2 Kings 4:25-37

25അവൾ ചെന്നു കർമ്മേൽപർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തി; ദൈവപുരുഷൻ അവളെ ദൂരത്തു കണ്ടപ്പോൾ തന്റെ ബാല്യക്കാരനായ ഗേഹസിയോടു: അതാ, ശൂനേംകാരത്തി വരുന്നു; നീ ഓടിച്ചെന്നു അവളെ എതിരേറ്റു: 26സുഖം തന്നേയോ? ഭർത്താവു സുഖമായിരിക്കുന്നുവോ? ബാലന്നു സുഖമുണ്ടോ എന്നു അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നേ എന്നു അവൾ പറഞ്ഞു. 27അവൾ പർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കാൽ പിടിച്ചു; ഗേഹസി അവളെ മാറ്റുവാൻ അടുത്തുചെന്നാറെ ദൈവപുരുഷൻ: അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ടു; യഹോവ അതു എന്നെ അറിയിക്കാതെ മറെച്ചിരിക്കുന്നു എന്നു പറഞ്ഞു. 28ഞാൻ യജമാനനോടു ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞില്ലയോ എന്നു അവൾ പറഞ്ഞു. 29ഉടനെ അവൻ ഗേഹസിയോടു: നീ അര കെട്ടി എന്റെ വടിയും കയ്യിൽ എടുത്തു പോക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുതു; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയും അരുതു; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം എന്നു പറഞ്ഞു. 30എന്നാൽ ബാലന്റെ അമ്മ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു; അങ്ങനെ അവൻ എഴുന്നേറ്റു അവളോടുകൂടെ പോയി. 31ഗേഹസി അവർക്കു മുമ്പായി ചെന്നു വടി ബാലന്റെ മുഖത്തു വെച്ചു; എങ്കിലും ഒരു അനക്കമോ ഉണർച്ചയോ ഉണ്ടായില്ല; അതുകൊണ്ടു അവൻ അവനെ എതിരേല്പാൻ മടങ്ങിവന്നു: ബാലൻ ഉണർന്നില്ല എന്നു അറിയിച്ചു. 32എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതുകണ്ടു. 33താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവൻ വാതിൽ അടെച്ചു യഹോവയോടു പ്രാർത്ഥിച്ചു. 34 aപിന്നെ അവൻ കയറി ബാലന്റെമേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു. 35അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു. 36അവൻ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: നിന്റെ മകനെ എടുത്തുകൊണ്ടു പോയ്ക്കൊൾക എന്നു പറഞ്ഞു. 37അവൾ അകത്തുചെന്നു അവന്റെ കാല്ക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തുകൊണ്ടു പോയി.
Copyright information for MalSC