1 Kings 11:1-8

1 aശലോമോൻരാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു. 2 bനിങ്ങൾക്കു അവരോടു കൂടിക്കലർച്ച അരുതു; അവർക്കു നിങ്ങളോടും കൂടിക്കലർച്ച അരുതു; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യഹോവ യിസ്രായേൽമക്കളോടു അരുളിച്ചെയ്ത അന്യജാതികളിൽനിന്നുള്ളവരെ തന്നേ; അവരോടു ശലോമോൻ സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു. 3അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. 4എങ്ങനെയെന്നാൽ ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല. 5ശലോമോൻ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്ക്കോമിനെയും ചെന്നു സേവിച്ചു 6തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണ്ണമായി അനുസരിക്കാതെ ശലോമോൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. 7അന്നു ശലോമോൻ യെരൂശലേമിന്നു എതിരെയുള്ള മലയിൽ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലേക്കിന്നും ഓരോ പൂജാഗിരി പണിതു. 8തങ്ങളുടെ ദേവന്മാർക്കു ധൂപം കാട്ടിയും ബലികഴിച്ചുംപോന്ന അന്യജാതിക്കാരത്തികളായ സകലഭാര്യമാർക്കും വേണ്ടി അവൻ അങ്ങനെ ചെയ്തു.
Copyright information for MalSC