Joshua 3

1അനന്തരം യോശുവ അതികാലത്തു എഴുന്നേറ്റു, അവനും യിസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്നു പുറപ്പെട്ടു യോർദ്ദാന്നരികെ വന്നു മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു. 2മൂന്നു ദിവസം കഴിഞ്ഞിട്ടു പ്രമാണികൾ പാളയത്തിൽകൂടി നടന്നു ജനത്തോടു കല്പിച്ചതെന്തെന്നാൽ: 3നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം. 4എന്നാൽ നിങ്ങൾക്കും അതിന്നും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോടു അടുക്കരുതു; അങ്ങനെ നിങ്ങൾ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങൾ മുമ്പെ പോയിട്ടില്ലല്ലോ. 5പിന്നെ യോശുവ ജനത്തോടു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും എന്നു പറഞ്ഞു. 6പുരോഹിതന്മാരോടു യോശുവ: നിങ്ങൾ നിയമപെട്ടകം എടുത്തു ജനത്തിന്നു മുമ്പായി അക്കരെ കടപ്പിൻ എന്നു പറഞ്ഞു. അങ്ങനെ അവർ നിയമപ്പെട്ടകം എടുത്തു ജനത്തിന്നു മുമ്പായി നടന്നു. 7പിന്നെ യഹോവ യോശുവയോടു: ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേൽ എല്ലാം അറിയേണ്ടതിന്നു ഞാൻ ഇന്നു അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും. 8നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാനിലെ വെള്ളത്തിന്റെ വക്കത്തു എത്തുമ്പോൾ യോർദ്ദാനിൽ നില്പാൻ കല്പിക്ക എന്നു അരുളിച്ചെയ്തു.

9യോശുവ യിസ്രായേൽമക്കളോടു: ഇവിടെ വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾപ്പിൻ എന്നു പറഞ്ഞു. 10യോശുവ പറഞ്ഞതെന്തെന്നാൽ: ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ടു; അവൻ നിങ്ങളുടെ മുമ്പിൽനിന്നു കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്നു നിങ്ങൾഇതിനാൽ അറിയും. 11ഇതാ, സർവ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങൾക്കു മുമ്പായി യോർദ്ദാനിലേക്കു കടക്കുന്നു. 12ആകയാൽ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾവീതം യിസ്രായേൽഗോത്രങ്ങളിൽനിന്നു പന്ത്രണ്ടു ആളെ കൂട്ടുവിൻ. 13സർവ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോൾ ഉടനെ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ടു മേൽനിന്നു ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും. 14അങ്ങനെ ജനം യോർദ്ദാന്നക്കരെ കടപ്പാൻ തങ്ങളുടെ കൂടാരങ്ങളിൽനിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിന്നു മുമ്പായി പെട്ടകം ചുമന്നുകൊണ്ടു യോർദ്ദാന്നരികെ വന്നു. 15കൊയിത്തുകാലത്തൊക്കെയും യോർദ്ദാൻ തീരമെല്ലാം കവിഞ്ഞു ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ മേൽ വെള്ളത്തിന്റെ ഒഴുക്കു നിന്നു; 16സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാർന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു. 17യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.

Joshua 4:1-19

1ജനമൊക്കെയും യോർദ്ദാൻ കടന്നുതീർന്നശേഷം യഹോവ യോശുവയോടു കല്പിച്ചതു എന്തെന്നാൽ: 2നിങ്ങൾ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം ജനത്തിൽനിന്നു പന്ത്രണ്ടുപേരെ കൂട്ടി അവരോടു: 3യോർദ്ദാന്റെ നടുവിൽ പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു എടുത്തു കരെക്കു കൊണ്ടുവന്നു ഈ രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്തു വെപ്പാൻ കല്പിപ്പിൻ. 4അങ്ങനെ യോശുവ യിസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു. 5യോശുവ അവരോടു പറഞ്ഞതു: യോർദ്ദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന്നു മുമ്പിൽ ചെന്നു യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്കു ഒത്തവണ്ണം നിങ്ങളിൽ ഓരോരുത്തൻ ഓരോ കല്ലു ചുമലിൽ എടുക്കേണം. 6ഇതു നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കേണം; ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കൾ വരുങ്കാലത്തു ചോദിക്കുമ്പോൾ: 7യോർദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പിൽ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോർദ്ദാനെ കടന്നപ്പോൾ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേൽമക്കൾക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം. 8യോശുവ കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു; യഹോവ യോശുവയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോർദ്ദാന്റെ നടുവിൽനിന്നു എടുത്തു തങ്ങൾ പാർത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു. 9യോർദ്ദാന്റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്തു യോശുവ പന്ത്രണ്ടു കല്ലു നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ടു. 10മോശെ യോശുവയോടു കല്പിച്ചതു ഒക്കെയും ജനത്തോടു പറവാൻ യഹോവ യോശുവയോടു കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്നു; ജനം വേഗത്തിൽ മറുകര കടന്നു. 11ജനമൊക്കെയും കടന്നു തീർന്നപ്പോൾ ജനം കാണ്ങ്കെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു. 12മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേൽമക്കൾക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നു. 13ഏകദേശം നാല്പതിനായിരംപേർ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു യെരീഹോസമഭൂമിയിൽ കടന്നു. 14അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി; 15അവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.

16യഹോവ യോശുവയോടു: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോർദ്ദാനിൽനിന്നു കയറുവാൻ കല്പിക്ക എന്നു അരുളിച്ചെയ്തു. 17അങ്ങനെ യോശുവ പുരോഹിതന്മാരോടു യോർദ്ദാനിൽനിന്നു കയറുവാൻ കല്പിച്ചു. 18യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാൽ കരെക്കു പൊക്കിവെച്ച ഉടനെ യോർദ്ദാനിലെ വെള്ളം വീണ്ടും അതിന്റെ സ്ഥലത്തേക്കു വന്നു മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞു ഒഴുകി. 19ഒന്നാം മാസം പത്താം തിയ്യതി ജനം യോർദ്ദാനിൽനിന്നു കയറി യെരീഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്ഗാലിൽ പാളയം ഇറങ്ങി.
Copyright information for MalSC