‏ Jeremiah 35

1യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ കാലത്തു യിരെമ്യാവിന്നു യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ: 2നീ രേഖാബ്യഗൃഹത്തിന്റെ അടുക്കൽ ചെന്നു, അവരോടു സംസാരിച്ചു അവരെ യഹോവയുടെ ആലയത്തിന്റെ ഒരു മുറിയിൽ കൊണ്ടുവന്നു അവൎക്കു വീഞ്ഞുകുടിപ്പാൻ കൊടുക്ക. 3അങ്ങനെ ഞാൻ ഹബസിന്യാവിന്റെ മകനായ യിരെമ്യാവിന്റെ മകൻ യയസന്യാവെയും അവന്റെ സഹോദരന്മാരെയും അവന്റെ സകലപുത്രന്മാരെയും രേഖാബ്യഗൃഹം മുഴുവനെയും കൂട്ടി 4യഹോവയുടെ ആലയത്തിൽ പ്രഭുക്കന്മാരുടെ മുറിക്കരികെ ശല്ലൂമിന്റെ മകനായ വാതിൽ കാവല്ക്കാരൻ മയസേയാവിന്റെ മുറിക്കു മീതെ ഇഗ്ദല്യാവിന്റെ മകനും ദൈവപുരുഷനുമായ ഹാനാന്റെ പുത്രന്മാരുടെ മുറിയിൽ കൊണ്ടുവന്നു. 5പിന്നെ ഞാൻ, രേഖാബ്യഗൃഹക്കാരുടെ മുമ്പിൽ വീഞ്ഞു നിറെച്ച കുടങ്ങളും പാനപാത്രങ്ങളും വെച്ചു അവരോടു: വീഞ്ഞു കുടിപ്പിൻ എന്നു പറഞ്ഞു. 6അതിന്നു അവർ പറഞ്ഞതു: ഞങ്ങൾ വീഞ്ഞു കുടിക്കയില്ല; രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു: നിങ്ങൾ ചെന്നു പാൎക്കുന്ന ദേശത്തു ദീൎഘയുസ്സോടെ ഇരിക്കേണ്ടതിന്നു 7നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുതു; വീടു പണിയരുതു; വിത്തു വിതെക്കരുതു; മുന്തിരിത്തോട്ടം ഉണ്ടാക്കരുതു; ഈവക ഒന്നും നിങ്ങൾക്കുണ്ടാകയുമരുതു; നിങ്ങൾ ജീവപൎയ്യന്തം കൂടാരങ്ങളിൽ പാൎക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു. 8അങ്ങനെ ഞങ്ങളും ഭാൎയ്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്തൊരിക്കലും വീഞ്ഞു കുടിക്കയോ 9പാൎപ്പാൻ വീടു പണികയോ ചെയ്യാതെ രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ച സകലത്തിലും അവന്റെ വാക്കു കേട്ടനുസരിച്ചുവരുന്നു; ഞങ്ങൾക്കു മുന്തിരിത്തോട്ടവും വയലും വിത്തും ഇല്ല. 10ഞങ്ങൾ കൂടാരങ്ങളിൽ പാൎത്തു, ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും അനുസരിച്ചു നടക്കുന്നു. 11എന്നാൽ ബാബേൽരാജാവായ നെബൂഖദ്നേസർ ദേശത്തെ ആക്രമിച്ചപ്പോൾ ഞങ്ങൾ: വരുവിൻ കല്ദയരുടെ സൈന്യത്തിന്റെയും അരാമ്യരുടെ സൈന്യത്തിന്റെയും മുമ്പിൽനിന്നു നമുക്കു യെരൂശലേമിലേക്കു പോയ്ക്കളയാം എന്നു പറഞ്ഞു; അങ്ങനെ ഞങ്ങൾ യെരൂശലേമിൽ പാൎത്തുവരുന്നു. 12അപ്പോൾ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ: 13യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേം നിവാസികളോടും പറയേണ്ടതു: എന്റെ വചനങ്ങളെ അനുസരിക്കേണ്ടതിന്നു നിങ്ങൾ പ്രബോധനം കൈക്കൊള്ളുന്നില്ലയോ? എന്നു യഹോവയുടെ അരുളപ്പാടു. 14രേഖാബിന്റെ മകനായ യോനാദാബ് തന്റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചതു അവർ നിവൎത്തിക്കുന്നു; അവർ പിതാവിന്റെ കല്പന പ്രമാണിച്ചു ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാൽ ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ എന്നെ അനുസരിച്ചിട്ടില്ല. 15നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമ്മാൎഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ പ്രവൃത്തികളെ നന്നാക്കുവിൻ; അന്യദേവന്മാരോടു ചേൎന്നു അവരെ സേവിക്കരുതു; അപ്പോൾ ഞാൻ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാൎക്കും തന്ന ദേശത്തു നിങ്ങൾ വസിക്കുമെന്നിങ്ങനെ പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും ഞാൻ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങൾ ചെവി ചായിക്കയോ എന്റെ വാക്കു കേട്ടനുസരിക്കയോ ചെയ്തിട്ടില്ല. 16രേഖാബിന്റെ മകനായ യോനാദാബിന്റെ പുത്രന്മാർ അവരുടെ പിതാവു കല്പിച്ച കല്പന പ്രമാണിച്ചിരിക്കുന്നു; ഈ ജനമോ, എന്റെ വാക്കു കേട്ടനുസരിച്ചിട്ടില്ല. 17അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ പറഞ്ഞിട്ടും അവർ കേൾക്കയോ വിളിച്ചിട്ടും അവർ ഉത്തരം പറകയോ ചെയ്യായ്കകൊണ്ടു, ഞാൻ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും ഞാൻ അവൎക്കു വിധിച്ചിരിക്കുന്ന അനൎത്ഥമൊക്കെയും വരുത്തും. 18പിന്നെ യിരെമ്യാവു രേഖാബ്യഗൃഹത്തോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്പന പ്രമാണിച്ചു അവന്റെ ആജ്ഞയൊക്കെയും അനുസരിച്ചു അവൻ കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കകൊണ്ടു, 19എന്റെ മുമ്പാകെ നില്പാൻ രേഖാബിന്റെ മകനായ യോനാദാബിന്നു ഒരു പുരുഷൻ ഒരിക്കലും ഇല്ലാതെ വരികയില്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

Copyright information for Mal1910