Amos 1:3-15

3 aയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദമ്മേശെക്കിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 4ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയക്കും; അതു ബെൻഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും. 5ഞാൻ ദമ്മേശെക്കിന്റെ ഓടാമ്പൽ തകർത്തു, ആവെൻതാഴ്‌വരയിൽനിന്നു നിവാസിയെയും ഏദെൻഗൃഹത്തിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യർ ബദ്ധന്മാരായി കീറിലേക്കു പോകേണ്ടിവരും എന്നു യഹോവ അരുളിച്ചെയ്യുന്നു. 6 bയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ എദോമിന്നു ഏല്പിക്കേണ്ടതിന്നു ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 7ഞാൻ ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും. 8ഞാൻ അസ്തോദിൽനിന്നു നിവാസിയെയും അസ്കെലോനിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു. 9 cയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദരസഖ്യത ഓർക്കാതെ ബദ്ധന്മാരെ ആസകലം എദോമിന്നു ഏല്പിച്ചുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 10ഞാൻ സോരിന്റെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും. 11 dയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എദോമിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ തന്റെ സഹോദരനെ വാളോടുകൂടെ പിന്തുടർന്നു, തന്റെ കോപം സദാകാലം കടിച്ചുകീറുവാൻ തക്കവണ്ണം സഹതാപം വിട്ടുകളകയും ദ്വേഷ്യം സദാകാലം വെച്ചുകൊൾകയും ചെയ്തിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 12ഞാൻ തേമാനിൽ ഒരു തീ അയക്കും; അതു ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും. 13 eയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ തങ്ങളുടെ അതിർ വിസ്താരമാക്കേണ്ടതിന്നു ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 14ഞാൻ രബ്ബയുടെ മതിലിന്നകത്തു ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആർപ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും. 15അവരുടെ രാജാവു പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെ തന്നേ എന്നു യഹോവ അരുളിച്ചെയ്യുന്നു.
Copyright information for MalSC