‏ Joshua 6

1എന്നാൽ യെരീഹോവിനെ യിസ്രായേൽമക്കളുടെ നിമിത്തം അടെച്ചു ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല. 2യഹോവ യോശുവയോടു കല്പിച്ചതു: ഞാൻ യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. 3നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം; ഇങ്ങനെ ആറു ദിവസം ചെയ്യേണം. 4ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം. 5അവർ ആട്ടിൻ കൊമ്പു നീട്ടിയൂതുകയും നിങ്ങൾ കാഹളനാദം കേൾക്കയും ചെയ്യുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആൎപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; ജനം ഓരോരുത്തൻ നേരെ കയറുകയും വേണം. 6നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചു അവരോടു: നിയമപെട്ടകം എടുപ്പിൻ; ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്നു മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നടക്കേണം എന്നു പറഞ്ഞു. 7ജനത്തോടു അവൻ: നിങ്ങൾ ചെന്നു പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം എന്നു പറഞ്ഞു. 8യോശുവ ജനത്തോടു പറഞ്ഞുതീൎന്നപ്പോൾ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു ഏഴു പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു. 9ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു. 10യോശുവ ജനത്തോടു: ആൎപ്പിടുവിൻ എന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന നാൾവരെ നിങ്ങൾ ആൎപ്പിടരുതു; ഒച്ചകേൾപ്പിക്കരുതു; വായിൽനിന്നു ഒരു വാക്കും പുറപ്പെടുകയും അരുതു; അതിന്റെശേഷം ആൎപ്പിടാം എന്നു കല്പിച്ചു. 11അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവർ പാളയത്തിലേക്കു വന്നു പാളയത്തിൽ പാൎത്തു.

12യോശുവ അതികാലത്തേ എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു. 13ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചു കാഹളം ഊതിക്കൊണ്ടു നടന്നു; ആയുധപാണികൾ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു. 14രണ്ടാം ദിവസവും അവർ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റീട്ടു പാളയത്തിലേക്കു മടങ്ങിപ്പോന്നു. ഇങ്ങനെ അവർ ആറു ദിവസം ചെയ്തു; 15ഏഴാം ദിവസമോ അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു പട്ടണത്തെ ആ വിധത്തിൽ തന്നേ ഏഴുപ്രാവശ്യംചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി. 16ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോടു പറഞ്ഞതെന്തെന്നാൽ: ആൎപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്കു തന്നിരിക്കുന്നു. 17ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവെക്കു ശപഥാൎപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാൽ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ. 18എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാൎപ്പിതത്തിൽ വല്ലതും എടുത്തിട്ടു യിസ്രായേൽപാളയത്തിന്നു ശാപവും അനൎത്ഥവും വരുത്താതിരിക്കേണ്ടതിന്നു ശപഥാൎപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. 19വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരിമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവെക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിൽ ചേരേണം. 20അനന്തരം ജനം ആൎപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദംകേട്ടു അത്യുച്ചത്തിൽ ആൎപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു. 21പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു. 22എന്നാൽ രാജ്യത്തെ ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവ: വേശ്യയുടെ വീട്ടിൽ ചെന്നു അവിടെ നിന്നു ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോടു സത്യംചെയ്തതുപോലെ പുറത്തുകൊണ്ടുവരുവിൻ എന്നു പറഞ്ഞു. 23അങ്ങനെ ഒറ്റുകാരായിരുന്ന യൌവനക്കാർ ചെന്നു രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്തു കൊണ്ടുവന്നു; അവളുടെ എല്ലാചാൎച്ചക്കാരെയും പുറത്തു കൊണ്ടുവന്നു യിസ്രായേൽപാളയത്തിന്നു പുറത്തു പാൎപ്പിച്ചു. 24പിന്നെ അവർ പട്ടണവും അതിലുള്ളതൊക്കെയും തീവെച്ചു ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വെച്ചു. 25യെരീഹോവിനെ ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ടു യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാൎക്കുന്നു. 26അക്കാലത്തു യോശുവ ശപഥം ചെയ്തു: ഈ യെരീഹോപട്ടണത്തെ പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കതകു തൊടുക്കുമ്പോൾ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു. 27അങ്ങനെ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീൎത്തി ദേശത്തു എല്ലാടവും പരന്നു.

Copyright information for Mal1910