Numbers 10
1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: 2വെള്ളികൊണ്ടു രണ്ടു കാഹളം ഉണ്ടാക്കുക; അടിപ്പുപണിയായി അവയെ ഉണ്ടാക്കേണം; അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിപ്പാനും ഉതകേണം. 3അവ ഊതുമ്പോൾ സഭ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിന്റെ അടുക്കൽ കൂടേണം. 4ഒരു കാഹളം മാത്രം ഊതിയാൽ യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാർ നിന്റെ അടുക്കൽ കൂടേണം. 5ഗംഭീരധ്വനി ഊതുമ്പോൾ കിഴക്കെ പാളയങ്ങൾ യാത്ര പുറപ്പെടേണം. 6രണ്ടാം പ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോൾ തെക്കെ പാളയങ്ങൾ യാത്ര പുറപ്പെടേണം; ഇങ്ങനെ ഇവരുടെ പുറപ്പാടുകൾക്കായി ഗംഭീരധ്വനി ഊതേണം: 7സഭയെ കൂട്ടേണ്ടതിന്നു ഊതുമ്പോൾ ഗംഭീരധ്വനി ഊതരുതു. 8അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ആകുന്നു കാഹളം ഊതേണ്ടതു; ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. 9നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരെ നിങ്ങൾ യുദ്ധത്തിന്നു പോകുമ്പോൾ ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓൎത്തു ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കും. 10നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങൾ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോൾ കാഹളം ഊതേണം; അവ നിങ്ങൾക്കു ദൈവത്തിന്റെ സന്നിധിയിൽ ജ്ഞാപകമായിരിക്കും; യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു. 11അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തിയ്യതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്നു പൊങ്ങി. 12അപ്പോൾ യിസ്രായേൽമക്കൾ സീനായിമരുഭൂമിയിൽനിന്നു യാത്രപുറപ്പെട്ടു; മേഘം പാറാൻമരുഭൂമിയിൽ വന്നുനിന്നു. 13യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു. 14യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകൻ നഹശോൻ. 15യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ. 16സെബൂലൂൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകൻ എലീയാബ്. 17അപ്പോൾ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേൎശോന്യരും മെരാൎയ്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു. 18പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകൻ എലീസൂർ. 19ശിമെയോൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരിശദ്ദായിയുടെ മകൻ ശെലൂമിയേൽ. 20ഗാദ്മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകൻ എലീയാസാഫ്. 21അപ്പോൾ കെഹാത്യർ വിശുദ്ധസാധനങ്ങൾ ചുമന്നുകൊണ്ടു പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്കു തിരുനിവാസം നിവിൎത്തുകഴിയും. 22പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകൻ എലീശാമാ. 23മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകൻ ഗമലീയേൽ. 24ബെന്യാമീൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകൻ അബീദാൻ. 25പിന്നെ അവരുടെ എല്ലാപാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ. 26ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ. 27നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര. 28യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു. 29പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോടു: നിങ്ങൾക്കു ഞാൻ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന്നു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങൾ നിനക്കു നന്മ ചെയ്യും എന്നു പറഞ്ഞു. 30അവൻ അവനോടു: ഞാൻ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാൎച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു എന്നു പറഞ്ഞു. 31അതിന്നു അവൻ: ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടതു എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങൾക്കു കണ്ണായിരിക്കും. 32ഞങ്ങളോടുകൂടെ പോന്നാൽ യഹോവ ഞങ്ങൾക്കു ചെയ്യുന്ന നന്മപോലെ തന്നേ ഞങ്ങൾ നിനക്കും ചെയ്യും എന്നു പറഞ്ഞു. 33അനന്തരം അവർ യഹോവയുടെ പൎവ്വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവൎക്കു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന്നു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി. 34പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽസമയം അവൎക്കു മീതെ ഉണ്ടായിരുന്നു. 35പെട്ടകം പുറപ്പെടുമ്പോൾ മോശെ: യഹോവേ, എഴുന്നേൽക്കേണമേ; നിന്റെ ശത്രുക്കൾ ചിതറുകയും നിന്നെ പകെക്കുന്നവർ നിന്റെ മുമ്പിൽനിന്നു ഓടിപ്പോകയും ചെയ്യട്ടെ എന്നു പറയും. 36അതു വിശ്രമിക്കുമ്പോൾ അവൻ: യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കൽ മടങ്ങിവരേണമേ എന്നു പറയും.
Copyright information for
Mal1910