2 Kings 22:3-20

3യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ രാജാവു മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകനായ ശാഫാൻ എന്ന രായസക്കാരനെ യഹോവയുടെ ആലയത്തിലേക്കു അയച്ചു പറഞ്ഞതെന്തെന്നാൽ: 4നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ പിരിഞ്ഞുവന്നതും വാതിൽകാവല്ക്കാർ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവൻ കണക്കുനോക്കട്ടെ. 5അവർ അതു യഹോവയുടെ ആലയത്തിലെ വിചാരകരായി പണിനടത്തുന്നവരുടെ കയ്യിൽ കൊടുക്കട്ടെ; അവർ അതു യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കേണ്ടതിന്നു 6അതിൽ പണി ചെയ്യുന്ന ആശാരികൾക്കും ശില്പികൾക്കും കല്പണിക്കാർക്കും ആലയത്തിന്റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും മേടിക്കേണ്ടതിന്നും കൊടുക്കട്ടെ. 7 aഎന്നാൽ ദ്രവ്യം കയ്യേറ്റുവാങ്ങിയവരോടു കണക്കു ചോദിക്കേണ്ടാ; അവർ വിശ്വാസത്തിന്മേലല്ലോ പ്രവർത്തിക്കുന്നതു. 8മഹാപുരോഹിതനായ ഹില്ക്കീയാവു രായസക്കാരനായ ശാഫാനോടു: ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവു ആ പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു; അവൻ അതു വായിച്ചു. 9രായസക്കാരനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിനോടു: ആലയത്തിൽ കണ്ട ദ്രവ്യം അടിയങ്ങൾ പെട്ടിയൊഴിച്ചെടുത്തു യഹോവയുടെ ആലയത്തിൽ വിചാരകരായി പണിനടത്തുന്നവരുടെ കയ്യിൽ കൊടുത്തിരിക്കുന്നു എന്നു മറുപടി ബോധിപ്പിച്ചു. 10ഹില്ക്കീയാപുരോഹിതൻ എന്റെ കയ്യിൽ ഒരു പുസ്തകം തന്നു എന്നും രായസക്കാരനായ ശാഫാൻ രാജാവിനോടു ബോധിപ്പിച്ചു. ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു. 11രാജാവു ന്യായപ്രമാണപുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി; 12രാജാവു പുരോഹിതനായ ഹില്ക്കീയാവോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖായാവിന്റെ മകൻ അക്ബോരിനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും: 13നിങ്ങൾ ചെന്നു, കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും ജനത്തിന്നും എല്ലായെഹൂദെക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിൻ; നമുക്കു വേണ്ടി എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചുനടപ്പാൻ തക്കവണ്ണം നമ്മുടെ പിതാക്കന്മാർ ഈ പുസ്തകത്തിലെ വാക്യങ്ങളെ കേൾക്കായ്കകൊണ്ടു നമ്മുടെ നേരെ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ എന്നു കല്പിച്ചു. 14അങ്ങനെ ഹില്ക്കീയാപുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും അർഹസിന്റെ മകനായ തിക്വയുടെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു‒അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു‒അവളോടു സംസാരിച്ചു. 15അവൾ അവരോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുക്കൽ അയച്ചവനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: 16യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും യെഹൂദാരാജാവു വായിപ്പിച്ച പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതുപോലെ ഒക്കെയും അനർത്ഥം വരുത്തും. 17അവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദേവന്മാർക്കു ധൂപം കാട്ടിയതുകൊണ്ടു എന്റെ കോപം ഈ സ്ഥലത്തിന്റെ നേരെ ജ്വലിക്കും; അതു കെട്ടുപോകയുമില്ല. 18എന്നാൽ യഹോവയോടു ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വാക്യങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. 19അവർ സ്തംഭനത്തിന്നും ശാപത്തിന്നും വിഷയമായിത്തീരുമെന്നു ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും വിരോധമായി അരുളിച്ചെയ്തതു നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞു, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. 20അതുകൊണ്ടു ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന്നു വരുത്തുവാൻപോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണു കാണുകയില്ല. അവർ രാജാവിനോടു ഈ മറുപടി ബോധിപ്പിച്ചു.

