2 Chronicles 29

1യെഹിസ്കീയാവു ഇരുപത്തഞ്ചാം വയസ്സിൽ വാഴ്ച തുടങ്ങി; ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അബീയാ എന്നു പേർ. അവൾ സെഖയ്യാവിന്റെ മകൾ ആയിരുന്നു. 2അവൻ തന്റെ അപ്പനായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. 3അവൻ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസത്തിൽ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു അറ്റകുറ്റം തീർത്തു. 4അവൻ പുരോഹിതന്മാരെയും ലേവ്യരെയും വരുത്തി കിഴക്കെ വിശാലസ്ഥലത്തു ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞതെന്തെന്നാൽ: 5ലേവ്യരേ, എന്റെ വാക്കു കേൾപ്പിൻ, ഇപ്പോൾ നിങ്ങൾ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ചു വിശുദ്ധമന്ദിരത്തിൽനിന്നു മലിനത നീക്കിക്കളവിൻ. 6നമ്മുടെ പിതാക്കന്മാർ അകൃത്യം ചെയ്തു, നമ്മുടെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു പ്രവർത്തിച്ചു അവനെ ഉപേക്ഷിക്കയും യഹോവയുടെ നിവാസത്തിങ്കൽനിന്നു മുഖം തിരിച്ചു അതിന്നു പുറം കാട്ടുകയും ചെയ്തുവല്ലോ. 7അവർ മണ്ഡപത്തിന്റെ വാതിലുകൾ അടെച്ചു, വിളക്കു കെടുത്തി, വിശുദ്ധമന്ദിരത്തിൽ യിസ്രായേലിന്റെ ദൈവത്തിന്നു ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു. 8അതുകൊണ്ടു യഹോവയുടെ കോപം യെഹൂദയുടെയും യെരൂശലേമിന്റെയും മേൽ വന്നു; നിങ്ങൾ സ്വന്തകണ്ണാൽ കാണുന്നതുപോലെ അവൻ അവരെ നടുക്കത്തിന്നും അമ്പരപ്പിന്നും ഹാസ്യത്തിന്നും വിഷയമാക്കിത്തീർത്തിരിക്കുന്നു. 9നമ്മുടെ പിതാക്കന്മാർ വാളിനാൽ വീഴുകയും നമ്മുടെ പുത്രന്മാരും പുത്രിമാരും നമ്മുടെ ഭാര്യമാരും ഇതുനിമിത്തം പ്രവാസത്തിൽ ആകയും ചെയ്തിരിക്കുന്നു. 10ഇപ്പോൾ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറേണ്ടതിന്നു അവനോടു ഒരു നിയമം ചെയ്‌വാൻ എനിക്കു താല്പര്യം ഉണ്ടു. 11എന്റെ മക്കളേ, ഇപ്പോൾ ഉപേക്ഷ കാണിക്കരുതു; തന്നേ ശുശ്രൂഷിക്കേണ്ടതിന്നു തന്റെ സന്നിധിയിൽ നില്പാനും തനിക്കു ശുശ്രൂഷക്കാരായി ധൂപം കാട്ടുവാനും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ.

12അപ്പോൾ കെഹാത്യരിൽ അമാസായിയുടെ മകൻ മഹത്ത്, അസര്യാവിന്റെ മകൻ യോവേൽ, മെരാര്യരിൽ അബ്ദിയുടെ മകൻ കീശ്, യെഹല്ലെലേലിന്റെ മകൻ അസര്യാവു; ഗേർശോന്യരിൽ സിമ്മയുടെ മകൻ യോവാഹ്, 13യോവാഹിന്റെ മകൻ ഏദെൻ; എലീസാഫാന്യരിൽ സിമ്രി, യെയൂവേൽ; ആസാഫ്യരിൽ സെഖര്യാവു, മത്ഥന്യാവു; 14ഹേമാന്യരിൽ യെഹൂവേൽ, ശിമെയി; യെദൂഥൂന്യരിൽ ശിമയ്യാവു, ഉസ്സീയേൽ എന്നീ ലേവ്യർ എഴുന്നേറ്റു. 15തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ചു കൂട്ടി തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ വചനപ്രകാരം രാജാവിന്റെ കല്പന അനുസരിച്ചു യഹോവയുടെ ആലയത്തെ വെടിപ്പാക്കുവാൻ വന്നു. 16പുരോഹിതന്മാർ യഹോവയുടെ ആലയത്തിന്റെ അകം വെടിപ്പാക്കുവാൻ അതിൽ കടന്നു യഹോവയുടെ ആലയത്തിൽ കണ്ട മലിനതയൊക്കെയും പുറത്തു യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ കൊണ്ടുവന്നു; ലേവ്യർ അതു കൊണ്ടു പോയി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു. 17ഒന്നാം മാസം ഒന്നാം തിയ്യതി അവർ വിശുദ്ധീകരിപ്പാൻ തുടങ്ങി; എട്ടാം തിയ്യതി അവർ യഹോവയുടെ മണ്ഡപത്തിങ്കൽ എത്തി; ഇങ്ങനെ അവർ എട്ടുദിവസംകൊണ്ടു യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തിയ്യതി തീർത്തു, 18യെഹിസ്കീയാ രാജാവിന്റെ അടുക്കൽ അകത്തു ചെന്നു; ഞങ്ങൾ യഹോവയുടെ ആലയം മുഴുവനും ഹോമപീഠവും അതിന്റെ ഉപകരണങ്ങൾ ഒക്കെയും കാഴ്ചയപ്പത്തിന്റെ മേശയും അതിന്റെ ഉപകരണങ്ങൾ ഒക്കെയും വെടിപ്പാക്കി, 19ആഹാസ്‌ രാജാവു തന്റെ വാഴ്ചകാലത്തു തന്റെ ദ്രോഹത്താൽ നീക്കിക്കളഞ്ഞ ഉപകരണങ്ങൾ ഒക്കെയും നന്നാക്കി വിശുദ്ധീകരിച്ചിരിക്കുന്നു; അവ യഹോവയുടെ യാഗപീഠത്തിൻമുമ്പിൽ ഉണ്ടു എന്നു പറഞ്ഞു.

