Genesis 6

1 aമനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്കു പുത്രിമാർ ജനിച്ചപ്പോൾ 2ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു. 3അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു. 4 bഅക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ. 5 cഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു. 6താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി: 7ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു. 8എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.

9 dനോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു. 10ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു. 11എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു. 12ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.

13ദൈവം നോഹയോടു കല്പിച്ചതെന്തെന്നാൽ: സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും. 14നീ ഗോഫർമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന്നു അറകൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം. 15അതു ഉണ്ടാക്കേണ്ടതു എങ്ങനെ എന്നാൽ: പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം. 16പെട്ടകത്തിന്നു കിളിവാതിൽ ഉണ്ടാക്കേണം; മേൽനിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം; പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം. 17ആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിപ്പാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും. 18നിന്നോടോ ഞാൻ ഒരു നിയമം ചെയ്യും; നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കടക്കേണം. 19സകല ജീവികളിൽനിന്നും, സർവ്വജഡത്തിൽനിന്നും തന്നേ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷെക്കായിട്ടു പെട്ടകത്തിൽ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം. 20അതതു തരം പക്ഷികളിൽനിന്നും അതതു തരം മൃഗങ്ങളിൽനിന്നും ഭൂമിയിലെ അതതു തരം ഇഴജാതികളിൽനിന്നൊക്കെയും ഈരണ്ടീരണ്ടു ജീവ രക്ഷെക്കായിട്ടു നിന്റെ അടുക്കൽ വരേണം. 21നീയോ സകലഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നതു എടുത്തു സംഗ്രഹിച്ചുകൊള്ളേണം; അതു നിനക്കും അവെക്കും ആഹാരമായിരിക്കേണം. 22 eദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവൻ ചെയ്തു.

Genesis 7

1അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സർവ്വകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു. 2ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നു ആണും പെണ്ണുമായി ഈരണ്ടും, 3ആകാശത്തിലെ പറവകളിൽനിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേർത്തുകൊള്ളേണം. 4ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്നു നശിപ്പിക്കും. 5യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു.

6ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹെക്കു അറുനൂറു വയസ്സായിരുന്നു. 7 fനോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു. 8ശുദ്ധിയുള്ള മൃഗങ്ങളിൽ നിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള ഇഴജാതിയിൽനിന്നൊക്കെയും, 9ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ടു ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു. 10ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി. 11 gനോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു. 12നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴ പെയ്തു. 13അന്നുതന്നേ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കടന്നു. 14അവരും അതതു തരം കാട്ടുമൃഗങ്ങളും അതതു തരം കന്നുകാലികളും നിലത്തു ഇഴയുന്ന അതതു തരം ഇഴജാതിയും അതതു തരം പറവകളും അതതു തരം പക്ഷികളും തന്നേ. 15ജീവശ്വാസമുള്ള സർവ്വജഡത്തിൽനിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു. 16ദൈവം അവനോടു കല്പിച്ചതുപോലെ അകത്തു കടന്നവ സർവ്വജഡത്തിൽനിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതിൽ അടെച്ചു. 17ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വർദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്നു ഉയർന്നു. 18വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി. 19വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴെങ്ങുമുള്ള ഉയർന്ന പർവ്വതങ്ങളൊക്കെയും മൂടിപ്പോയി. 20പർവ്വതങ്ങൾ മൂടുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവെക്കു മീതെ പൊങ്ങി. 21പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തു ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകലമനുഷ്യരും ചത്തുപോയി. 22കരയിലുള്ള സകലത്തിലും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തു. 23ഭൂമിയിൽ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയിൽ ഉണ്ടായിരുന്ന സകലജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയിൽനിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു. 24വെള്ളം ഭൂമിയിൽ നൂറ്റമ്പതു ദിവസം പൊങ്ങിക്കൊണ്ടിരുന്നു.
Copyright information for MalSC