2 Samuel 16:5-13

5ദാവീദ്‌രാജാവു ബഹൂരീമിൽ എത്തിയപ്പോൾ ശൗലിന്റെ കുലത്തിൽ ഗേരയുടെ മകൻ ശിമെയി എന്നു പേരുള്ള ഒരുത്തൻ അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ടു വരുന്നതു കണ്ടു. 6അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു. 7ശിമെയി ശപിച്ചുംകൊണ്ടു ഇവ്വണ്ണം പറഞ്ഞു: രക്തപാതകാ, നീചാ, പോ, പോ. 8ശൗൽഗൃഹത്തിന്റെ രക്തം യഹോവ നിന്റെമേൽ വരുത്തിയിരിക്കുന്നു; അവന്നു പകരമല്ലോ നീ രാജാവയതു; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തപാതകനായിരിക്കയാൽ ഇപ്പോൾ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നുഭവിച്ചിരിക്കുന്നു. 9അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോടു: ഈ ചത്ത നായി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നതു എന്തു? ഞാൻ ചെന്നു അവന്റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു. 10അതിന്നു രാജാവു: സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങൾക്കും തമ്മിൽ എന്തു? അവൻ ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നതു എന്തു എന്നു ആർ ചോദിക്കും എന്നു പറഞ്ഞു. 11പിന്നെ ദാവീദ് അബീശായിയോടും തന്റെ സകലഭൃത്യന്മാരോടും പറഞ്ഞതു: എന്റെ ഉദരത്തിൽനിന്നു പുറപ്പെട്ട മകൻ എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു എങ്കിൽ ഈ ബെന്യാമീന്യൻ ചെയ്യുന്നതു ആശ്ചര്യമോ? അവനെ വിടുവിൻ; അവൻ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു. 12പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നല്കും. 13ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നുപോകുമ്പോൾ ശിമെയിയും മലഞ്ചരിവിൽകൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു.
Copyright information for MalSC