20യെഹിസ്കീയാരാജാവു കാലത്തെ എഴുന്നേറ്റു നഗരാധിപതികളെ കൂട്ടി യഹോവയുടെ ആലയത്തിലേക്കു ചെന്നു. 21അവർ രാജത്വത്തിന്നും വിശുദ്ധമന്ദിരത്തിന്നും യെഹൂദെക്കും വേണ്ടി ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഏഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു ഏഴു വെള്ളാട്ടുകൊറ്റനെയും കൊണ്ടുവന്നു; അവയെ യഹോവയുടെ യാഗപീഠത്തിന്മേൽ യാഗം കഴിപ്പാൻ അവൻ അഹരോന്യരായ പുരോഹിതന്മാരോടു കല്പിച്ചു. 22അങ്ങനെ അവർ കാളകളെ അറുത്തു; പുരോഹിതന്മാർ രക്തം വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു; ആട്ടുകൊറ്റന്മാരെ അറുത്തു രക്തം യാഗപീഠത്തിന്മേൽ തളിച്ചു. കുഞ്ഞാടുകളെ അറുത്തു രക്തം യാഗപീഠത്തിന്മേൽ തളിച്ചു. 23പിന്നെ അവർ പാപയാഗത്തിന്നുള്ള വെള്ളാട്ടുകൊറ്റന്മാരെ രാജാവിന്റെയും സഭയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അവയുടെമേൽ കൈവെച്ചു. 24പുരോഹിതന്മാർ അവയെ അറുത്തു എല്ലായിസ്രായേലിന്നും പ്രായശ്ചിത്തം വരുത്തേണ്ടതിന്നു അവയുടെ രക്തം യാഗപീഠത്തിന്മേൽ പാപയാഗമായി അർപ്പിച്ചു; എല്ലായിസ്രായേലിന്നും വേണ്ടി ഹോമയാഗവും പാപയാഗവും കഴിക്കേണം എന്നു രാജാവു കല്പിച്ചിരുന്നു. 25അവൻ ദാവീദിന്റെയും രാജാവിന്റെ ദർശകനായ ഗാദിന്റെയും നാഥാൻപ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തിൽ നിർത്തി; അങ്ങനെ പ്രവാചകന്മാർമുഖാന്തരം യഹോവ കല്പിച്ചിരുന്നു. 26ലേവ്യർ ദാവീദിന്റെ വാദ്യങ്ങളോടും പുരോഹിതന്മാർ കാഹളങ്ങളോടും കൂടെ നിന്നു. 27പിന്നെ യെഹിസ്കീയാവു യാഗപീഠത്തിന്മേൽ ഹോമയാഗം കഴിപ്പാൻ കല്പിച്ചു. ഹോമയാഗം തുടങ്ങിയപ്പോൾ തന്നേ അവർ കാഹളങ്ങളോടും യിസ്രായേൽരാജാവായ ദാവീദിന്റെ വാദ്യങ്ങളോടും കൂടെ യഹോവെക്കു പാട്ടുപാടുവാൻ തുടങ്ങി. 28ഉടനെ സർവ്വസഭയും നമസ്കരിച്ചു, സംഗീതക്കാർ പാടുകയും കാഹളക്കാർ ഊതുകയും ചെയ്തു; ഇതൊക്കെയും ഹോമയാഗം കഴിയുന്നതുവരെ ചെയ്തുകൊണ്ടിരുന്നു. 29യാഗം കഴിച്ചു തീർന്നപ്പോൾ രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാവരും വണങ്ങി നമസ്കരിച്ചു. 30പിന്നെ യെഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്റെയും ആസാഫ് ദർശകന്റെയും വചനങ്ങളാൽ യഹോവെക്കു സ്തോത്രം ചെയ്‌വാൻ കല്പിച്ചു. അവൻ സന്തോഷത്തോടെ സ്തോത്രം ചെയ്തു തല കുനിച്ചു നമസ്കരിച്ചു. 31നിങ്ങൾ ഇപ്പോൾ യഹോവെക്കു നിങ്ങളെത്തന്നേ നിവേദിച്ചിരിക്കുന്നു; അടുത്തുവന്നു യഹോവയുടെ ആലയത്തിൽ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരുവിൻ എന്നു യെഹിസ്കീയാവു പറഞ്ഞു; അങ്ങനെ സഭ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും നല്ല മനസ്സുള്ളവർ എല്ലാവരും ഹോമയാഗങ്ങളും കൊണ്ടുവന്നു. 32സഭ കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം കാള എഴുപതു, ആട്ടുകൊറ്റൻ നൂറു, കുഞ്ഞാടു ഇരുനൂറു; ഇവയൊക്കെയും യഹോവെക്കു മഹായാഗത്തിന്നായിരുന്നു. 33നിവേദിതവസ്തുക്കളോ അറുനൂറു കാളയും മൂവായിരം ആടും ആയിരുന്നു. 34പുരോഹിതന്മാർ ചുരുക്കമായിരുന്നതിനാൽ ഹോമയാഗങ്ങളെല്ലം തോലുരിപ്പാൻ അവർക്കു കഴിഞ്ഞില്ല; അതുകൊണ്ടു അവരുടെ സഹോദരന്മാരായ ലേവ്യർ ആ വേല തീരുവോളവും പുരോഹിതന്മാരൊക്കെയും തങ്ങളെത്തന്നേ വിശുദ്ധീകരിക്കുവോളവും അവരെ സഹായിച്ചു; തങ്ങളെത്തന്നേ വിശുദ്ധീകരിക്കുന്നതിൽ ലേവ്യർ പുരോഹിതന്മാരെക്കാൾ അധികം ഉത്സാഹമുള്ളവരായിരുന്നു. 35ഹോമയാഗങ്ങൾ സമാധാനയാഗങ്ങൾക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങൾക്കുള്ള പാനീയയാഗങ്ങളോടും കൂടെ അനവധി ആയിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി. 36ദൈവം ജനത്തിന്നു ഒരുക്കിക്കൊടുത്തതിൽ യെഹിസ്കീയാവും സകലജനവും സന്തോഷിച്ചു; കാര്യം ക്ഷണത്തിലല്ലോ നടന്നതു.

