Ruth 2
1നൊവൊമിക്കു തന്റെ ഭൎത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ചാൎച്ചക്കാരൻ ഉണ്ടായിരുന്നു; അവന്നു ബോവസ് എന്നു പേർ. 2എന്നാൽ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോടു: ഞാൻ വയലിൽ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിർ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊൾക മകളേ എന്നു അവൾ അവളോടു പറഞ്ഞു. 3അങ്ങനെ അവൾ പോയി; വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാൽ അവൾ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള വയലിൽ ആയിരുന്നു ചെന്നതു. 4അപ്പോൾ ഇതാ, ബോവസ് ബേത്ത്ലേഹെമിൽനിന്നു വരുന്നു; അവൻ കൊയ്ത്തുകാരോടു: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു. 5കൊയ്ത്തുകാരുടെ മേലാളായിരുന്ന ഭൃത്യനോടു: ഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു. 6കൊയ്ത്തുകാരുടെ മേലാളായ ഭൃത്യൻ: ഇവൾ മോവാബ്ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു; 7ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു; അങ്ങനെ അവൾ കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളു എന്നുത്തരം പറഞ്ഞു. 8ബോവസ് രൂത്തിനോടു: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേൎന്നുകൊൾക. 9അവർ കൊയ്യുന്ന നിലത്തിന്മേൽ ദൃഷ്ടിവെച്ചു അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്നു ഞാൻ അവരോടു കല്പിച്ചിട്ടുണ്ടു. നിനക്കു ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്നു ബാല്യക്കാർ കോരിവെച്ചതിൽനിന്നു കുടിച്ചുകൊൾക എന്നു പറഞ്ഞു. 10എന്നാറെ അവൾ സാഷ്ടാംഗം വീണു അവനോടു: ഞാൻ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ എന്നു പറഞ്ഞു. 11ബോവസ് അവളോടു: നിന്റെ ഭൎത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു. 12നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂൎണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു. 13അതിന്നു അവൾ: യജമാനനേ, ഞാൻ നിന്റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എന്നുവരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോടു ദയയായി സംസാരിക്കയും ചെയ്‌വാൻ തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു. 14ഭക്ഷണസമയത്തു ബോവസ് അവളോടു: ഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു. 15അവൾ പെറുക്കുവാൻ എഴുന്നേറ്റപ്പോൾ ബോവസ് തന്റെ ബാല്യക്കാരോടു: അവൾ കറ്റകളുടെ ഇടയിൽതന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുതു. 16പെറുക്കേണ്ടതിന്നു അവൾക്കായിട്ടു കറ്റകളിൽനിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുതു എന്നു കല്പിച്ചു. 17ഇങ്ങനെ അവൾ വൈകുന്നേരംവരെ പെറുക്കി; പെറുക്കിയതു മെതിച്ചപ്പോൾ ഏകദേശം ഒരുപറ യവം ഉണ്ടായിരുന്നു. 18അവൾ അതു എടുത്തുംകൊണ്ടു പട്ടണത്തിലേക്കു പോയി; അവൾ പെറുക്കിക്കൊണ്ടുവന്നതു അമ്മാവിയമ്മ കണ്ടു; താൻ തിന്നു ശേഷിപ്പിച്ചിരുന്നതും അവൾ എടുത്തു അവൾക്കു കൊടുത്തു. 19അമ്മാവിയമ്മ അവളോടു: നീ ഇന്നു എവിടെയായിരുന്നു പെറുക്കിയതു? എവിടെയായിരുന്നു വേല ചെയ്തതു? നിന്നോടു ആദരവു കാണിച്ചവൻ ആനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. താൻ ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തതു എന്നു അവൾ അമ്മാവിയമ്മയോടു അറിയിച്ചു: ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഞാൻ ഇന്നു വേല ചെയ്തതു എന്നു പറഞ്ഞു. 20നൊവൊമി മരുമകളോടു: ജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അയാൾ നമുക്കു അടുത്ത ചാൎച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു. 21എന്റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീൎക്കുവോളം അവരോടു ചേന്നിരിക്ക എന്നുകൂടെ അവൻ എന്നോടു പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു. 22നൊവൊമി തന്റെ മരുമകളായ രൂത്തിനോടു: മകളേ, വെറൊരു വയലിൽവെച്ചു ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന്നു നീ അവന്റെ ബാല്യക്കാരത്തികളോടുകൂടെ തന്നേ പോകുന്നതു നന്നു എന്നു പറഞ്ഞു. 23അങ്ങനെ അവൾ യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേൎന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാൎക്കയും ചെയ്തു.
Copyright information for
Mal1910