Genesis 29:1-20

1പിന്നെ യാക്കോബ് പ്രയാണം ചെയ്തു കിഴക്കരുടെ ദേശത്തു എത്തി. 2അവൻ വെളിമ്പ്രദേശത്തു ഒരു കിണർ കണ്ടു. അതിന്നരികെ മൂന്നു ആട്ടിൻ കൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നു ആയിരുന്നു ആട്ടിൻ കൂട്ടങ്ങൾക്കു വെള്ളം കൊടുക്കുന്നതു; എന്നാൽ കിണറ്റിന്റെ വായ്ക്കലുള്ള കല്ലു വലുതായിരുന്നു. 3ആ സ്ഥലത്തു കൂട്ടങ്ങൾ ഒക്കെ കൂടുകയും അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി ആടുകൾക്കു വെള്ളം കൊടുക്കയും കല്ലു കിണറ്റിന്റെ വായ്ക്കൽ അതിന്റെ സ്ഥലത്തു തന്നേ തിരികെ വെക്കയും ചെയ്യും. 4യാക്കോബ് അവരോടു: സഹോദരന്മാരേ, നിങ്ങൾ എവിടുത്തുകാർ എന്നു ചോദിച്ചതിന്നു: ഞങ്ങൾ ഹാരാന്യർ എന്നു അവർ പറഞ്ഞു. 5അവൻ അവരോടു: നിങ്ങൾ നാഹോരിന്റെ മകനായ ലാബാനെ അറിയുമോ എന്നു ചോദിച്ചതിന്നു: അറിയും എന്നു അവർ പറഞ്ഞു. 6അവൻ അവരോടു: അവൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നേ; അവന്റെ മകൾ റാഹേൽ അതാ ആടുകളോടുകൂടെ വരുന്നു എന്നു അവർ അവനോടു പറഞ്ഞു. 7പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ എന്നു അവൻ പറഞ്ഞതിന്നു 8അവർ: കൂട്ടങ്ങൾ ഒക്കെയും കൂടുവോളം ഞങ്ങൾക്കു വഹിയാ; അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു. 9അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നതു. 10തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തു ചെന്നു കണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു. 11യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു. 12താൻ അവളുടെ അപ്പന്റെ സഹോദരൻ എന്നും റിബെക്കയുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവൾ ഓടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു. 13ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോൾ അവനെ എതിരേല്പാൻ ഓടിച്ചെന്നു അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു. 14ലാബാൻ അവനോടു: നീ എന്റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവൻ ഒരു മാസകാലം അവന്റെ അടുക്കൽ പാർത്തു. 15പിന്നെ ലാബാൻ യാക്കോബിനോടു: നീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു. 16എന്നാൽ ലാബാന്നു രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ. 17ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. 18യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകൾ റാഹേലിന്നു വേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. 19അതിന്നു ലാബാൻ: ഞാൻ അവളെ അന്യപുരുഷന്നു കൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാർക്ക എന്നു പറഞ്ഞു. 20അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലംപോലെ തോന്നി.
Copyright information for MalSC