2 Chronicles 30

1 aഅനന്തരം യെഹിസ്കീയാവു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പെസഹ ആചരിക്കേണ്ടതിന്നു യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു വരുവാൻ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും അടുക്കൽ ആളയച്ചു; എഫ്രയീമിന്നും മനശ്ശെക്കും എഴുത്തും എഴുതി. രണ്ടാം മാസത്തിൽ പെസഹ ആചരിക്കണമെന്നു 2രാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ സർവ്വസഭയും നിർണ്ണയിച്ചിരുന്നു. 3പുരോഹിതന്മാർ വേണ്ടുന്നത്രയും പേർ തങ്ങളെത്തന്നേ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ടു സമയത്തു അതു ആചരിപ്പാൻ അവർക്കു കഴിഞ്ഞിരുന്നില്ല. 4ആ കാര്യം രാജാവിന്നും സർവ്വസഭെക്കും സമ്മതമായി. 5ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പെസഹ ആചരിപ്പാൻ വരേണ്ടതിന്നു ബേർ-ശേബമുതൽ ദാൻവരെ എല്ലായിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്നു ഒരു തീർപ്പുണ്ടാക്കി. അവർ ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല. 6അങ്ങനെ ഓട്ടാളർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും എഴുത്തുകൾ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും ഇടയിൽ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞതു എന്തെന്നാൽ: യിസ്രായേൽമക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ നിങ്ങളിൽ അശ്ശൂർരാജാക്കന്മാരുടെ കയ്യിൽനിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്റെ അടുക്കലേക്കു തിരിയേണ്ടതിന്നു നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുകൊൾവിൻ. 7തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും നിങ്ങളുടെ സഹോദരന്മാരെയും പോലെ നിങ്ങൾ ആകരുതു; അവൻ അവരെ നാശത്തിന്നു ഏല്പിച്ചുകളഞ്ഞതു നിങ്ങൾ കാണുന്നുവല്ലോ. 8ആകയാൽ നിങ്ങളുടെ പിതാക്കന്മാരേപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുതു; യഹോവെക്കു നിങ്ങളെത്തന്നേ ഏല്പിച്ചുകൊൾവിൻ; അവൻ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന അവന്റെ വീശുദ്ധമന്ദിരത്തിലേക്കു വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന്നു അവനെ സേവിപ്പിൻ. 9നിങ്ങൾ യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടു പോയവരോടു കരുണ ലഭിച്ചു ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുവരുന്നു എങ്കിൽ അവൻ നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല. 10ആങ്ങനെ ഓട്ടാളർ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂൻവരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു. 11എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു. 12യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവർക്കു ഐകമത്യം നല്കുവാൻ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു. 