിപ്പാൻ എനിക്കു മനസ്സില്ല എന്നു അവൻ ഖണ്ഡിച്ചു പറഞ്ഞാൽ 9അവന്റെ സഹോദരന്റെ ഭാൎയ്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്നു അവന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചു അവന്റെ മുഖത്തു തുപ്പി: സഹോദരന്റെ വീടു പണിയാത്ത പുരുഷനോടു ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയേണം. 10ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്നു യിസ്രായേലിൽ അവന്റെ കുടുംബത്തിന്നു പേർ പറയും. 11പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ ഒരുത്തന്റെ ഭാൎയ്യ ഭൎത്താവിനെ അടിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കേണ്ടതിന്നു അടുത്തുചെന്നു കൈ നീട്ടി അവന്റെ ഗുപ്താംഗം പിടിച്ചാൽ 12അവളുടെ കൈ വെട്ടിക്കളയേണം; അവളോടു കനിവു തോന്നരുതു. 13നിന്റെ സഞ്ചിയിൽ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുതു. 14നിന്റെ വീട്ടിൽ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുതു. 15നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ ദീൎഘായുസ്സോടിരിക്കേണ്ടതിന്നു നിന്റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെതന്നേ നിന്റെ പറയും ഒത്തതും ന്യായമായതുമായിരിക്കേണം. 16ഈ വകയിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു. 17നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടു വരുമ്പോൾ വഴിയിൽവെച്ചു അമാലേക്ക് നിന്നോടു ചെയ്തതു, 18അവൻ ദൈവത്തെ ഭയപ്പെടാതെ വഴിയിൽ നിന്റെ നേരെ വന്നു നീ ക്ഷീണിച്ചും തളൎന്നും ഇരിക്കുമ്പോൾ നിന്റെ പിമ്പിൽ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ച കാൎയ്യം തന്നേ ഓൎത്തുകൊൾക. 19ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി അടക്കുവാൻ തരുന്ന ദേശത്തു ചുറ്റുമുള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓൎമ്മയെ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുതു.
Copyright information for
Mal1910