Luke 4

1യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു. 2ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു. 3അപ്പോൾ പിശാചു അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലിനോടു അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു. 4 aയേശു അവനോടു: മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 5പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു: 6ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു. 7നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു. 8 bയേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 9പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.
10 c“നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും
11നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും”

എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

12 dയേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുളിച്ചെയ്തിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

13അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി.

14യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു. 15അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.

16അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. 17യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി:
18 e “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും
19 കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു”

എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.
20പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കൽ പതിഞ്ഞിരുന്നു. 21അവൻ അവരോടു: ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി. 22എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു. 23അവൻ അവരോടു: “വൈദ്യാ, നിന്നെത്തന്നേ സൗഖ്യമാക്കുക” എന്നുള്ള പഴഞ്ചൊല്ലും “കഫർന്നഹൂമിൽ ഉണ്ടായി കേട്ടതു എല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്ക” എന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം. 24 fഒരു പ്രവാചകനും തന്റെ പിതൃനഗരത്തിൽ സമ്മതനല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 25 gഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർത്ഥമായി നിങ്ങളോടു പറയുന്നു. 26 hഎന്നാൽ സീദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല. 27 iഅവ്വണ്ണം എലീശാപ്രവാചകന്റെ കാലത്തു യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല എന്നും അവൻ പറഞ്ഞു. 28പള്ളിയിലുള്ളവർ ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു 29അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു. 30അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി.

31അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചുപോന്നു. 32 jഅവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു. 33അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു. 34അവൻ നസറായനായ യേശുവേ, വിടു; ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നിരിക്കുന്നുവോ! നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു ഉറക്കെ നിലവിളിച്ചു. 35മിണ്ടരുതു; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ടു കേടു ഒന്നും വരുത്താതെ അവനെ വിട്ടുപോയി. 36എല്ലാവർക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്തു? അധികാരത്തോടും ശക്തിയോടുംകൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു. 37അവന്റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു.

38അവൻ പള്ളിയിൽനിന്നു ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോടു അപേക്ഷിച്ചു. 39അവൻ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.

40സൂര്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവർ ഒക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയും മേൽ കൈവെച്ചു അവരെ സൗഖ്യമാക്കി. 41പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയി; താൻ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.

42നേരം വെളുത്തപ്പോൾ അവൻ പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തേക്കു പോയി. പുരുഷാരം അവനെ തിരഞ്ഞു അവന്റെ അരികത്തു വന്നു തങ്ങളെ വിട്ടു പോകാതിരിപ്പാൻ അവനെ തടുത്തു. 43അവൻ അവരോടു:ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു എന്നു പറഞ്ഞു.

44അങ്ങനെ അവൻ ഗലീലയിലെ പള്ളികളിൽ പ്രസംഗിച്ചുപോന്നു.
Copyright information for MalSC