13അങ്ങനെ രണ്ടാം മാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാൻ ബഹുജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമിൽ വന്നുകൂടി. 14അവർ എഴുന്നേറ്റു യെരൂശലേമിൽ ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകലധൂപകലശങ്ങളെയും എടുത്തു കിദ്രോൻതോട്ടിൽ എറിഞ്ഞുകളഞ്ഞു. 15രണ്ടാം മാസം പതിന്നാലാം തിയ്യതി അവർ പെസഹ അറുത്തു; എന്നാൽ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ചു തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ ആലയത്തിൽ ഹോമയാഗങ്ങളെ കൊണ്ടുവന്നു. 16അവർ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങൾക്കുള്ള വിധി അനുസരിച്ചു തങ്ങളുടെ സ്ഥാനത്തു നിന്നു; പുരോഹിതന്മാർ ലേവ്യരുടെ കയ്യിൽനിന്നു രക്തം വാങ്ങി തളിച്ചു. 17തങ്ങളെത്തന്നേ വിശുദ്ധീകരിക്കാത്തവർ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഓരോരുത്തന്നു വേണ്ടി പെസഹ അറുത്തു യെഹോവെക്കു നിവേദിക്കേണ്ടതിന്നു ലേവ്യർ ഭരമേറ്റിരുന്നു. 18വലിയോരു ജനസമൂഹം, എപ്രയീമിൽനിന്നു മനശ്ശെയിൽനിന്നും യിസ്സാഖാരിൽനിന്നും സെബൂലൂനിൽനിന്നും ഉള്ള അനേകർ, തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തിൽ പെസഹ തിന്നു. എന്നാൽ യെഹിസ്കീയാവു അവർക്കു വേണ്ടി പ്രാർത്ഥിച്ചു: 19വിശുദ്ധമന്ദിരത്തിന്നു ആവശ്യമായ വിശുദ്ധീകരണംപോലെ വിശുദ്ധനായില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെത്തന്നേ അന്വേഷിപ്പാൻ മനസ്സുവെക്കുന്ന എല്ലാവനോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ എന്നു പറഞ്ഞു. 20യഹോവ യെഹിസ്കീയാവിന്റെ പ്രാർത്ഥന കേട്ടു ജനത്തെ സൗഖ്യമാക്കി. 21അങ്ങനെ യെരൂശലേമിൽ വന്നുകൂടിയിരുന്ന യിസ്രായേൽമക്കൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാൽ യഹോവെക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു. 22യെഹിസ്കീയാവു യഹോവയുടെ ശുശ്രൂഷയിൽ സാമർത്ഥ്യം കാണിച്ച എല്ലാലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവർ സമാധാനയാഗങ്ങൾ അർപ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ടു ഏഴുദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു. 23പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാൻ സർവ്വസഭയും നിർണ്ണയിച്ചു. അങ്ങനെ അവർ വേറെ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു. 24യെഹൂദാരാജാവായ യെഹിസ്കീയാവു സഭെക്കു ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭെക്കു ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാർ തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു. 25യെഹൂദയുടെ സർവ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലിൽനിന്നു വന്ന സർവ്വസഭയും യിസ്രായേൽ ദേശത്തുനിന്നു വന്നു യെഹൂദയിൽ പാർത്തിരുന്ന പരദേശികളും സന്തോഷിച്ചു. 26അങ്ങനെ യെരൂശലേമിൽ മഹാസന്തോഷം ഉണ്ടായി; യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലംമുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല. 27ഒടുവിൽ ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേൾക്കപ്പെടുകയും അവരുടെ പ്രാർത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വർഗ്ഗത്തിൽ എത്തുകയും ചെയ്തു.

