‏ Proverbs 24

ഇരുപതാംസൂക്തം

1ദുഷ്ടരോടു നീ അസൂയപ്പെടരുത്,
അവരുമായുള്ള കൂട്ടുകെട്ട് നീ അഭിലഷിക്കുകയുമരുത്;
2കാരണം അവരുടെ ഹൃദയം അതിക്രമത്തിനു കളമൊരുക്കുന്നു,
അവരുടെ അധരങ്ങൾ സംഘർഷം സൃഷ്ടിക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു.

ഇരുപത്തിയൊന്നാംസൂക്തം

3ജ്ഞാനത്താൽ ഒരു ഭവനം നിർമിക്കപ്പെടുന്നു,
വിവേകത്തിലൂടെ അതു സ്ഥിരപ്പെടുകയും ചെയ്യുന്നു.
4അതിന്റെ മുറികൾ പരിജ്ഞാനത്താൽ നിറയ്ക്കപ്പെടുന്നു;
അമൂല്യവും രമണീയവുമായ നിക്ഷേപങ്ങൾകൊണ്ടുതന്നെ.

ഇരുപത്തിരണ്ടാംസൂക്തം

5ജ്ഞാനിക്ക് ബലമുള്ളവരെക്കാൾ ശക്തിയുണ്ട്,
പരിജ്ഞാനി ശക്തിക്കുമേൽ ശക്തിനേടുന്നു.
6യുദ്ധത്തിൽ മുന്നേറാൻ മാർഗനിർദേശങ്ങൾ ആവശ്യമാണ്,
എന്നാൽ ഉപദേഷ്ടാക്കളുടെ ബാഹുല്യം വിജയം ഉറപ്പിക്കുന്നു.

ഇരുപത്തിമൂന്നാംസൂക്തം

7ജ്ഞാനം ഭോഷർക്ക് അപ്രാപ്യം;
പട്ടണകവാടത്തിൽ സമ്മേളിക്കുമ്പോൾ അവർക്ക് പ്രതിവാദം ഇല്ലാതെയാകുന്നു.

ഇരുപത്തിനാലാംസൂക്തം

8ദുഷ്കൃത്യങ്ങൾ ആസൂത്രണംചെയ്യുന്നവർ
ഗൂഢാലോചനയിൽ വിദഗ്ദ്ധർ എന്നു വിളിക്കപ്പെടും.
9ഭോഷത്തം ആസൂത്രണംചെയ്യുന്നത് പാപം,
പരിഹാസിയെ ജനം വെറുക്കുന്നു.

ഇരുപത്തിയഞ്ചാംസൂക്തം

10ആപത്ഘട്ടത്തിൽ നിങ്ങൾ ഇടറിപ്പോകുന്നെങ്കിൽ,
നിങ്ങളുടെ ശക്തി എത്രയോ പരിമിതം!
11അന്യായമായി മരണത്തിലേക്കു നയിക്കപ്പെടുന്നവരെ വിടുവിക്കുക;
കൊലക്കളത്തിലേക്ക് ഇടറിയിടറി നീങ്ങുന്നവരെ രക്ഷിക്കുക.
12“ഞങ്ങൾ ഇതേപ്പറ്റി യാതൊന്നും അറിഞ്ഞിരുന്നില്ല,” എന്നു നീ പറഞ്ഞാൽ,
ഹൃദയത്തെ തൂക്കിനോക്കുന്നവൻ അതു മനസ്സിലാക്കാതിരിക്കുമോ?
നിന്റെ ജീവൻ സംരക്ഷിക്കുന്ന അവിടത്തേക്ക് ഇത് അറിയാതിരിക്കുമോ?
അവിടന്ന് ഓരോരുത്തർക്കും അവരുടെ പ്രവൃത്തികൾക്കനുസരിച്ച് പകരം ചെയ്യാതിരിക്കുമോ?

ഇരുപത്തിയാറാംസൂക്തം

13എന്റെ കുഞ്ഞേ,
മൂ.ഭാ. എന്റെ മകനേ; വാ. 21 കാണുക.
തേൻ കഴിക്കുക, അതു നല്ലതാണ്;
തേനടയിലെ തേൻ നിന്റെ നാവിന് ആസ്വാദ്യമാണ്.
14അതുപോലെതന്നെ, ജ്ഞാനം നിനക്ക് തേൻപോലെയെന്ന് അറിയുക:
അതു നീ കണ്ടെത്തിയാൽ, നിനക്കു ശോഭനമായൊരു ഭാവിയുണ്ട്,
നിന്റെ പ്രത്യാശ അറ്റുപോകുകയില്ല.

