1 Kings 16:23-28

23യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ടു സംവത്സരം വാണു; തിർസ്സയിൽ അവൻ ആറു സംവത്സരം വാണു. 24പിന്നെ അവൻ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്നു പേരിട്ടു. 25ഒമ്രി യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവർത്തിച്ചു. 26എങ്ങനെയെന്നാൽ: അവൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാവഴിയിലും യിസ്രായേലിന്റെ ദൈവമായ യഹോവയെ തങ്ങളുടെ മിത്ഥ്യാമൂർത്തികളാൽ കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച പാപങ്ങളിലും നടന്നു. 27ഒമ്രി ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്ത പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 28ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമര്യയിൽ അവനെ അടക്കം ചെയ്തു. അവന്റെ മകനായ ആഹാബ് അവന്നു പകരം രാജാവായി.
Copyright information for MalSC