2 Kings 23:1-27

1അനന്തരം രാജാവു ആളയച്ചു; അവർ യെഹൂദയിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കൽ കൂട്ടിവരുത്തി. 2രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനമൊക്കെയും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തിൽവെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവർ കേൾക്കെ അവൻ വായിച്ചു. 3രാജാവു തൂണിന്നരികെ നിന്നുംകൊണ്ടു താൻ യഹോവയെ അനുസരിച്ചുനടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങൾ നിവർത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തിൽ യോജിച്ചു. 4 bരാജാവു മഹാപുരോഹിതനായ ഹില്ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിന്നും അശേരെക്കും ആകാശത്തിലെ സർവ്വസൈന്യത്തിന്നും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്തു കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന്നു പുറത്തു കിദ്രോൻപ്രദേശത്തുവെച്ചു അവയെ ചുട്ടു, ചാരം ബേഥേലിലേക്കു കൊണ്ടുപോയി. 5യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാഗിരികളെയും ബാലിന്നും സൂര്യന്നും ചന്ദ്രന്നും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു. 6അശേരാപ്രതിഷ്ഠയെയും അവൻ യഹോവയുടെ ആലയത്തിൽനിന്നു യെരൂശലേമിന്നു പുറത്തു കിദ്രോൻതോട്ടിങ്കലേക്കു കൊണ്ടുചെന്നു കിദ്രോൻതാഴ്‌വീതിയിൽവെച്ചു ചുട്ടുപൊടിയാക്കി പൊടി സാമാന്യജനത്തിന്റെ ശവക്കുഴികളിന്മേൽ ഇട്ടുകളഞ്ഞു. 7സ്ത്രീകൾ അശേരെക്കു കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവൻ ഇടിച്ചുകളഞ്ഞു. 8അവൻ യെഹൂദാപട്ടണങ്ങളിൽനിന്നു സകലപുരോഹിതന്മാരെയും വരുത്തി, ഗേബമുതൽ ബേർ-ശേബവരെ പുരോഹിതന്മാർ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതിൽപ്രവേശനത്തിങ്കൽ ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതില്ക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവൻ ഇടിച്ചുകളഞ്ഞു. 9എന്നാൽ പൂജാഗിരിപുരോഹിതന്മാർ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കൽ കയറിയില്ല; അവർ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു. 10 cആരും തന്റെ മകനെയോ മകളെയോ മോലെക്കിന്നു അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന്നു ബെൻ-ഹിന്നോംതാഴ്‌വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി. 11യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കൽ വളപ്പിന്നകത്തുള്ള നാഥാൻ-മേലെക്ക് എന്ന ഷണ്ഡന്റെ അറെക്കരികെ യെഹൂദാരാജാക്കന്മാർ സൂര്യന്നു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവൻ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു. 12 dയെഹൂദാരാജാക്കന്മാർ ആഹാസിന്റെ മാളികയുടെ മേൽപുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവു തകർത്തു അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു. 13 eയെരൂശലേമിന്നെതിരെ നാശപർവ്വതത്തിന്റെ വലത്തുഭാഗത്തു യിസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ലേച്ഛബിംബമായ അസ്തോരെത്തിന്നും മോവാബ്യരുടെ മ്ലേച്ഛബിംബമായ കെമോശിന്നും അമ്മോന്യരുടെ മ്ലേച്ഛബിംബമായ മില്ക്കോമിന്നും പണിതിരുന്ന പൂജാഗിരികളെയും രാജാവു അശുദ്ധമാക്കി. 14അവൻ വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, അവ നിന്നിരുന്ന സ്ഥലങ്ങളെ മനുഷ്യാസ്ഥികൾകൊണ്ടു നിറെച്ചു. 