1 Kings 7:15-26

15അവൻരണ്ടു താമ്രസ്തംഭം ഉണ്ടാക്കി; ഓരോന്നിന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും ഉണ്ടായിരുന്നു. 16സ്തംഭങ്ങളുടെ തലെക്കൽ വെപ്പാൻ അവൻ താമ്രംകൊണ്ടു രണ്ടു പോതിക വാർത്തുണ്ടാക്കി; പോതിക ഓരോന്നും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു. 17സ്തംഭങ്ങളുടെ തലെക്കലെ പോതികെക്കു വലപോലെയുള്ള വിചിത്രപ്പണിയും മാലയും ഉണ്ടായിരുന്നു. പോതിക ഓരോന്നിന്നും ഇങ്ങനെ ഏഴേഴുണ്ടായിരുന്നു. 18അങ്ങനെ അവൻ സ്തംഭങ്ങളെ ഉണ്ടാക്കി; അവയുടെ തലെക്കലുള്ള പോതിക മൂടത്തക്കവണ്ണം ഒരു പോതികയുടെ വലപ്പണിക്കുമീതെ രണ്ടു വരി മാതളപ്പഴം ഉണ്ടാക്കി; മറ്റെ പോതികെക്കും അവൻ അങ്ങനെ തന്നേ ഉണ്ടാക്കി. 19മണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലെക്കലെ പോതിക താമരപ്പൂവിന്റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു. 20രണ്ടു സ്തംഭത്തിന്റെയും തലെക്കൽ പോതിക ഉണ്ടായിരുന്നു. ഒരു പോതികെക്കു വലപ്പണിക്കരികെ കുംഭത്തോടു ചേർന്നു ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം ഉണ്ടായിരുന്നു; മറ്റെ പോതികെക്കും അങ്ങനെ തന്നെ. 21അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതില്ക്കൽ നിറുത്തി; അവൻ വലത്തെ സ്തംഭം നിറുത്തി അതിന്നു യാഖീൻ എന്നും ഇടത്തെ സ്തംഭം നിറുത്തി അതിന്നു ബോവസ് എന്നും പേരിട്ടു. 22സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി തീർന്നു. 23അവൻ ഒരു കടൽ വാർത്തുണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടുവക്കു പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു. 24അതിന്റെ വക്കിന്നു താഴെ, പുറത്തു, മുഴം ഒന്നിന്നു പത്തു കുമിഴ് വീതം കടലിന്നു ചുറ്റും ഉണ്ടായിരുന്നു; അതു വാർത്തപ്പോൾ തന്നെ കുമിഴും രണ്ടു നിരയായി വാർത്തിരുന്നു. 25അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു; അവയിൽ മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടൽ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ടഭാഗം ഒക്കെയും അകത്തോട്ടു ആയിരുന്നു. 26അതിന്റെ കനം നാലംഗുലം; അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളും.
Copyright information for MalSC