Leviticus 2

1ആരെങ്കിലും യഹോവെക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോൾ അവന്റെ വഴിപാടു നേരിയ മാവു ആയിരിക്കേണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം. 2അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ അതു കൊണ്ടുവരേണം. അവൻ മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതൻ അതു നിവേദ്യമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം. 3എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാർക്കും ഇരിക്കേണം. യഹോവെക്കുള്ള ദഹനയാഗങ്ങളിൽ ഇതു അതിവിശുദ്ധം.

4അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം. 5നിന്റെ വഴിപാടു ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം. 6അതു കഷണംകഷണമായി നുറക്കി അതിന്മേൽ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം. 7നിന്റെ വഴിപാടു ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം. 8ഇവകൊണ്ടു ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവെക്കു കൊണ്ടുവരേണം; അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അതു യാഗപീഠത്തിങ്കൽ കൊണ്ടുപോകയും വേണം. 9പുരോഹിതൻ ഭോജനയാഗത്തിന്റെ നിവേദ്യം എടുത്തു യാഗപീഠത്തിന്മേൽ യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം. 10ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാർക്കും ഇരിക്കേണം; അതു യഹോവെക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം. 11നിങ്ങൾ യഹോവെക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുതു; പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവെക്കു ദഹനയാഗമായി ദഹിപ്പിക്കരുതു. 12അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവെക്കു അർപ്പിക്കാം. എങ്കിലും സൗരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ കയറരുതു. 13നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലാവഴിപാടിന്നും ഉപ്പു ചേർക്കേണം.

14നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവെക്കു കഴിക്കുന്നു എങ്കിൽ കതിർ ചുട്ടു ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കേണം. 15അതിന്മേൽ എണ്ണ ഒഴിച്ചു അതിൻമീതെ കുന്തുരുക്കവും ഇടേണം; അതു ഒരു ഭോജനയാഗം. 16ഉതിർത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതൻ നിവേദ്യമായി ദഹിപ്പിക്കേണം; അതു യഹോവെക്കു ഒരു ദഹനയാഗം.
Copyright information for MalSC