1 Chronicles 21:1-14

1അനന്തരം സാത്താൻ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാൻ ദാവീദിന്നു തോന്നിച്ചു. 2ദാവീദ് യോവാബിനോടും ജനത്തിന്റെ പ്രഭുക്കന്മാരോടും: നിങ്ങൾ ചെന്നു ബേർ-ശേബമുതൽ ദാൻവരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാൻ അറിയേണ്ടതിന്നു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. 3അതിന്നു യോവാബ്: യഹോവ തന്റെ ജനത്തെ ഉള്ളതിൽ നൂറിരട്ടിയായി വർദ്ധിപ്പിക്കട്ടെ; എങ്കിലും എന്റെ യജമാനനായ രാജാവേ, അവർ ഒക്കെയും യജമാനന്റെ ദാസന്മാരല്ലയോ? യജമാനൻ ഈ കാര്യം അന്വേഷിക്കുന്നതു എന്തു? യിസ്രായേലിന്നു കുറ്റത്തിന്റെ കാരണമായി തീരുന്നതു എന്തിന്നു എന്നു പറഞ്ഞു. 4എന്നാൽ യോവാബ് രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അതുകൊണ്ടു യോവാബ് പുറപ്പെട്ടു എല്ലായിസ്രായേലിലുംകൂടി സഞ്ചരിച്ചു യെരൂശലേമിലേക്കു മടങ്ങിവന്നു. 5യോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിന്നു കൊടുത്തു: യിസ്രായേലിൽ ആയുധപാണികൾ എല്ലാംകൂടി പതിനൊന്നുലക്ഷംപേർ. യെഹൂദയിൽ ആയുധപാണികൾ നാലുലക്ഷത്തെഴുപതിനായിരം പേർ. 6എന്നാൽ രാജാവിന്റെ കല്പന യോവാബിന്നു വെറുപ്പായിരുന്നതുകൊണ്ടു അവൻ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തിൽ എണ്ണിയില്ല. 7ദൈവത്തിന്നു ഈ കാര്യം അനിഷ്ടമായിരുന്നതുകൊണ്ടു അവൻ യിസ്രായേലിനെ ബാധിച്ചു. 8അപ്പോൾ ദാവീദ് ദൈവത്തോടു: ഈ കാര്യം ചെയ്തതിനാൽ ഞാൻ മഹാപാപം ചെയ്തിരിക്കുന്നു: എന്നാൽ അടിയന്റെ അകൃത്യം ക്ഷമിക്കേണമേ: ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു. 9യഹോവ ദാവീദിന്റെ ദർശകനായ ഗാദിനോടു അരുളിച്ചെയ്തതെന്തെന്നാൽ: 10നീ ചെന്നു ദാവീദിനോടു: ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വെക്കുന്നു; അവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. 11അങ്ങനെ ഗാദ് ദാവീദിന്റെ അടുക്കൽ ചെന്നു അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 12മൂന്നു സംവത്സരത്തെ ക്ഷാമമോ, നിന്റെ ശത്രുക്കളുടെ വാൾ നിന്നെ തുടർന്നെത്തി നീ മൂന്നു മാസം നിന്റെ ശത്രുക്കളാൽ നശിക്കയോ, ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മാഹാമാരി ഉണ്ടായി യിസ്രായേൽദേശത്തൊക്കെയും യഹോവയുടെ ദൂതൻ സംഹാരം ചെയ്കയോ ഇവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക. എന്നെ അയച്ചവനോടു ഞാൻ എന്തൊരു മറുപടി പറയേണ്ടു എന്നു ആലോചിച്ചുനോക്കുക എന്നു പറഞ്ഞു. 13ദാവീദ് ഗാദിനോടു: ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; ഞാൻ ഇപ്പോൾ യഹോവയുടെ കയ്യിൽ തന്നേ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ എന്നു പറഞ്ഞു. 14അങ്ങനെ യഹോവ ഇസ്രായേലിൽ മഹാമാരി അയച്ചു; യിസ്രായേലിൽ എഴുപതിനായിരംപേർ വീണുപോയി.
Copyright information for MalSC