Joshua 14
1കനാൻദേശത്തു യിസ്രായേൽമക്കൾക്കു അവകാശമായി ലഭിച്ച ദേശങ്ങൾ ആവിതു: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽഗോത്രപിതാക്കന്മാരിൽ തലവന്മാരും ഇവ അവൎക്കു വിഭാഗിച്ചുകൊടുത്തു. 2യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങൾക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തതു. 3രണ്ടര ഗോത്രങ്ങൾക്കു മോശെ യോൎദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യൎക്കോ അവരുടെ ഇടയിൽ ഒരു അവകാശവും കൊടുത്തില്ല. 4യോസേഫിന്റെ മക്കൾ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യൎക്കു പാൎപ്പാൻ പട്ടണങ്ങളും അവരുടെ കന്നുകാലികൾക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തിൽ ഓഹരിയൊന്നും കൊടുത്തില്ല. 5യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേൽമക്കൾ അനുസരിച്ചു ദേശം വിഭാഗിച്ചു. 6അനന്തരം യെഹൂദാമക്കൾ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബ് അവനോടു പറഞ്ഞതു: യഹോവ എന്നെയും നിന്നെയും കുറിച്ചു ദൈവപുരുഷനായ മോശെയോടു കാദേശ്ബൎന്നേയയിൽവെച്ചു പറഞ്ഞ കാൎയ്യം നീ അറിയുന്നുവല്ലോ. 7യഹോവയുടെ ദാസനായ മോശെ കാദേശ്ബൎന്നേയയിൽനിന്നു ദേശത്തെ ഒറ്റുനോക്കുവാൻ എന്നെ അയച്ചപ്പോൾ എനിക്കു നാല്പതു വയസ്സായിരുന്നു; ഞാൻ വന്നു എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു. 8എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാർ ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂൎണ്ണമായി പറ്റിനിന്നു. 9നീ എന്റെ ദൈവമായ യഹോവയോടു പൂൎണ്ണമായി പറ്റിനിന്നതുകൊണ്ടു നീ കാൽവെച്ച ദേശം നിനക്കും നിന്റെ മക്കൾക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്നു സത്യംചെയ്തു പറഞ്ഞു. 10മരുഭൂമിയിൽ സഞ്ചരിച്ച കാലത്തു യഹോവ മോശെയോടു ഈ വാക്കു കല്പിച്ചതു മുതൽ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താൻ അരുളിച്ചെയ്തിരുന്നതു പോലെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോൾ എനിക്കു എണ്പത്തഞ്ചു വയസ്സായി. 11മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്‌വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു. 12ആകയാൽ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോൾ എനിക്കു തരിക; അനാക്യർ അവിടെ ഉണ്ടെന്നും പട്ടണങ്ങൾ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും. 13അപ്പോൾ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോൻമല യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു. 14അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബിന്നു അവകാശമായിരിക്കുന്നു; അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂൎണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ. 15ഹെബ്രോന്നു പണ്ടു കിൎയ്യത്ത്-അൎബ്ബാ എന്നു പേരായിരുന്നു; അൎബ്ബാ എന്നവൻ അനാക്യരിൽ വെച്ചു അതിമഹാൻ ആയിരുന്നു. അങ്ങനെ യുദ്ധം തീൎന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
Copyright information for
Mal1910