2 Kings 8:7-13

7അനന്തരം എലീശാ ദമ്മേശെക്കിൽ ചെന്നു; അന്നു അരാംരാജാവായ ബെൻ-ഹദദ് ദീനംപിടിച്ചു കിടക്കുകയായിരുന്നു; ദൈവപുരുഷൻ വന്നിട്ടുണ്ടു എന്നു അവന്നു അറിവുകിട്ടി. 8രാജാവു ഹസായേലിനോടു: ഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ടു: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്നു അവൻമുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു. 9അങ്ങനെ ഹസായേൽ ദമ്മേശെക്കിലെ വിശേഷവസ്തുക്കളിൽനിന്നൊക്കെയും എടുത്തു നാല്പതു ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ടു അവന്റെ മുമ്പിൽ നിന്നു: നിന്റെ മകൻ അരാം രാജാവായ ബെൻ-ഹദദ് എന്നെ നിന്റെ അടുക്കൽ അയച്ചു: ഈ ദീനം മാറി എനിക്കു സൗഖ്യംവരുമോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. അതിന്നു എലീശാ; 10നീ ചെന്നു അവനോടു: നിനക്കു നിശ്ചയമായിട്ടു സൗഖ്യം വരും എന്നു പറക; എന്നാൽ അവൻ നിശ്ചയമായി മരിച്ചുപോകുമെന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു. 11പിന്നെ അവന്നു ലജ്ജ തോന്നുവോളം അവൻ കണ്ണുപറിക്കാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷൻ കരഞ്ഞു. 12യജമാനൻ കരയുന്നതു എന്തു എന്നു ഹസായേൽ ചോദിച്ചതിന്നു അവൻ: നീ യിസ്രായേൽമക്കളോടു ചെയ്‌വാനിരിക്കുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടു തന്നേ; നീ അവരുടെ ദുർഗ്ഗങ്ങളെ തീയിട്ടു ചുടുകയും അവരുടെ യൗവനക്കാരെ വാൾകൊണ്ടു കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തകർക്കയും അവരുടെ ഗർഭിണികളെ പിളർക്കയും ചെയ്യും എന്നു പറഞ്ഞു. 13 aഈ മഹാകാര്യം ചെയ്‌വാൻ നായായിരിക്കുന്ന അടിയൻ എന്തുമാത്രമുള്ളു എന്നു ഹസായേൽ പറഞ്ഞതിന്നു എലീശാ: നീ അരാമിൽ രാജാവാകും എന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
Copyright information for MalSC