2 Chronicles 31

1ഇതൊക്കെയും തീർന്നശേഷം വന്നുകൂടിയിരുന്ന എല്ലായിസ്രായേലും യെഹൂദാനഗരങ്ങളിലേക്കു ചെന്നു സ്തംഭവിഗ്രഹങ്ങളെ തകർത്തു എല്ലായെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകളെ വെട്ടി പുജാഗിരികളെയും ബലിപീഠങ്ങളെയും ഇടിച്ചുനശിപ്പിച്ചുകളഞ്ഞു. പിന്നെ യിസ്രായേൽമക്കൾ എല്ലാവരും ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി. 2അനന്തരം യെഹിസ്കീയാവു പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകളെ കൂറുകൂറായി ഓരോരുത്തനെ അവനവന്റെ ശുശ്രൂഷപ്രകാരം പുരോഹിതന്മാരെയും ലേവ്യരെയും ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാനും യഹോവയുടെ പാളയത്തിന്റെ വാതിലുകളിൽ ശുശ്രൂഷിപ്പാനും സ്തോത്രം ചെയ്തു വാഴ്ത്തുവാനും നിയമിച്ചു. 3 bരാജാവു ഹോമയാഗങ്ങൾക്കായിട്ടു, യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ കാലത്തെയും വൈകുന്നേരത്തെയും ഹോമയാഗങ്ങൾക്കായിട്ടും ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും ഉള്ള ഹോമയാഗങ്ങൾക്കായിട്ടും തന്നേ സ്വന്തവകയിൽനിന്നു ഒരു ഓഹരി നിശ്ചയിച്ചു. 4 cയെരൂശലേമിൽ പാർത്ത ജനത്തോടു അവൻ പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ഉറ്റിരിക്കേണ്ടതിന്നു അവരുടെ ഓഹരി കൊടുപ്പാൻ കല്പിച്ചു. 5ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, എണ്ണ, തേൻ, വയലിലെ എല്ലാവിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്റെയും ദശാംശവും അനവധി കൊണ്ടുവന്നു. 6യെഹൂദാനഗരങ്ങളിൽ പാർത്ത യിസ്രായേല്യരും യെഹൂദ്യരും കൂടെ കാളകളിലും ആടുകളിലും ദശാംശവും തങ്ങളുടെ ദൈവമായ യഹോവെക്കു നിവേദിച്ചിരുന്ന നിവേദിതവസ്തുക്കളിൽ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി. 7മൂന്നാം മാസത്തിൽ അവർ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തിൽ തീർത്തു. 8യെഹിസ്കീയാവും പ്രഭുക്കന്മാരും വന്നു കൂമ്പാരങ്ങളെ കണ്ടപ്പോൾ അവർ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും വാഴ്ത്തി. 9യെഹിസ്കീയാവു കൂമ്പാരങ്ങളെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു. 10അതിന്നു സാദോക്കിന്റെ ഗൃഹത്തിൽ മഹാപുരോഹിതനായ അസര്യാവു അവനോടു: ജനം ഈ വഴിപാടുകളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു തുടങ്ങിയതുമുതൽ ഞങ്ങൾ തിന്നു തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം എന്നുത്തരം പറഞ്ഞു.

11അപ്പോൾ യെഹിസ്കീയാവു യഹോവയുടെ ആലയത്തിൽ അറകൾ ഒരുക്കുവാൻ കല്പിച്ചു; 12അങ്ങനെ അവർ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്തുകൊണ്ടുവന്നു: ലേവ്യനായ കോനന്യാവു അവെക്കു മേൽവിചാരകനും അവന്റെ അനുജൻ ശിമെയി രണ്ടാമനും ആയിരുന്നു. 13യെഹിസ്കീയാരാജാവിന്റെയും ദൈവാലയപ്രമാണിയായ അസര്യാവിന്റെയും ആജ്ഞപ്രകാരം യെഹീയേൽ, അസസ്യാവു, നഹത്ത്, അസാഹേൽ, യെരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്മഖ്യാവു, മഹത്ത്, ബെനായാവു എന്നിവർ കോനന്യാവിന്റെയും അവന്റെ അനുജൻ ശിമെയിയുടെയും കീഴിൽ വിചാരകന്മാരായിരുന്നു. 14കിഴക്കെ വാതിൽകാവല്ക്കാരനായി ലേവ്യനായ യിമ്നയുടെ മകനായ കോരേ യഹോവയുടെ വഴിപാടുകളെയും അതിവിശുദ്ധവസ്തുക്കളെയും വിഭാഗിച്ചുകൊടുപ്പാൻ ദൈവത്തിന്നുള്ള ഔദാര്യദാനങ്ങൾക്കു മേൽവിചാരകനായിരുന്നു. 