‏ John 13

1പെസഹപെരുനാളിന്നു മുമ്പെ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു. 2അത്താഴം ആയപ്പോൾ പിശാചു, ശിമോന്റെ മകനായ യൂദാ ഈസ്ക്കൎയ്യോത്താവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു; 3പിതാവു സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ 4അത്താഴത്തിൽ നിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവൎത്തു എടുത്തു അരയിൽ ചുറ്റി 5ഒരു പാത്രത്തിൽ വെള്ളം പകൎന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവൎത്തുവാനും തുടങ്ങി. 6അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോടു: കൎത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു. 7യേശു അവനോടു: ഞാൻ ചെയ്യുന്നതു നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്നു ഉത്തരം പറഞ്ഞു. 8നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്: 9കൎത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു. 10യേശു അവനോടു: കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു. 11തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞതു.

12അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു: ഞാൻ നിങ്ങൾക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ? 13നിങ്ങൾ എന്നെ ഗുരുവെന്നും കൎത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി. 14കൎത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. 15ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു. 16ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. 17ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ. 18നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയൎത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു. 19അതു സംഭവിക്കുമ്പോൾ ഞാൻ തന്നേ മശീഹ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു. 20ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.

21ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു. 22ഇതു ആരെക്കുറിച്ചു പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി. 23ശിഷ്യന്മാരിൽ വെച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാൎവ്വിടത്തു ചാരിക്കൊണ്ടിരുന്നു. 24ശിമോൻ പത്രൊസ് അവനോടു ആംഗ്യം കാട്ടി, അവൻ പറഞ്ഞതു ആരെക്കൊണ്ടു എന്നു ചോദിപ്പാൻ പറഞ്ഞു. 25അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കൎത്താവേ, അതു ആർ എന്നു ചോദിച്ചു. 26ഞാൻ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവൻ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കൎയ്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു. 27ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു; യേശു അവനോടു: നീ ചെയ്യുന്നതു വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു. 28എന്നാൽ ഇതു ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല. 29പണസ്സഞ്ചി യൂദയുടെ പക്കൽ ആകയാൽ പെരുനാളിന്നു വേണ്ടുന്നതു മേടിപ്പാനോ ദരിദ്രൎക്കു വല്ലതും കൊടുപ്പാനോ യേശു അവനോടു കല്പിക്കുന്നു എന്നു ചിലൎക്കു തോന്നി. 30ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി, അപ്പോൾ രാത്രി ആയിരുന്നു.

31അവൻ പോയശേഷം യേശു പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു; 32ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽ തന്നേ മഹത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്വപ്പെടുത്തും. 33കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു. 34നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. 35നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.

36ശിമോൻ പത്രൊസ് അവനോടു: കൎത്താവേ, നീ എവിടെ പോകന്നു എന്നു ചോദിച്ചതിന്നു: ഞാൻ പോകുന്ന ഇടത്തേക്കു നിനക്കു ഇപ്പോൾ എന്നെ അനുഗമിപ്പാൻ കഴികയില്ല; പിന്നെത്തേതിൽ നീ എന്നെ അനുഗമിക്കും എന്നു യേശു അവനോടു ഉത്തരം പറഞ്ഞു. 37പത്രൊസ് അവനോടു: കൎത്താവേ, ഇപ്പോൾ എനിക്കു നിന്നെ അനുഗമിപ്പാൻ കഴിയാത്തതു എന്തു? ഞാൻ എന്റെ ജീവനെ നിനക്കു വേണ്ടി വെച്ചുകളയും എന്നു പറഞ്ഞു. 38അതിന്നു യേശു: നിന്റെ ജീവനെ എനിക്കുവേണ്ടി വെച്ചുകളയുമോ? ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല എന്നു ഉത്തരം പറഞ്ഞു.

Copyright information for Mal1910