2 Kings 25:1-11

1 aഅവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തിയ്യതി ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സർവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയം ഇറങ്ങി; അതിന്നെതിരെ ചുറ്റും വാടകോരി. 2സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു. 3നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തിൽ ക്ഷാമം കലശലായി ദേശത്തെ ജനത്തിന്നു ആഹാരം ഇല്ലാതെപോയി. 4 bഅപ്പോൾ നഗരമതിൽ ഒരിടം പൊളിച്ചു കൽദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകൾക്കും മദ്ധ്യേയുള്ള പടിവാതിൽവഴിയായി ഓടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി. 5എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്നു യെരീഹോസമഭൂമിയിൽവെച്ചു അവനോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിന്നിപ്പോയി. 6അവർ രാജാവിനെ പിടിച്ചു രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവർ അവന്നു വിധി കല്പിച്ചു. 7 cഅവർ സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാങ്കെ കൊന്നു; സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചിട്ടു രണ്ടു ചങ്ങലകൊണ്ടു അവനെ ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയി.

8അഞ്ചാം മാസം ഏഴാം തിയ്യതി, നെബൂഖദ്നേസർരാജാവെന്ന ബാബേൽരാജാവിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബേൽരാജാവിന്റെ ഭൃത്യനായി അകമ്പടി നായകനായ നെബൂസരദാൻ യെരൂശലേമിൽവന്നു. 9 dഅവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാവീടുകളും പ്രധാനഭവനങ്ങളൊക്കെയും അവൻ തീവെച്ചു ചുട്ടുകളഞ്ഞു. 10അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു. 11നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേൽരാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാൻ കൊണ്ടുപോയി.
Copyright information for MalSC