15അവന്റെ കീഴിൽ തങ്ങളുടെ സഹോദരന്മാർക്കും, വലിയവർക്കും ചെറിയവർക്കും കൂറുകൂറായി കൊടുപ്പാൻ ഏദെൻ, മിന്യാമീൻ, യേശുവ, ശെമയ്യാവു, അമര്യാവു, ശെഖന്യാവു എന്നിവർ പുരോഹിതനഗരങ്ങളിൽ ഉദ്യോഗസ്ഥന്മാരായിരുന്നു. 16മൂന്നു വയസ്സുമുതൽ മേലോട്ടു വംശാവലിയിൽ ചാർത്തപ്പെട്ടിരുന്ന ആണുങ്ങളായി ഓരോ ദിവസത്തിന്റെ ആവശ്യംപോലെ കൂറുകൂറായി താന്താങ്ങളുടെ തവണെക്കു ശുശ്രൂഷെക്കായിട്ടു 17ആലയത്തിൽ വരുന്നവരെയും പുരോഹിതന്മാരുടെ വംശാവലിയിൽ പിതൃഭവനംപിതൃഭവനമായി ചാർത്തപ്പെട്ടവരെയും ഇരുപതു വയസ്സുമുതൽ മേലോട്ടു കൂറുകൂറായി താന്താങ്ങളുടെ തവണമുറെക്കു ചാർത്തപ്പെട്ട ലേവ്യരെയും ഒഴിച്ചിരുന്നു. 18സർവ്വസഭയിലും അവരുടെ എല്ലാകുഞ്ഞുങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി വംശാവലിയിൽ ചാർത്തപ്പെട്ടവർക്കുംകൂടെ ഓഹരി കൊടുക്കേണ്ടതായിരുന്നു. അവർ തങ്ങളുടെ ഉദ്യോഗങ്ങൾക്കൊത്തവണ്ണം തങ്ങളെത്തന്നേ വിശുദ്ധിയിൽ വിശുദ്ധീകരിച്ചുപോന്നു. 19പുരോഹിതന്മാരുടെ സകലപുരുഷപ്രജെക്കും ലേവ്യരിൽ വംശാവലിയായി ചാർത്തപ്പെട്ട എല്ലാവർക്കും ഓഹരികൊടുക്കേണ്ടതിന്നു അവരുടെ പട്ടണങ്ങളുടെ പുല്പുറപ്രദേശങ്ങളിലെ അഹരോന്യരായ പുരോഹിതന്മാർക്കും ഓരോ പട്ടണത്തിൽ പേർവിവരം പറഞ്ഞിരുന്ന പുരുഷന്മാരുണ്ടായിരുന്നു. 20യെഹിസ്കീയാവു യെഹൂദയിൽ ഒക്കെയും ഇവ്വണ്ണം ചെയ്തു; തന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നന്മയും ന്യായവും സത്യവും ആയുള്ളതു പ്രവർത്തിച്ചു. 21അവൻ ദൈവാലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ന്യായപ്രമാണവും കല്പനയും സംബന്ധിച്ചും തന്റെ ദൈവത്തെ അന്വേഷിക്കേണ്ടതിന്നു ആരംഭിച്ച സകലപ്രവൃത്തിയിലും പൂർണ്ണഹൃദയത്തോടെ പ്രവർത്തിച്ചു കൃതാർത്ഥനായിരുന്നു.

2 Chronicles 32

1ഈ കാര്യങ്ങളും ഈ വിശ്വസ്തപ്രവൃത്തിയും കഴിഞ്ഞശേഷം അശ്ശൂർരാജാവായ സൻഹേരീബ് വന്നു യെഹൂദയിൽ കടന്നു ഉറപ്പുള്ള പട്ടണങ്ങളെ നിരോധിച്ചു കൈവശമാക്കുവാൻ വിചാരിച്ചു. 2സൻഹേരീബ് വന്നു യെരൂശലേമിനെ ആക്രമിപ്പാൻ ഭാവിക്കുന്നു എന്നു യെഹിസ്കീയാവു കണ്ടിട്ടു 3പട്ടണത്തിന്നു പുറത്തുള്ള ഉറവുകളിലെ വെള്ളം നിർത്തിക്കളയേണ്ടതിന്നു തന്റെ പ്രഭുക്കന്മാരോടും വീരന്മാരോടും ആലോചിച്ചു; അവർ അവനെ സഹായിച്ചു. 4അങ്ങനെ വളരെ ജനം ഒന്നിച്ചുകൂടി; അശ്ശൂർരാജാക്കന്മാർ വന്നു വളരെ വെള്ളം കാണുന്നതു എന്തിന്നു എന്നു പറഞ്ഞു എല്ലാഉറവുകളും ദേശത്തിന്റെ നടുവിൽകൂടി ഒഴുകിയ തോടും അടെച്ചുകളഞ്ഞു. 5അവൻ ധൈര്യപ്പെട്ടു, ഇടിഞ്ഞുപോയ മതിലൊക്കെയും പണിതു, ഗോപുരങ്ങളും പുറത്തു വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്റെ നഗരത്തിലെ മില്ലോവിന്റെ കേടും പോക്കി, അനവധി കുന്തവും പരിചയും ഉണ്ടാക്കി. 6അവൻ ജനത്തിന്നു പടനായകന്മാരെ നിയമിച്ചു. അവരെ നഗരവാതില്ക്കലുള്ള വിശാലസ്ഥലത്തു തന്റെ അടുക്കൽ ഒന്നിച്ചുകൂട്ടി അവരോടു ഹൃദ്യമായി സംസാരിച്ചു: 7ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; അശ്ശൂർരാജാവിനെയും അവനോടു കൂടെയുള്ള സകലപുരുഷാരത്തെയും ഭയപ്പെടരുതു; നിങ്ങൾ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ടു. 8അവനോടുകൂടെ മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ടു എന്നു പറഞ്ഞു; ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകളിൽ ആശ്രയിച്ചു.

