1 Samuel 13:8-14

8 aശമൂവേൽ നിശ്ചയിച്ചിരുന്ന അവധിഅനുസരിച്ചു അവൻ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി. 9അപ്പോൾ ശൗൽ: ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു; അവൻ തന്നേ ഹോമയാഗം കഴിച്ചു. 10ഹോമയാഗം കഴിച്ചു തീർന്ന ഉടനെ ഇതാ, ശമൂവേൽ വരുന്നു; ശൗൽ അവനെ വന്ദനം ചെയ്‌വാൻ എതിരേറ്റുചെന്നു. 11നീ ചെയ്തതു എന്തു എന്നു ശമൂവേൽ ചോദിച്ചു. അതിന്നു ശൗൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്കു നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടിട്ടു: 12ഫെലിസ്ത്യർ ഇപ്പോൾ ഇങ്ങു ഗില്ഗാലിൽ വന്നു എന്നെ ആക്രമിക്കും; ഞാൻ യഹോവയോടു കൃപെക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നുവെച്ചു ഞാൻ ധൈര്യപ്പെട്ടു ഹോമയാഗം കഴിച്ചുപോയി എന്നു പറഞ്ഞു. 13ശമൂവേൽ ശൗലിനോടു പറഞ്ഞതു: നീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു. 14 bഇപ്പോഴോ നിന്റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.
Copyright information for MalSC