Joshua 10
1യോശുവ ഹായിപട്ടണം പിടിച്ചു നിൎമ്മൂലമാക്കി എന്നും അവൻ യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോൻ നിവാസികൾ യിസ്രായേലിനോടു സഖ്യത ചെയ്തു അവരുടെ കൂട്ടത്തിലായി എന്നും യെരൂശലേംരാജാവായ അദോനീ-സേദെക്ക് കേട്ടപ്പോൾ 2ഗിബെയോൻരാജനഗരങ്ങളിൽ ഒന്നുപോലെ വലിയോരു പട്ടണവും ഹായിയെക്കാൾ വലിയതും അവിടത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ടു അവർ ഏറ്റവും ഭയപ്പെട്ടു. 3ആകയാൽ യെരൂശലേംരാജാവായ അദോനീ-സേദെക്ക് ഹെബ്രോൻരാജാവായ ഹോഹാമിന്റെയും യൎമ്മൂത്ത്‌രാജാവായ പിരാമിന്റെയും ലാഖീശ്‌രാജാവായ യാഹീയയുടെയും എഗ്ലോൻ രാജാവായ ദെബീരിന്റെയും അടുക്കൽ ആളയച്ചു: 4ഗിബെയോൻ യോശുവയോടും യിസ്രായേൽമക്കളോടും സഖ്യതചെയ്കകൊണ്ടു നാം അതിനെ നശിപ്പിക്കേണ്ടതിന്നു എന്നെ സഹായിപ്പിൻ എന്നു പറയിച്ചു. 5ഇങ്ങനെ യെരൂശലേംരാജാവു, ഹെബ്രോൻരാജാവു, യൎമ്മൂത്ത്‌രാജാവു, ലാഖീശ്‌രാജാവു, എഗ്ലോൻരാജാവു എന്നീ അഞ്ചു അമോൎയ്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളൊക്കെയും ചെന്നു ഗിബെയോന്നുനേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു. 6അപ്പോൾ ഗിബെയോന്യർ ഗില്ഗാലിൽ പാളയത്തിലേക്കു യോശുവയുടെ അടുക്കൽ ആളയച്ചു: അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽ വന്നു ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ; പൎവ്വതങ്ങളിൽ പാൎക്കുന്ന അമോൎയ്യരാജാക്കന്മാർ ഒക്കെയും ഞങ്ങൾക്കു വിരോധമായിട്ടു ഒന്നിച്ചു കൂടിയിരിക്കുന്നു എന്നു പറയിച്ചു. 7എന്നാറെ യോശുവയും പടജ്ജനം ഒക്കെയും സകലപരാക്രമശാലികളും ഗില്ഗാലിൽനിന്നു പറപ്പെട്ടു. 8യഹോവ യോശുവയോടു: അവരെ ഭയപ്പെടരുതു; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നിൽക്കയില്ല എന്നു അരുളിച്ചെയ്തു. 9യോശുവ ഗില്ഗാലിൽനിന്നു പുറപ്പെട്ടു രാത്രി മുഴുവനും നടന്നു പെട്ടെന്നു അവരെ എതിൎത്തു. 10യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി. 11അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ബേത്ത്-ഹോരോൻ ഇറക്കത്തിൽവെച്ചു അസേക്കവരെ യഹോവ ആകാശത്തിൽനിന്നു വലിയ കല്ലു അവരുടെ മേൽ പെയ്യിച്ചു അവരെ കൊന്നു. യിസ്രായേൽമക്കൾ വാൾകൊണ്ടു കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു. 12എന്നാൽ യഹോവ അമോൎയ്യരെ യിസ്രായേൽമക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേൽമക്കൾ കേൾക്കെ: സൂൎയ്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നില്ക്ക എന്നു പറഞ്ഞു. 13ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂൎയ്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂൎയ്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു. 14യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന്നു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നേയായിരുന്നു യിസ്രായേലിന്നുവേണ്ടി യുദ്ധംചെയ്തതു. 15അനന്തരം യോശുവയും യിസ്രായേലൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിവന്നു. 16എന്നാൽ ആ രാജാക്കന്മാർ ഐവരും ഓടി മക്കേദയിലെ ഗുഹയിൽ ചെന്നു ഒളിച്ചു. 17രാജാക്കന്മാർ ഐവരും മക്കേദയിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കണ്ടു എന്നു യോശുവെക്കു അറിവുകിട്ടി. 18എന്നാറെ യോശുവ: ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലുകൾ ഉരുട്ടിവെച്ചു അവരെ കാക്കേണ്ടതിന്നു അവിടെ ആളെയാക്കുവിൻ; 19നിങ്ങളോ നില്ക്കാതെ ശത്രുക്കളെ പിന്തുടൎന്നു അവരുടെ പിൻപടയെ സംഹരിപ്പിൻ; പട്ടണങ്ങളിൽ കടപ്പാൻ അവരെ സമ്മതിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. 20അങ്ങനെ അവർ ഒടുങ്ങുംവരെ യോശുവയും യിസ്രായേൽമക്കളും അവരിൽ ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോൾ ശേഷിച്ചവർ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു. 21ജനമൊക്കെയും സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളിൽ യാതൊരുത്തന്റെയും നേരെ ആരും തന്റെ നാവു അനക്കിയതുമില്ല. 22പിന്നെ യോശുവ: ഗുഹയുടെ ദ്വാരത്തെ തുറന്നു രാജാക്കന്മാരെ ഐവരെയും ഗുഹയിൽനിന്നു എന്റെ അടുക്കൽ പുറത്തു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. 