Deuteronomy 2:26-37

26പിന്നെ ഞാൻ കെദേമോത്ത് മരുഭൂമിയിൽനിന്നു ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുക്കൽ സമാധാനവാക്കുകളോടുകൂടെ ദൂതന്മാരെ അയച്ചു: 27ഞാൻ നിന്റെ ദേശത്തു കൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞാൻ ഇടത്തോട്ടോ വലത്തോട്ടോ മാറാതെ പെരുവഴിയിൽകൂടി മാത്രം നടക്കും. 28സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കളും ആരിൽ പാർക്കുന്ന മോവാബ്യരും എനിക്കു തന്നതുപോലെ നീ വിലെക്കു തരുന്ന ആഹാരം ഞാൻ കഴിക്കയും വിലെക്കു തരുന്ന വെള്ളം കുടിക്കയും ചെയ്തുകൊള്ളാം. 29യോർദ്ദാൻ കടന്നു ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്ന ദേശത്തു എത്തുവോളം കാൽനടയായി പോകുവാൻ മാത്രം അനുവദിക്കേണം എന്നു പറയിച്ചു. 30എന്നാൽ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന്നു അവന്റെ മനസ്സു കടുപ്പിച്ചു അവന്റെ ഹൃദയം കഠിനമാക്കി. 31യഹോവ എന്നോടു: ഞാൻ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവന്റെ ദേശം കൈവശമാക്കേണ്ടതിന്നു അതു അടക്കുവാൻ തുടങ്ങുക എന്നു കല്പിച്ചു. 32അങ്ങനെ സീഹോനും അവന്റെ സർവ്വജനവും നമ്മുടെനേരെ പുറപ്പെട്ടുവന്നു യാഹാസിൽവെച്ചു പടയേറ്റു. 33നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കയ്യിൽ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സർവ്വജനത്തെയും സംഹരിച്ചു. 34അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല. 35നാൽക്കാലികളെയും നാം പിടിച്ച പട്ടണങ്ങളിലെ കൊള്ളയും മാത്രം നാം നമുക്കായിട്ടു എടുത്തു. 36അർന്നോൻ താഴ്‌വരയുടെ അറ്റത്തുള്ള അരോവേരും താഴ്‌വരയിലെ പട്ടണവുംമുതൽ ഗിലെയാദ് വരെ നമ്മുടെ കൈക്കു എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കയ്യിൽ ഏല്പിച്ചു. 37അമ്മോന്യരുടെ ദേശവും യബ്ബോക്ക്നദിയുടെ ഒരു വശമൊക്കെയും മലനാട്ടിലെ പട്ടണങ്ങളും നമ്മുടെ ദൈവമായ യഹോവ നമ്മോടു വിലക്കിയ ഇടങ്ങളും മാത്രം നീ ആക്രമിച്ചില്ല.

Deuteronomy 3:1-11

1അനന്തരം നാം തിരിഞ്ഞു ബാശാനിലേക്കുള്ള വഴിയായി പോയി; അപ്പോൾ ബാശാൻരാജാവായ ഓഗും അവന്റെ സർവ്വജനവും നമ്മുടെ നേരെ പുറപ്പെട്ടു എദ്രെയിൽവെച്ചു പടയേറ്റു. 2എന്നാറെ യഹോവ എന്നോടു: അവനെ ഭയപ്പെടരുതു; ഞാൻ അവനെയും അവന്റെ സർവ്വജനത്തെയും ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു: ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു. 3അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാൻരാജാവായ ഓഗിനെയും അവന്റെ സകലജനത്തെയും നമ്മുടെ കയ്യിൽ ഏല്പിച്ചു; അവന്നു ആരും ശേഷിക്കാതവണ്ണം നാം അവനെ സംഹരിച്ചുകളഞ്ഞു. 4അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കൽനിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അർഗ്ഗോബ്ദേശം ഒക്കെയും 5നാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു; ആ പട്ടണങ്ങൾ എല്ലാം ഉയർന്ന മതിലുകളും വാതിലുകളും ഓടാമ്പലുകളുംകൊണ്ടു ഉറപ്പിച്ചിരുന്നു. 6ഹെശ്ബോൻ രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിർമ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിർമ്മൂലമാക്കി. 7എന്നാൽ നാൽക്കാലികളെ ഒക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ടു എടുത്തു. 8ഇങ്ങനെ അക്കാലത്തു അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യിൽനിന്നു യോർദ്ദാന്നക്കരെ അർന്നോൻതാഴ്‌വരതുടങ്ങി ഹെർമ്മോൻപർവ്വതംവരെയുള്ള ദേശവും - 9സീദോന്യർ ഹെർമ്മോന്നു സീര്യോൻ എന്നും അമോര്യരോ അതിന്നു സെനീർ എന്നു പേർ പറയുന്നു - 10സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തുൾപ്പെട്ട സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾവരെയുള്ള ബാശാൻ മുഴുവനും നാം പിടിച്ചു. - 11ബാശാൻരാജാവായ ഓഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്റെ മഞ്ചം അമ്മോന്യനഗരമായ രബ്ബയിൽ ഉണ്ടല്ലോ? അതിന്നു പുരുഷന്റെ കൈക്കു ഒമ്പതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ടു. -
Copyright information for MalSC