Matthew 22
1യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ: 2സ്വൎഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം. 3അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവൎക്കോ വരുവാൻ മനസ്സായില്ല. 4പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീൎന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിൻ എന്നു ക്ഷണിച്ചുവരോടു പറയിച്ചു. 5അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു. 6ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു. 7രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു. 8പിന്നെ അവൻ ദാസന്മാരോടു: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല. 9ആകയാൽ വഴിത്തലെക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിൻ എന്നു പറഞ്ഞു. 10ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു. 11വിരുന്നുകാരെ നോക്കുവാൻ രാജാവു അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു: 12സ്നേഹിതാ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന്നു വാക്കു മുട്ടിപ്പോയി. 13രാജാവു ശുശ്രൂഷക്കാരോടു: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു. 14വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം. 15അനന്തരം പരീശന്മാർ ചെന്നു അവനെ വാക്കിൽ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു 16തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കൽ അയച്ചു: ഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവൻ ആകയാൽ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങൾ അറിയുന്നു. 17നിനക്കു എന്തു തോന്നുന്നു? കൈസൎക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം എന്നു പറയിച്ചു. 18യേശു അവരുടെ ദുഷ്ടത അറിഞ്ഞു: കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു? 19കരത്തിന്നുള്ള നാണയം കാണിപ്പിൻ എന്നു പറഞ്ഞു; അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശു കൊണ്ടുവന്നു. 20അവൻ അവരോടു: ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവർ പറഞ്ഞു. 21എന്നാൽ കൈസൎക്കുള്ളതു കൈസൎക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു. 22അവർ കേട്ടു ആശ്ചൎയ്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു. 23പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കൽ വന്നു: 24ഗുരോ, ഒരുത്തൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ അവന്റെ ഭാൎയ്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ. 25എന്നാൽ ഞങ്ങളുടെ ഇടയിൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാൎയ്യയെ സഹോദരന്നു വിട്ടേച്ചു. 26രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നേ. 27എല്ലാവരും കഴിഞ്ഞിട്ടു ഒടുവിൽ സ്ത്രീയും മരിച്ചു. 28എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആൎക്കു ഭാൎയ്യയാകും? എല്ലാവൎക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു. 29അതിന്നു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു. 30പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വൎഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു. 31മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലയോ? 32ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ. 33പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു. 34സദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചു കൂടി, 35അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു: 36ഗുരോ, ന്യായപ്രമാണത്തിൽ ഏതു കല്പന വലിയതു എന്നു ചോദിച്ചു. 37യേശു അവനോടു: നിന്റെ ദൈവമായ കൎത്താവിനെ നീ പൂൎണ്ണഹൃദയത്തോടും പൂൎണ്ണാത്മാവോടും പൂൎണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. 38ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം: 39കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. 40ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. 41പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോടു: 42ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. 43അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ കൎത്താവു എന്നു വിളിക്കുന്നതു എങ്ങനെ? 44“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കൎത്താവു എന്റെ കൎത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. 45ദാവീദ് അവനെ കൎത്താവ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു. 46അവനോടു ഉത്തരം പറവാൻ ആൎക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോടു ഒന്നും ചോദിപ്പാൻ തുനിഞ്ഞതുമില്ല.
Copyright information for
Mal1910