15 fഅത്രയുമല്ല, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലിൽ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവൻ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവൻ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു. 16 gഎന്നാൽ യോശീയാവു തിരിഞ്ഞു നോക്കിയപ്പോൾ അവിടെ മലയിൽ ഉണ്ടായിരുന്ന കല്ലറകൾ കണ്ടിട്ടു ആളയച്ചു കല്ലറകളിൽനിന്നു അസ്ഥികളെ എടുപ്പിച്ചു, ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷൻ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ യാഗപീഠത്തിന്മേൽ ഇട്ടു ചുട്ടു അതു അശുദ്ധമാക്കിക്കളഞ്ഞു. 17 hഞാൻ കാണുന്ന ആ ജ്ഞാപകസ്തംഭം എന്തു എന്നു അവൻ ചോദിച്ചു. അതിന്നു ആ പട്ടണക്കാർ അവനോടു: അതു യെഹൂദയിൽനിന്നു വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങളെ ബേഥേലിലെ യാഗപീഠത്തെക്കുറിച്ചു മുന്നറിയിക്കയും ചെയ്ത ദൈവ പുരുഷന്റെ കല്ലറയാകുന്നു എന്നു പറഞ്ഞു. 18അപ്പോൾ അവൻ: അതു ഇരിക്കട്ടെ; അവന്റെ അസ്ഥികളെ ആരും അനക്കരുതു എന്നു കല്പിച്ചു. അങ്ങനെ അവർ അവന്റെ അസ്ഥികളെയും ശമര്യയിൽനിന്നു വന്ന പ്രവാചകന്റെ അസ്ഥികളെയും വിട്ടേച്ചുപോയി. 19യഹോവയെ കോപിപ്പിക്കേണ്ടതിന്നു യിസ്രായേൽരാജാക്കന്മാർ ശമര്യാപട്ടണങ്ങളിൽ ഉണ്ടാക്കിയിരുന്ന സകലപൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവു നീക്കിക്കളഞ്ഞു ബേഥേലിൽ അവൻ ചെയ്തതുപോലെയൊക്കെയും അവയോടും ചെയ്തു. 20അവൻ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയൊക്കെയും ബലിപീഠങ്ങളിന്മേൽ വെട്ടിക്കൊല്ലിക്കയും അവയുടെ മേൽ മനുഷ്യാസ്ഥികൾ ചുടുകയും ചെയ്തിട്ടു യെരൂശലേമിലക്കു മടങ്ങിപ്പോന്നു. 21അനന്തരം രാജാവു സകലജനത്തോടും: ഈ നിയമപുസ്കത്തിൽ എഴുതിയിരിക്കുന്നപ്രകാരം നിങ്ങളുടെ ദൈവമായ യഹോവെക്കു പെസഹ ആചരിപ്പിൻ എന്നു കല്പിച്ചു. 22യിസ്രായേലിന്നു ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടെ കാലം മുതല്ക്കും യിസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും കാലത്തും ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല. 23യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ യെരൂശലേമിൽ യഹോവെക്കു ഈ പെസഹ ആചരിച്ചു. 24ഹില്ക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകത്തിൽ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ വാക്യങ്ങളെ നിവർത്തിപ്പാൻ തക്കവണ്ണം യോശീയാവു വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും ഗൃഹബിംബങ്ങളെയും മറ്റു വിഗ്രഹങ്ങളെയും യെഹൂദാദേശത്തും യെരൂശലേമിലും കണ്ട സകലമ്ലേച്ഛതകളെയും അശേഷം നശിപ്പിച്ചുകളഞ്ഞു. 25അവനെപ്പോലെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണ പ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പുണ്ടായിട്ടില്ല, പിമ്പു ഒരുത്തൻ എഴുന്നേറ്റിട്ടുമില്ല. 26എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകലകോപഹേതുക്കളും നിമിത്തം യെഹൂദയുടെ നേരെ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രതയെ യഹോവ വിട്ടുമാറാതെ: 27ഞാൻ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദയെയും എന്റെ സന്നിധിയിൽനിന്നു നീക്കുകയും ഞാൻ തിരഞ്ഞെടുത്ത ഈ യെരൂശലേം നഗരത്തെയും എന്റെ നാമം അവിടെ ഇരിക്കും എന്നു ഞാൻ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും എന്നു യഹോവ കല്പിച്ചു.
Copyright information for MalSC