2 Timothy 4

1ഞാൻ ദൈവത്തെയും ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു: 2വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക. 3അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും 4സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും. 5നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക. 6ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു. 7ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. 8ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.

9വേഗത്തിൽ എന്റെ അടുക്കൽ വരുവാൻ ഉത്സാഹിക്ക. 10 aദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യെക്കും തീതൊസ് ദല്മാത്യെക്കും പോയി; 11 bലൂക്കൊസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ; മർക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക. 12 cതിഹിക്കൊസിനെ ഞാൻ എഫെസോസിലേക്കു അയച്ചിരിക്കുന്നു. 13 dഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക. 14 eചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവു അവന്നു പകരം ചെയ്യും. 15അവൻ നമ്മുടെ പ്രസംഗത്തോടു അത്യന്തം എതിർത്തുനിന്നതുകൊണ്ടു നീയും അവനെ സൂക്ഷിച്ചുകൊൾക. 16എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവർക്കു കണക്കിടാതിരിക്കട്ടെ. 17കർത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവർത്തിപ്പാനും സകല ജാതികളും കേൾപ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷ പ്രാപിച്ചു. 18കർത്താവു എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വർഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.

19 fപ്രിസ്കെക്കും അക്വിലാവിന്നും ഒനേസിഫൊരൊസിന്റെ കുടുബത്തിന്നും വന്ദനം ചൊല്ലുക. 20 gഎരസ്തൊസ് കൊരിന്തിൽ താമസിച്ചു ത്രൊഫിമൊസിനെ ഞാൻ മിലേത്തിൽ രോഗിയായി വിട്ടേച്ചുപോന്നു. 21ശീതകാലത്തിന്നു മുമ്പെ വരുവാൻ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൗദിയയും സഹോദരന്മാർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു.

22യേശുക്രിസ്തു നിന്റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
Copyright information for MalSC