1 Samuel 2:27-36

27അനന്തരം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽ വന്നു അവനോടു പറഞ്ഞതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്റെ ഗൃഹത്തിന്നു അടിമകളായിരുന്നപ്പോൾ ഞാൻ അവർക്കു വെളിപ്പെട്ടു നിശ്ചയം. 28 aഎന്റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ് ധരിപ്പാനും ഞാൻ അവനെ യിസ്രായേലിന്റെ സകലഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകലദഹനയാഗങ്ങളെയും ഞാൻ നിന്റെ പിതൃഭവനത്തിന്നു കൊടുത്തു. 29തിരുനിവാസത്തിൽ അർപ്പിപ്പാൻ ഞാൻ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങൾ ചവിട്ടുകയും എന്റെ ജനമായ യിസ്രായേലിന്റെ എല്ലാവഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നേ കൊഴുപ്പിപ്പാൻ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കയും ചെയ്യുന്നതു എന്തു? 30ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതു: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. 31നിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്റെ ഭുജവും നിന്റെ പിതൃഭവനത്തിന്റെ ഭുജവും തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു. 32യിസ്രായേലിന്നു ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തിൽ ഒരു പ്രതിയോഗിയെ കാണും; നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധൻ ഉണ്ടാകയുമില്ല. 33നിന്റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാൻ നിന്റെ ഭവനത്തിൽ ഒരുത്തനെ എന്റെ യാഗപീഠത്തിൽ നിന്നു ഛേദിച്ചുകളയാതെ വെച്ചേക്കും; നിന്റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തിൽ മരിക്കും. 34 bനിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിന്നും ഭവിപ്പാനിരിക്കുന്നതു നിനക്കു ഒരു അടയാളം ആകും; അവർ ഇരുവരും ഒരു ദിവസത്തിൽ തന്നേ മരിക്കും. 35എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും. 36നിന്റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്റെ അടുക്കൽ വന്നു ഒരു വെള്ളിക്കാശിന്നും ഒരു അപ്പത്തിന്നുമായിട്ടു അവനെ കുമ്പിട്ടു: ഒരു കഷണം അപ്പം തിന്മാൻ ഇടവരേണ്ടതിന്നു എന്നെ ഒരു പുരോഹിതന്റെ വേലെക്കാക്കേണമേ എന്നു അപേക്ഷിക്കും.
Copyright information for MalSC