2 Chronicles 36:11-21

11 aസിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു. 12അവൻ തന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായിൽനിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽ തന്നേത്താൻ താഴ്ത്തിയില്ല. 13 bഅവനെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ്നേസർരാജാവിനോടു അവൻ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാതവണ്ണം തന്റെ ഹൃദയം കഠിനമാക്കുകയും ചെയ്തു. 14പുരോഹിതന്മാരിൽ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ലേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി. 15അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവൻ ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കൽ അയച്ചു. 16അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകുംവണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു. 17 cഅതുകൊണ്ടു അവൻ കൽദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവൻ അവരുടെ യൗവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തിൽവെച്ചു വാൾകൊണ്ടു കൊന്നു; അവൻ യൗവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചുകൊടുത്തു. 18ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും അവന്റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവൻ ബാബേലിലേക്കു കൊണ്ടുപോയി. 19 dഅവർ ദൈവാലയം ചുട്ടു, യെരൂശലേമിന്റെ മതിൽ ഇടിച്ചു, അതിലെ അരമനകൾ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു. 20വാളിനാൽ വീഴാതെ ശേഷിച്ചവരെ അവൻ ബാബേലിലേക്കു കൊണ്ടുപോയി; പാർസിരാജ്യത്തിന്നു ആധിപത്യം സിദ്ധിക്കുംവരെ അവർ അവിടെ അവന്നും അവന്റെ പുത്രന്മാർക്കും അടിമകളായിരുന്നു. 21 eയിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.
Copyright information for MalSC