Zechariah 5

1ഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ, പാറിപ്പോകുന്ന ഒരു ചുരുൾ കണ്ടു. 2അവൻ എന്നോടു: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു: പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന്നു ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ടു എന്നു ഞാൻ ഉത്തരം പറഞ്ഞു. 3അവൻ എന്നോടു പറഞ്ഞതു: ഇതു സർവ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവൻ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവൻ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും. 4ഞാൻ അതിനെ പുറപ്പെടുവിച്ചിട്ടു അതു കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അതു അവന്റെ വീട്ടിന്നകത്തു താമസിച്ചു, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

5അനന്തരം എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തുവന്നു എന്നോടു: നീ തലപൊക്കി ഈ പുറപ്പെടുന്നതു എന്താകുന്നു എന്നു നോക്കുക എന്നു പറഞ്ഞു. 6അതെന്തെന്നു ഞാൻ ചോദിച്ചതിന്നു: പുറപ്പെടുന്നതായോരു ഏഫാ എന്നു അവൻ പറഞ്ഞു; അതു സർവ്വദേശത്തിലും ഉള്ള അവരുടെ അകൃത്യം എന്നും അവൻ പറഞ്ഞു. 7പിന്നെ ഞാൻ വട്ടത്തിലുള്ളോരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫയുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു. 8ഇതു ദുഷ്ടതയാകുന്നു എന്നു പറഞ്ഞു അവൻ അവളെ ഏഫയുടെ അകത്താക്കി ഈയ്യപ്പലകകൊണ്ടു അടെച്ചു. 9ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, രണ്ടു സ്ത്രീകൾ പുറത്തു വരുന്നതു കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവർക്കു പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവർ ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ ഏഫയെ പൊക്കിക്കൊണ്ടുപോയി. 10എന്നോടു സംസാരിക്കുന്ന ദൂതനോടു: അവർ ഏഫയെ എവിടേക്കു കൊണ്ടുപോകുന്നു എന്നു ഞാൻ ചോദിച്ചു. 11അതിന്നു അവൻ: ശിനാർദേശത്തു അവർ അവൾക്കു ഒരു വീടു പണിവാൻ പോകുന്നു; അതു തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും എന്നു എന്നോടു പറഞ്ഞു.
Copyright information for MalSC