‏ Genesis 41

1രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടതെന്തെന്നാൽ: 2അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. 3അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽ നിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു. 4മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണൎന്നു. 5അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങി വന്നു. 6അവയുടെ പിന്നാലെ നേൎത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. 7നേൎത്ത ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണൎന്നു, അതു സ്വപ്നം എന്നു അറിഞ്ഞു. 8പ്രാതഃകാലത്തു അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോടു തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാൻ ആൎക്കും കഴിഞ്ഞില്ല. 9അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞതു: ഇന്നു ഞാൻ എന്റെ കുറ്റം ഓൎക്കുന്നു. 10ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ. 11അവിടെവെച്ചു ഞാനും അവനും ഒരു രാത്രിയിൽ തന്നേ സ്വപ്നം കണ്ടു; വെവ്വേറെ അൎത്ഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തൻ കണ്ടതു. 12അവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൌവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോടു അറിയിച്ചാറെ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അൎത്ഥം പറഞ്ഞുതന്നു. 13അവൻ അൎത്ഥം പറഞ്ഞതുപോലെ തന്നേ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്തു ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ. 14ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്നു ഇറക്കി; അവൻ ക്ഷൌരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു. 15ഫറവോൻ യോസേഫിനോടു: ഞാൻ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാൻ ആരുമില്ല; എന്നാൽ നീ ഒരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു എന്നു പറഞ്ഞു. 16അതിന്നു യോസേഫ് ഫറവോനോടു: ഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നല്കും എന്നു പറഞ്ഞു. 17പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞതു: എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു. 18അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. 19അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീംദേശത്തു എങ്ങും കണ്ടിട്ടില്ല. 20എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു; 21ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്നു അറിവാനില്ലായിരന്നു; അവ മുമ്പിലത്തെപ്പോലെ തന്നേ വിരൂപമുള്ളവ ആയിരുന്നു. അപ്പോൾ ഞാൻ ഉണൎന്നു. 22പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടതു: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പൊങ്ങിവന്നു. 23അവയുടെ പിന്നാലെ ഉണങ്ങിയും നേൎത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. 24നേൎത്ത കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാൻ ആൎക്കും കഴിഞ്ഞില്ല. 25അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞതു: ഫറവോന്റെ സ്വപ്നം ഒന്നുതന്നേ; താൻ ചെയ്‌വാൻ ഭാവിക്കുന്നതു ദൈവം ഫറവോന്നു വെളിപ്പെടുത്തിയിരിക്കുന്നു. 26ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നു തന്നേ. 27അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരം ആകുന്നു. 28ദൈവം ചെയ്‌വാൻ ഭാവിക്കുന്നതു ഫറവോന്നു കാണിച്ചു തന്നിരിക്കുന്നു. അതാകുന്നു ഞാൻ ഫറവോനോടു പറഞ്ഞതു. 29മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും. 30അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോൾ മിസ്രയീംദേശത്തു ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശം ഒക്കെയും ക്ഷയിച്ചുപോകും. 31പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും. 32ഫറവോന്നു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാൎയ്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു. 33ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ചു മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം. 34അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തിൽ മിസ്രയീംദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം. 35ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്റെ അധീനത്തിൽ ധാന്യം സൂക്ഷിച്ചുവെക്കേണം. 36ആ ധാന്യം മിസ്രയീംദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴുസംവത്സരത്തേക്കു ദേശത്തിന്നു സംഗ്രഹമായിട്ടിരിക്കേണം; എന്നാൽ ദേശം ക്ഷാമംകൊണ്ടു നശിക്കയില്ല. 37ഈ വാക്കു ഫറവോന്നും അവന്റെ സകലഭൃത്യന്മാൎക്കും ബോധിച്ചു. 38ഫറവോൻ തന്റെ ഭൃത്യന്മാരോടു: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു. 39പിന്നെ ഫറവോൻ യോസേഫിനോടു: ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല. 40നീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും എന്നു പറഞ്ഞു. 41ഇതാ, മിസ്രയീംദേശത്തിന്നൊക്കെയും ഞാൻ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു, എന്നും ഫറവോൻ യോസേഫിനോടു പറഞ്ഞു. 42ഫറവോൻ തന്റെ കയ്യിൽനിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈക്കു ഇട്ടു, അവനെ നേൎമ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വൎണ്ണസരപ്പളിയും അവന്റെ കഴുത്തിൽ ഇട്ടു. 43തന്റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിൻ എന്നു അവന്റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിന്നൊക്കെയും മേലധികാരിയാക്കി. 44പിന്നെ ഫറവോൻ യോസേഫിനോടു: ഞാൻ ഫറവോൻ ആകുന്നു; നിന്റെ കല്പന കൂടാതെ മിസ്രയീംദേശത്തു എങ്ങും യാതൊരുത്തനും കയ്യോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു. 45ഫറവോൻ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന്നു ഭാൎയ്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു. 46യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ടു മിസ്രയീംദേശത്തു ഒക്കെയും സഞ്ചരിച്ചു. 47എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു. 48മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു. 49അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചു വെച്ചു; അളപ്പാൻ കഴിവില്ലായ്കയാൽ അളവു നിൎത്തിക്കളഞ്ഞു. 50ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു. 51എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതന്നു മനശ്ശെ എന്നു പേരിട്ടു. 52സങ്കടദേശത്തു ദൈവം എന്നെ വൎദ്ധിപ്പിച്ചു എന്നു പറഞ്ഞു, അവൻ രണ്ടാമത്തവന്നു എഫ്രയീം എന്നു പേരിട്ടു. 53മിസ്രയീംദേശത്തുണ്ടായ സുഭിക്ഷതയുള്ള ഏഴു സംവത്സരം കഴിഞ്ഞപ്പോൾ 54യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ മിസ്രയീംദേശത്തു എല്ലാടവും ആഹാരം ഉണ്ടായിരുന്നു. 55പിന്നെ മിസ്രയീംദേശത്തു എല്ലാടവും ക്ഷാമം ഉണ്ടായപ്പോൾ ജനങ്ങൾ ആഹാരത്തിന്നായി ഫറവോനോടു നിലവിളിച്ചു; ഫറവോൻ മിസ്രയീമ്യരോടു ഒക്കെയും: നിങ്ങൾ യോസേഫിന്റെ അടുക്കൽ ചെല്ലുവിൻ; അവൻ നിങ്ങളോടു പറയുംപോലെ ചെയ്‌വിൻ എന്നു പറഞ്ഞു. 56ക്ഷാമം ഭൂതലത്തിലൊക്കെയും ഉണ്ടായി; യോസേഫ് പാണ്ടികശാലകൾ ഒക്കെയും തുറന്നു, മിസ്രയീമ്യൎക്കു ധാന്യം വിറ്റു; ക്ഷാമം മിസ്രയീംദേശത്തും കഠിനമായ്തീൎന്നു. 57ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായയ്തീൎന്നതുകൊണ്ടു സകലദേശക്കാരും ധാന്യം കൊള്ളുവാൻ മിസ്രയീമിൽ യോസേഫിന്റെ അടുക്കൽ വന്നു.

Copyright information for Mal1910