2 Kings 15:1-7

1യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസര്യാവു രാജാവായി. 2അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു പതിനാറു വയസ്സായിരുന്നു; അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു; യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഖോല്യാ എന്നു പേർ. 3അവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. 4എങ്കിലും പൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു. 5എന്നാൽ യഹോവ ഈ രാജാവിനെ ബാധിച്ചു. അവൻ ജീവപര്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയിൽ പാർത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിന്നു ന്യായപാലനം ചെയ്തു. 6അസര്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 7 aഅസര്യാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ അവനെ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.
Copyright information for MalSC