Numbers 8
1യഹോവ മോശെയോടു അരുളിച്ചെയ്തതു: 2ദീപം കൊളുത്തുമ്പോൾ ദീപം ഏഴും നിലവിളക്കിന്റെ മുൻവശത്തോട്ടു വെളിച്ചംകൊടുക്കേണം എന്നു അഹരോനോടു പറക. 3അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവൻ നിലവിളക്കിന്റെ ദീപം മുൻവശത്തേക്കു തിരിച്ചുകൊളുത്തി. 4നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ടു അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നേ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നേ അവൻ നിലവിളക്കു ഉണ്ടാക്കി. 5യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ: 6ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു എടുത്തു ശുചീകരിക്ക. 7അവരെ ശുചീകരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്യേണം: പാപപരിഹാരജലം അവരുടെ മേൽ തളിക്കേണം; അവർ സൎവ്വാംഗം ക്ഷൌരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നേ ശുചീകരിക്കേണം. 8അതിന്റെ ശേഷം അവർ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേൎത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിന്നായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കേണം. 9ലേവ്യരെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; യിസ്രായേൽമക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം. 10പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിൎത്തേണം; യിസ്രായേൽമക്കൾ ലേവ്യരുടെ മേൽ കൈ വെക്കേണം. 11യഹോവയുടെ വേല ചെയ്യേണ്ടതിന്നു അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ നീരാജനയാഗമായി അൎപ്പിക്കേണം. 12ലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വെക്കേണം; പിന്നെ ലേവ്യൎക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീ യഹോവെക്കു ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അൎപ്പിക്കേണം. 13നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ നിൎത്തി യഹോവെക്കു നീരാജനയാഗമായി അൎപ്പിക്കേണം. 14ഇങ്ങനെ ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു വേർതിരിക്കയും ലേവ്യർ എനിക്കുള്ളവരായിരിക്കയും വേണം. 15അതിന്റെ ശേഷം സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ലേവ്യൎക്കു അടുത്തു ചെല്ലാം; നീ അവരെ ശുചീകരിച്ചു നീരാജനയാഗമായി അൎപ്പിക്കേണം. 16അവർ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു എനിക്കു സാക്ഷാൽ ദാനമായുള്ളവർ; എല്ലായിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാൎക്കു പകരം ഞാൻ അവരെ എനിക്കായി എടുത്തിരിക്കുന്നു. 17മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേൽമക്കൾക്കുള്ള കടിഞ്ഞൂൽ ഒക്കെയും എനിക്കുള്ളതു; ഞാൻ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെ ഒക്കെയും സംഹരിച്ച നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു. 18എന്നാൽ യിസ്രായേൽമക്കളിൽ ഉള്ള എല്ലാ കടിഞ്ഞൂലുകൾക്കും പകരം ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു. 19യിസ്രായേൽമക്കൾ വിശുദ്ധമന്ദിരത്തിന്നു അടുത്തുവരുമ്പോൾ അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തിൽ യിസ്രായേൽമക്കളുടെ വേല ചെയ്‌വാനും യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു അഹരോന്നും പുത്രന്മാൎക്കും ദാനം ചെയ്തുമിരിക്കുന്നു. 20അങ്ങനെ മോശെയും അഹരോനും യിസ്രായേൽമക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ചു യഹോവ മോശെയോടു കല്പിച്ചതുപോലെയൊക്കെയും ലേവ്യൎക്കു ചെയ്തു; അങ്ങനെ തന്നേ യിസ്രായേൽമക്കൾ അവൎക്കു ചെയ്തു. 21ലേവ്യർ തങ്ങൾക്കു തന്നേ പാപശുദ്ധിവരുത്തി വസ്ത്രം അലക്കി; അഹരോൻ അവരെ യഹോവയുടെ സന്നിധിയിൽ നീരാജനയാഗമായി അൎപ്പിച്ചു; അവരെ ശുചീകരിക്കേണ്ടതിന്നു അഹരോൻ അവൎക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചു. 22അതിന്റെ ശേഷം ലേവ്യർ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ സമാഗമനകൂടാരത്തിൽ തങ്ങളുടെ വേലചെയ്‌വാൻ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ചു മോശെയോടു കല്പിച്ചതുപോലെ തന്നേ അവർ അവൎക്കു ചെയ്തു. 23യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 24ലേവ്യൎക്കുള്ള പ്രമാണം ആവിതു: ഇരുപത്തഞ്ചു വയസ്സുമുതൽ അവർ സമാഗമനകൂടാരത്തിലെ വേലചെയ്യുന്ന സേവയിൽ പ്രവേശിക്കേണം. 25അമ്പതു വയസ്സുമുതലോ അവർ വേലചെയ്യുന്ന സേവയിൽനിന്നു ഒഴിയേണം; പിന്നെ സേവിക്കേണ്ടാ; 26എങ്കിലും സമാഗമനകൂടാരത്തിലെ കാൎയ്യംനോക്കുന്നതിൽ അവർ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ. ലേവ്യരുടെ കാൎയ്യം സംബന്ധിച്ചു നീ ഇങ്ങനെ അവൎക്കു ചെയ്യേണം.
Copyright information for
Mal1910