1 Chronicles 25:1-8

1ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷെക്കായി വേർതിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാവിതു: 2ആസാഫിന്റെ പുത്രന്മാരോ: രാജാവിന്റെ കല്പനയാൽ പ്രവചിച്ച ആസാഫിന്റെ കീഴിൽ ആസാഫിന്റെ പുത്രന്മാരായ സക്കൂർ, യോസേഫ്, നെഥന്യാവു, അശരേലാ. 3യെദൂഥൂന്യരോ: യഹോവയെ വാഴ്ത്തിസ്തുതിക്കുന്നതിൽ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴിൽ ഗെദെല്യാവു, സെരി, യെശയ്യാവു, ഹശബ്യാവു, മത്ഥിഥയ്യാവു എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാർ ആറുപേർ. 4ഹേമാന്യരോ: ബുക്കീയാവു; മത്ഥന്യാവു, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവു, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത് എന്നിവർ ഹേമാന്റെ പുത്രന്മാർ. 5ഇവർ എല്ലാവരും ദൈവത്തിന്റെ വചനങ്ങളിൽ രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാർ. അവന്റെ കൊമ്പുയർത്തേണ്ടതിന്നു ദൈവം ഹേമാന്നു പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു. 6ഇവർ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷെക്കു കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തിൽ സംഗീതത്തിന്നായി താന്താങ്ങളുടെ അപ്പന്റെ കീഴിലും ആസാഫും യെദൂഥൂനും ഹേമാനും നേരെ രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു. 7യഹോവെക്കു സംഗീതം ചെയ്‌വാൻ അഭ്യാസം പ്രാപിച്ച നിപുണന്മാരായവരുടെ സകലസഹോദരന്മാരുമായി അവരുടെ സംഖ്യ ഇരുനൂറ്റെണ്പത്തെട്ടു. 8താന്താങ്ങളുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിന്നു അവർ ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരുപോലെ ചീട്ടിട്ടു.
Copyright information for MalSC