ഇരുപത്തിയേഴാംസൂക്തം

15നീതിനിഷ്ഠരുടെ ഭവനത്തിനെതിരേ ദുഷ്ടരെപ്പോലെ പതിയിരിക്കരുത്,
അവരുടെ പാർപ്പിടം കൊള്ളയിടുകയുമരുത്;
16കാരണം നീതിനിഷ്ഠർ ഏഴുവട്ടം വീണാലും അവർ എഴുന്നേൽക്കുകതന്നെചെയ്യും,
എന്നാൽ ദുരന്തമുണ്ടാകുമ്പോൾ ദുഷ്ടർ നിലംപരിശാകുന്നു.

ഇരുപത്തിയെട്ടാംസൂക്തം

17നിങ്ങളുടെ ശത്രുവിന്റെ പതനത്തിൽ ആനന്ദിക്കരുത്;
അവരുടെ കാലിടറുമ്പോൾ നിന്റെ ഹൃദയം സന്തോഷിക്കുകയുമരുത്,
18അങ്ങനെയായാൽ, യഹോവ അതുകണ്ട് അതൃപ്തനാകുകയും
അവിടത്തെ കോപം ശത്രുവിൽനിന്നു പിൻവലിക്കുകയും ചെയ്യും.

ഇരുപത്തിഒൻപതാംസൂക്തം

19ദുഷ്ടർനിമിത്തം ക്ഷോഭിക്കുകയോ
നീചരായവരോട് അസൂയപ്പെടുകയോ അരുത്,
20കാരണം നീചർക്കു ഭാവിപ്രതീക്ഷയില്ല,
ദുഷ്ടരുടെ വിളക്ക് ഊതിയണയ്ക്കപ്പെടുകയും ചെയ്യും.

മുപ്പതാംസൂക്തം

21എന്റെ കുഞ്ഞേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക,
മത്സരികളുടെ സംഘത്തിൽ ചേരുകയുമരുത്,
22കാരണം അവരിരുവരും മത്സരികൾക്കുനേരേ ശീഘ്രനാശം അയയ്ക്കും,
അവർ എന്തൊക്കെ ദുരിതങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ആർക്കറിയാം?

ജ്ഞാനിയുടെ സൂക്തങ്ങൾ തുടരുന്നു

23ഇവയും ജ്ഞാനിയുടെ സൂക്തങ്ങൾതന്നെയാണ്:

വിധിനിർണയത്തിൽ പക്ഷഭേദം ഉചിതമല്ല:
24ഒരു കുറ്റവാളിയോട്, “താങ്കൾ നിരപരാധിയാണ്,” എന്നു പറയുന്നവരെ
പൊതുജനം ശപിക്കുകയും ജനതകൾ വെറുക്കുകയും ചെയ്യും.
25എന്നാൽ കുറ്റവാളിയെ ശിക്ഷിക്കുന്നവർക്ക് നന്മ കൈവരും,
അനവധി അനുഗ്രഹങ്ങൾ വന്നുചേരും.

26സത്യസന്ധമായ ഉത്തരം
യഥാർഥ സൗഹൃദത്തിന്റെ ചിഹ്നമാണ്.
മൂ.ഭാ. ചുണ്ടിൽ നൽകുന്ന ചുംബനംപോലെ


27വെളിയിൽ നിന്റെ വേല ക്രമീകരിക്കുക
നിന്റെ പുരയിടം ഒരുക്കുക;
അതിനുശേഷം നിന്റെ ഗൃഹനിർമിതി തുടങ്ങുക.

28മതിയായ കാരണമില്ലാതെ നിന്റെ അയൽവാസിക്കെതിരേ മൊഴിനൽകരുത്—
നിന്റെ അധരങ്ങൾകൊണ്ട് അവരെ വഞ്ചിക്കരുത്.
29“അവർ എന്നോടു ചെയ്തതുപോലെതന്നെ ഞാൻ അവരോടുംചെയ്യും;
അവർ ചെയ്തതിനൊക്കെ ഞാൻ അവരോടു പകരംവീട്ടും,” എന്നു പറയരുത്.

30ഞാൻ അലസരുടെ കൃഷിയിടത്തിനരികിലൂടെയും
ബുദ്ധിഹീനരുടെ മുന്തിരിത്തോപ്പിനരികിലൂടെയും നടന്നുപോയി;
31അവിടെയെല്ലാം മുൾച്ചെടികൾ പടർന്നുപിടിച്ചിരിക്കുന്നു,
നിലമെല്ലാം കളകൾ മൂടിയിരിക്കുന്നു,
അതിലെ മതിലുകൾ ഇടിഞ്ഞുപോയിരിക്കുന്നു.
32ഞാൻ നിരീക്ഷിച്ചവ വിചിന്തനത്തിനു വിധേയമാക്കി,
ഞാൻ കണ്ടതിൽനിന്നും ഒരു പാഠം പഠിച്ചു:
33ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം,
ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം;
34അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും
ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും.
Copyright information for MalMCV