Genesis 22:1-14

1 aഅതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്നു: ഞാൻ ഇതാ എന്നു അവൻ പറഞ്ഞു. 2 bഅപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരീയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു. 3അബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടുപേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിന്നു വിറകു കീറി എടുത്തുംകൊണ്ടു പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി. 4മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തു നിന്നു ആ സ്ഥലം കണ്ടു. 5അബ്രാഹാം ബാല്യക്കാരോടു: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു. 6അബ്രാഹാം ഹോമയാഗത്തിന്നുള്ള വിറകു എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽ വെച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു. 7അപ്പോൾ യിസ്ഹാക്ക് തന്റെ അപ്പനായ അബ്രാഹാമിനോടു: അപ്പാ, എന്നു പറഞ്ഞതിന്നു അവൻ: എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻകുട്ടി എവിടെ എന്നു അവൻ ചോദിച്ചു. 8ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും, മകനേ, എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ചു നടന്നു. 9 cദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവർ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി. 10പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു. 11ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു അവൻ പറഞ്ഞു. 12ബാലന്റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു. 13അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ പിമ്പുറത്തു ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു. 14അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ യിരേ എന്നു പേരിട്ടു. യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.
Copyright information for MalSC