‏ Deuteronomy 27

1മോശെ യിസ്രായേൽമൂപ്പന്മാരോടുകൂടെ ജനത്തോടു കല്പിച്ചതു എന്തെന്നാൽ: ഞാൻ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിൻ. 2നിങ്ങൾ യോൎദ്ദാൻ കടന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തുന്ന ദിവസം നീ വലിയ കല്ലുകൾ നാട്ടി അവെക്കു കുമ്മായം തേക്കേണം: 3നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു ചെല്ലുവാൻ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതേണം. 4ആകയാൽ നിങ്ങൾ യോൎദ്ദാൻ കടന്നിട്ടു ഞാൻ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ കല്ലുകൾ ഏബാൽപൎവ്വത്തിൽ നാട്ടുകയും അവെക്കു കുമ്മായം തേക്കുകയും വേണം. 5അവിടെ നിന്റെ ദൈവമായ യഹോവെക്കു കല്ലുകൊണ്ടു ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരിമ്പു തൊടുവിക്കരുതു. 6ചെത്താത്ത കല്ലുകൊണ്ടു നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്റെ ദൈവമായ യഹോവെക്കു ഹോമയാഗങ്ങൾ അൎപ്പിക്കേണം. 7സമാധാനയാഗങ്ങളും അൎപ്പിച്ചു അവിടെവെച്ചു തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കയും വേണം; 8ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.

9മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും: യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായി തീൎന്നിരിക്കുന്നു. 10ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്കു അനുസരിച്ചു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.

11അന്നു മോശെ ജനത്തോടു കല്പിച്ചതു എന്തെന്നാൽ: 12നിങ്ങൾ യോൎദ്ദാൻ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാൻ ഗെരിസീംപൎവ്വതത്തിൽ നില്ക്കേണ്ടുന്നവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബേന്യാമീൻ. 13ശപിപ്പാൻ ഏബാൽപൎവ്വതത്തിൽ നിൽക്കേണ്ടന്നവരോ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി. 14അപ്പോൾ ലേവ്യർ എല്ലായിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടതു എന്തെന്നാൽ:

15ശില്പിയുടെ കൈപ്പണിയായി യഹോവെക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാൎത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു ഉത്തരം പറയേണം.

16അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

17കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

18കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

19പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

20അപ്പന്റെ ഭാൎയ്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

21വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

22അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്നു പറയേണം.

23അമ്മാവിയമ്മയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

24കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

25കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന്നു പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

26ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി അനുസരിച്ചു നടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

Copyright information for Mal1910