9അനന്തരം അശ്ശൂർരാജാവായ സൻഹേരീബ് -അവനും അവനോടുകൂടെയുള്ള സൈന്യമൊക്കെയും ലാഖീശിന്നരികെ ഉണ്ടായിരുന്നു -തന്റെ ദാസന്മാരെ യെരൂശലേമിലേക്കു യെഹൂദാരാജാവായ യെഹിസ്കീയാവിന്റെയും യെരൂശലേമിലെ സകലയെഹൂദ്യരുടെയും അടുക്കൽ അയച്ചുപറയിച്ചതു എന്തെന്നാൽ: 10അശ്ശൂർരാജാവായ സൻഹേരീബ് ഇപ്രകാരം പറയുന്നു: നിങ്ങൾ യെരൂശലേമിൽ നിരോധം സഹിച്ചു പാർപ്പാൻ എന്തൊന്നിലാകുന്നു ആശ്രയിക്കുന്നതു? 11നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂർരാജാവിന്റെ കയ്യിൽനിന്നു വിടുവിക്കും എന്നു യെഹിസ്കീയാവു പറഞ്ഞു വിശപ്പും ദാഹവുംകൊണ്ടു ചാകേണ്ടതിന്നു നിങ്ങളെ വശീകരിക്കുന്നില്ലയോ? 12അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും നീക്കിക്കളകയും യെഹൂദയോടും യെരൂശലേമിനോടും നിങ്ങൾ ഒരേ പീഠത്തിന്നു മുമ്പിൽ നമസ്കരിച്ചു അതിന്മേൽ ധൂപം കാട്ടേണം എന്നു കല്പിക്കയും ചെയ്തതു ഈ യെഹിസ്കീയാവു തന്നേയല്ലോ. 13ഞാനും എന്റെ പിതാക്കന്മാരും അതതു ദേശങ്ങളിലെ സകലജാതികളോടും എന്തു ചെയ്തുവെന്നു നിങ്ങൾ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജാതികളുടെ ദേവന്മാർക്കു തങ്ങളുടെ ദേശങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ കഴിഞ്ഞുവോ? 14എന്റെ പിതാക്കന്മാർ നിർമ്മൂലനാശം വരുത്തിയിരിക്കുന്ന ജാതിയുടെ സകലദേവന്മാരിലുംവെച്ചു ഒരുവന്നും തന്റെ ജനത്തെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ കഴിയാതിരിക്കെ നിങ്ങളുടെ ദൈവത്തിന്നു നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ കഴിയുമോ? 15ആകയാൽ യെഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ഇങ്ങനെ നിങ്ങളെ വശീകരിക്കരുതു; നിങ്ങൾ അവനെ വിശ്വസിക്കയും അരുതു; യാതൊരു ജാതിയുടെയോ രാജ്യത്തിന്റെയോ ദേവന്നും തന്റെ ജനത്തെ എന്റെ കയ്യിൽനിന്നും എന്റെ പിതാക്കന്മാരുടെ കയ്യിൽനിന്നും വിടുവിപ്പാൻ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിക്കുന്നതു എങ്ങനെ? 16അവന്റെ ദാസന്മാർ യഹോവയായ ദൈവത്തിന്നും അവന്റെ ദാസനായ യെഹിസ്കീയാവിന്നും വിരോധമായി പിന്നെയും അധികം സംസാരിച്ചു. 17അതതു ദേശങ്ങളിലെ ജാതികളുടെ ദേവന്മാർ തങ്ങളുടെ ജനത്തെ എന്റെ കയ്യിൽനിന്നു വിടുവിക്കാതിരുന്നതുപോലെ യെഹിസ്കീയാവിന്റെ ദൈവവും തന്റെ ജനത്തെ എന്റെ കയ്യിൽനിന്നു വിടുവിക്കയില്ല എന്നിങ്ങനെ അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിപ്പാനും അവന്നു വിരോധമായി സംസാരിപ്പാനും എഴുത്തും എഴുതി അയച്ചു. 18പട്ടണം പിടിക്കേണ്ടതിന്നു അവർ യെരൂശലേമിൽ മതിലിന്മേൽ ഉള്ള ജനത്തെ പേടിപ്പിച്ചു ഭ്രമിപ്പിപ്പാൻ യെഹൂദ്യഭാഷയിൽ അവരോടു ഉറക്കെ വിളിച്ചു, 19മനുഷ്യരുടെ കൈപ്പണിയായ ജാതികളുടെ ദേവന്മാരെക്കുറിച്ചെന്നപോലെ യെരൂശലേമിന്റെ ദൈവത്തെക്കുറിച്ചു സംസാരിച്ചു. 20ഇതുനിമിത്തം യെഹിസ്കീയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാർത്ഥിച്ചു സ്വർഗ്ഗത്തിലേക്കു നിലവിളിച്ചു. 21അപ്പോൾ യഹോവ ഒരു ദൂതനെ അയച്ചു; അവൻ അശ്ശൂർ രാജാവിന്റെ പാളയത്തിലെ സകലപരാക്രമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളെയും സംഹരിച്ചു; അതുകൊണ്ടു അവൻ ലജ്ജാമുഖത്തോടെ സ്വദേശത്തേക്കു മടങ്ങിപ്പോകേണ്ടിവന്നു; അവൻ തന്റെ ദേവന്റെ ക്ഷേത്രത്തിൽ ചെന്നപ്പോൾ അവന്റെ ഉദരത്തിൽനിന്നു ഉത്ഭവിച്ചവർ അവനെ അവിടെവെച്ചു വാൾകൊണ്ടു കൊന്നുകളഞ്ഞു. 22ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേംനിവാസികളെയും അശ്ശൂർരാജാവായ സൻഹേരീബിന്റെ കയ്യിൽനിന്നും മറ്റെല്ലാവരുടെയും കയ്യിൽനിന്നും രക്ഷിച്ചു അവർക്കു ചുറ്റിലും വിശ്രമം നല്കി; 23പലരും യെരൂശലേമിൽ യഹോവെക്കു കാഴ്ചകളും യെഹൂദാരാജാവായ യെഹിസ്കീയാവിന്നു വിശേഷവസ്തുക്കളും കൊണ്ടുവന്നു; അവൻ അന്നുമുതൽ സകലജാതികളുടെയും ദൃഷ്ടിയിൽ ഉന്നതനായിത്തീർന്നു.