23അവർ അങ്ങനെ ചെയ്തു; യെരൂശലേംരാജാവു, ഹെബ്രോൻരാജാവു, യൎമ്മൂത്ത്‌രാജാവു, ലാഖീശ്‌രാജാവു, എഗ്ലോൻരാജാവു എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയിൽനിന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു. 24രാജാക്കന്മാരെ യോശുവയുടെ അടുക്കൽ കൊണ്ടുവന്നപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ ഒക്കെയും വിളിപ്പിച്ചു തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോടു: അടുത്തുവന്നു ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽവെപ്പിൻ എന്നു പറഞ്ഞു. അവർ അടുത്തുചെന്നു അവരുടെ കഴുത്തിൽ കാൽവെച്ചു. 25യോശുവ അവരോടു: ഭയപ്പെടരുതു, ശങ്കിക്കരുതു; ഉറപ്പും ധൈൎയ്യവും ഉള്ളവരായിരിപ്പിൻ; നിങ്ങൾ യുദ്ധംചെയ്യുന്ന സകലശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു. 26അതിന്റെ ശേഷം യോശുവ അവരെ വെട്ടിക്കൊന്നു അഞ്ചു മരത്തിന്മേൽ തൂക്കി. അവർ സന്ധ്യവരെ തൂങ്ങിക്കിടന്നു. 27സൂൎയ്യൻ അസ്തമിക്കുന്ന സമയത്തു യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിന്മേൽനിന്നു ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലു ഉരുട്ടിവെച്ചു; അതു ഇന്നുവരെയും അവിടെ ഇരിക്കുന്നു. 28അന്നു യോശുവ മക്കേദ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു അതിനെയും അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിൎമ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവൻ യെരീഹോരാജാവിനോടു ചെയ്തതുപോലെ തന്നേ മക്കേദാരാജാവിനോടും ചെയ്തു. 29യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദയിൽനിന്നു ലിബ്നെക്കുചെന്നു ലിബ്നെയോടു യുദ്ധംചെയ്തു. 30യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോടു ചെയ്തതുപോലെ അവർ അവിടത്തെ രാജാവിനോടും ചെയ്തു. 31യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയിൽനിന്നു ലാഖീശിന്നു ചെന്നു അതിന്റെ നേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു. 32യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു. 33അപ്പോൾ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാൻ വന്നു; എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു. 34യോശുവയും യിസ്രായേലൊക്കെയും ലാഖീശിൽനിന്നു എഗ്ലോന്നു ചെന്നു അതിന്റെ നേരെ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു. 35അവർ അന്നു തന്നേ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോടു ചെയ്തതുപോലെ ഒക്കെയും അവൻ അതിലുള്ള എല്ലാവരെയും അന്നു നിൎമ്മൂലമാക്കി. 36യോശുവയും യിസ്രായേലൊക്കെയും എഗ്ലോനിൽനിന്നു ഹെബ്രോന്നു ചെന്നു; അതിന്റെ നേരെ യുദ്ധംചെയ്തു. 37അവർ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാപട്ടണങ്ങളെയും അതിലുള്ള എല്ലാവരെയും സംഹരിച്ചു; അവൻ എഗ്ലോനോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള സകലമനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിൎമ്മൂലമാക്കി. 38പിന്നെ യോശുവയും എല്ലായിസ്രായേലും തിരിഞ്ഞു ദെബീരിന്നു ചെന്നു അതിന്റെ നേരെ യുദ്ധംചെയ്തു. 39അവൻ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതവണ്ണം നിൎമ്മൂലമാക്കി; അവൻ ഹെബ്രോനോടു ചെയ്തതുപോലെയും ലിബ്നയോടും അതിലെ രാജാവിനോടും ചെയ്തതുപോലെയും ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു. 40ഇങ്ങനെ യോശുവ മലനാടു, തെക്കേ ദേശം, താഴ്‌വീതി, മലഞ്ചരിവുകൾ എന്നിങ്ങനെയുള്ള ദേശം ഒക്കെയും അവിടങ്ങളിലെ സകലരാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവൻ ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിൎമ്മൂലമാക്കി. 41യോശുവ കാദേശ്ബൎന്നേയമുതൽ ഗസ്സാവരെയും ഗിബെയോൻ വരെയും ഗോശെൻ ദേശം ഒക്കെയും ജയിച്ചടക്കി. 42ഈ രാജാക്കന്മാരെ ഒക്കെയും അവരുടെ ദേശത്തെയും യോശുവ ഒരേ സമയത്തു പിടിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു യിസ്രായേലിന്നു വേണ്ടി യുദ്ധം ചെയ്തതു. 43പിന്നെ യോശുവയും എല്ലായിസ്രായേലും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിപ്പോന്നു.
Copyright information for
Mal1910