2 Chronicles 34

1 aയോശീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു. 2അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു. 3അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവന്റെ യൗവനത്തിൽ തന്നേ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുവാൻ തുടങ്ങി. 4 bഅവൻ കാൺകെ അവർ ബാൽവിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു; അവെക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവൻ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബീംബങ്ങളെയും തകർത്തു പൊടിയാക്കി, അവെക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു. 5 cഅവൻ പൂജാരികളുടെ അസ്ഥികളെ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിക്കയും യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു. 6അങ്ങനെതന്നേ അവൻ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളിൽ നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളിൽ ചെയ്തു. 7അവൻ ബലിപീഠങ്ങളെ ഇടിച്ചു അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകർത്തു പൊടിയാക്കി, യിസ്രായേൽദേശത്തു എല്ലാടവും സകലസൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

8അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ദേശത്തെയും ആലയത്തെയും വെടിപ്പാക്കിയശേഷം അവൻ അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയശേയാവെയും യോവാശിന്റെ മകനായ രായസക്കാരൻ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ നിയോഗിച്ചു. 9അവർ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെന്നപ്പോൾ വാതിൽകാവല്ക്കാരായ ലേവ്യർ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലായിസ്രായേലിനോടും എല്ലായെഹൂദയോടും ബെന്യാമീനോടും യെരൂശലേംനിവാസികളോടും പിരിച്ചെടുത്തു ദൈവാലയത്തിൽ അടെച്ചിരുന്ന ദ്രവ്യം ഏല്പിച്ചു കൊടുത്തു. 10അവർ അതു യഹോവയുടെ ആലയത്തിൽ വേലചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കയ്യിലും അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർത്തു നന്നാക്കുവാൻ ആലയത്തിൽ പണിചെയ്യുന്ന പണിക്കാർക്കും കൊടുത്തു. 11ചെത്തിയ കല്ലും ചേർപ്പുപണിക്കു മരവും വാങ്ങേണ്ടതിന്നും യെഹൂദാരാജാക്കന്മാർ നശിപ്പിച്ചിരുന്ന കെട്ടിടങ്ങൾക്കു തുലാങ്ങൾ വെക്കേണ്ടതിന്നു ആശാരികൾക്കും പണിക്കാർക്കും തന്നേ. 12ആ പുരുഷന്മാർ വിശ്വാസത്തിന്മേൽ പ്രവർത്തിച്ചു; മെരാര്യരിൽ യഹത്ത്, ഓബദ്യാവു എന്ന ലേവ്യരും പണിനടത്തുവാൻ കെഹാത്യരിൽ സെഖര്യാവും മെശുല്ലാമും വാദ്യപ്രയോഗത്തിൽ സാമർത്ഥ്യമുള്ള സകലലേവ്യരും അവരുടെമേൽ വിചാരകന്മാർ ആയിരുന്നു. 13അവർ ചുമട്ടുകാർക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതിൽകാവല്ക്കാരും ആയിരുന്നു. 14അവർ യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യം പുറത്തു എടുത്തപ്പോൾ ഹില്ക്കീയാപുരോഹിതൻ യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി. 15ഹില്ക്കീയാവു രായസക്കാരനായ ശാഫാനോടു: ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവു പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു. 16ശാഫാൻ പുസ്തകം രാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു രാജസന്നിധിയിൽ ബോധിപ്പിച്ചതു: അടിയങ്ങൾക്കു കല്പന തന്നതുപോലെ ഒക്കെയും ചെയ്തിരിക്കുന്നു. 17യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം പുറത്തു എടുത്തു വിചാരകന്മാരുടെ കയ്യിലും വേലക്കാരുടെ കയ്യിലും കൊടുത്തിരിക്കുന്നു. 18രായസക്കാരനായ ശാഫാൻ രാജാവിനോടു: ഹില്ക്കീയാപുരോഹിതൻ ഒരു പുസ്തകം എന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും ബോധിപ്പിച്ചു; ശാഫാൻ അതിനെ രാജസന്നിധിയിൽ വായിച്ചു കേൾപ്പിച്ചു. 19ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവു വസ്ത്രം കീറി. 20രാജാവു ഹില്ക്കീയാവോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖയുടെ മകൻ അബ്ദോനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും കല്പിച്ചതു എന്തെന്നാൽ: 21നിങ്ങൾ ചെന്നു, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും യിസ്രായേലിലും യെഹൂദയിലും ശേഷിച്ചിരിക്കുന്നവർക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിൻ; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാർ യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ. 22അങ്ങനെ ഹില്ക്കീയാവും രാജാവു നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്റെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാ എന്ന പ്രവാചകിയുടെ അടുക്കൽ ചെന്നു -അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു;- അവളോടു ആ സംഗതിയെക്കുറിച്ചു സംസാരിച്ചു. 23അവൾ അവരോടു ഉത്തരം പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളെ എന്റെ അടുക്കൽ അയച്ച പുരുഷനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: 24യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേൾപ്പിച്ച പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകലശാപങ്ങളുമായ അനർത്ഥം വരുത്തും. 25അവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദൈവങ്ങൾക്കു ധൂപം കാട്ടിയതുകൊണ്ടു എന്റെ കോപം ഈ സ്ഥലത്തു ചൊരിയും; അതു കെട്ടുപോകയും ഇല്ല. 26എന്നാൽ യഹോവയോടു ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; 27ഈ സ്ഥലത്തിന്നും നിവാസികൾക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങളെ നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞു നീ അവന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുകയും എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തി നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. 28ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണു കാണുകയുമില്ല. അവർ രാജാവിനെ ഈ മറുപടി ബോധിപ്പിച്ചു.

29അനന്തരം രാജാവു ആളയച്ചു യെഹൂദയിലും യെരൂശലേമിലും ഉള്ള എല്ലാമൂപ്പന്മാരെയും കൂട്ടിവരുത്തി. 30രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും പുരോഹിതന്മാരും ലേവ്യരും ആബാലവൃദ്ധം സർവ്വജനവും യഹോവയുടെ ആലയത്തിൽ ചെന്നു; അവൻ യഹോവയുടെ ആലയത്തിൽവെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവരെ കേൾപ്പിച്ചു. 31രാജാവു തന്റെ സ്ഥാനത്തു നിന്നുകൊണ്ടു താൻ യഹോവയെ അനുസരിക്കയും; അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിച്ചുനടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങൾ ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. 32യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെ ഒക്കെയും അവൻ അതിൽ യോജിപ്പിച്ചു. യെരൂശലേംനിവാസികൾ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ദൈവത്തിന്റെ നിയമപ്രകാരം ചെയ്തു. 33യോശീയാവു യിസ്രായേൽമക്കൾക്കുള്ള സകലദേശങ്ങളിൽനിന്നും സകലമ്ലേച്ഛതകളെയും നീക്കിക്കളഞ്ഞു യിസ്രായേലിൽ ഉള്ളവരെല്ലാം തങ്ങളുടെ ദൈവമായ യഹോവയെ സേവിപ്പാൻ സംഗതിവരുത്തി. അവന്റെ കാലത്തൊക്കെയും അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറിയില്ല.
Copyright information for MalSC