24ആ കാലത്തു യെഹിസ്കീയാവിന്നു മരണകരമായ ദീനംപിടിച്ചു; അവൻ യഹോവയോടു പ്രാർത്ഥിച്ചു; അതിന്നു അവൻ ഉത്തരം അരുളി ഒരു അടയാളവും കൊടുത്തു. 25എന്നാൽ യെഹിസ്കീയാവു തനിക്കു ലഭിച്ച ഉപകാരത്തിന്നു അടുത്തവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ടു അവന്റെമേലും യെഹൂദയുടെമേലും യെരൂശലേമിന്മേലും കോപം ഉണ്ടായി. 26എങ്കിലും തന്റെ ഗർവ്വത്തെക്കുറിച്ചു യെഹിസ്കീയാവും യെരൂശലേംനിവാസികളും തങ്ങളെത്തന്നേ താഴ്ത്തി; അതുകൊണ്ടു യഹോവയുടെ കോപം യെഹിസ്കീയാവിന്റെ കാലത്തു അവരുടെമേൽ വന്നില്ല. 27യെഹിസ്കീയാവിന്നു അനവധി ധനവും മാനവും ഉണ്ടായിരുന്നു; അവൻ വെള്ളി, പൊന്നു, രത്നം, സുഗന്ധ വർഗ്ഗം, പരിച സകലവിധമനോഹരവസ്തുക്കൾ എന്നിവെക്കായി ഭണ്ഡാരഗൃഹങ്ങളും 28ധാന്യം, വീഞ്ഞ്, എണ്ണ എന്ന അനുഭവങ്ങൾക്കായി പാണ്ടികശാലകളും സകലവിധ മൃഗങ്ങൾക്കും പുരകളും ആട്ടിൻ കൂട്ടങ്ങൾക്കു തൊഴുത്തുകളും ഉണ്ടാക്കി. 29ദൈവം അവന്നു അനവധി സമ്പത്തു കൊടുത്തിരുന്നതുകൊണ്ടു അവൻ പട്ടണങ്ങളെയും ആടുമാടുകൂട്ടങ്ങളെയും വളരെ സമ്പാദിച്ചു. 30ഈ യെഹിസ്കീയാവു തന്നേ ഗീഹോൻവെള്ളത്തിന്റെ മേലത്തെ ഒഴുക്കു തടുത്തു ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറെ ഭാഗത്തു താഴോട്ടു വരുത്തി. അങ്ങനെ യെഹിസ്കീയാവു തന്റെ സകലപ്രവർത്തികളിലും കൃതാർത്ഥനായിരുന്നു. 31എങ്കിലും ദേശത്തിൽ സംഭവിച്ചിരുന്ന അതിശയത്തെക്കുറിച്ചു ചോദിക്കേണ്ടതിന്നു ബാബേൽ പ്രഭുക്കന്മാർ അവന്റെ അടുക്കൽ അയച്ച ദൂതന്മാരുടെ കാര്യത്തിൽ അവന്റെ ഹൃദയത്തിലുള്ളതൊക്കെയും അറിവാൻ തക്കവണ്ണം അവനെ പരീക്ഷിക്കേണ്ടതിന്നു ദൈവം അവനെ വിട്ടുകൊടുത്തു. 32യെഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സൽപ്രവൃത്തികളും ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ ദർശനത്തിലും യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നുവല്ലോ. 33യെഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകളിലേക്കുള്ള കയറ്റത്തിങ്കൽ അവനെ അടക്കം ചെയ്തു; അവന്റെ മരണസമയത്തു എല്ലായെഹൂദയും യെരൂശലേംനിവാസികളും അവനെ ബഹുമാനിച്ചു. അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.
Copyright information for MalSC