Deuteronomy 2:4-19

4 aനീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാൽ: സേയീരിൽ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരിൽകൂടി നിങ്ങൾ കടപ്പാൻ പോകുന്നു. അവർ നിങ്ങളെ പേടിക്കും; ആകയാൽ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം. 5നിങ്ങൾ അവരോടു പടയെടുക്കരുതു; അവരുടെ ദേശത്തു ഞാൻ നിങ്ങൾക്കു ഒരു കാൽ വെപ്പാൻപോലും ഇടം തരികയില്ല; സേയീർപർവ്വതം ഞാൻ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു. 6നിങ്ങൾ അവരോടു ആഹാരം വിലെക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലെക്കു വാങ്ങി കുടിക്കേണം. 7നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയിൽ നീ സഞ്ചരിക്കുന്നതു അവൻ അറിഞ്ഞിരിക്കുന്നു; ഈ നാല്പതു സംവത്സരം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്കു യാതൊന്നിന്നും മുട്ടും വന്നിട്ടില്ല. 8അങ്ങനെ നാം സേയീരിൽ കുടിയിരുന്ന ഏശാവിന്റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിച്ചു അരാബവഴിയായി ഏലാത്തിന്റെയും എസ്യോൻ-ഗേബെരിന്റെയും അരികത്തുകൂടി കടന്നിട്ടു തിരിഞ്ഞു മോവാബ് മരുഭൂമിയിലേക്കുള്ള വഴിയായി കടന്നുപോന്നു.

9 bഅപ്പോൾ യഹോവ എന്നോടു കല്പിച്ചതു: മോവാബ്യരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അവരുടെ ദേശത്തു നിനക്കു ഒരു അവകാശം തരികയില്ല; ആർദേശത്തെ ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു - 10വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായ ഏമ്യർ പണ്ടു അവിടെ പാർത്തിരുന്നു. 11ഇവരെ അനാക്യരെപ്പോലെ മല്ലന്മാർ എന്നു വിചാരിച്ചുവരുന്നു; മോവാബ്യരോ അവർക്കു ഏമ്യർ എന്നു പേർ പറയുന്നു. 12ഹോര്യരും പണ്ടു സേയീരിൽ പാർത്തിരുന്നു; എന്നാൽ ഏശാവിന്റെ മക്കൾ അവരെ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയും സംഹരിക്കയും അവർക്കു പകരം കുടിപാർക്കയും ചെയ്തു; യിസ്രായേലിന്നു യഹോവ കൊടുത്ത അവകാശദേശത്തു അവർ ചെയ്തതുപോലെ തന്നേ. - 13ഇപ്പോൾ എഴുന്നേറ്റു സേരെദ് തോടു കടപ്പിൻ എന്നു കല്പിച്ചതുപോലെ നാം സേരെദ് തോടു കടന്നു; 14 cനാം കാദേശ് ബർന്നേയയിൽനിന്നു പുറപ്പെട്ടതുമുതൽ സേരെദ് തോടു കടക്കുംവരെയുള്ള കാലം മുപ്പത്തെട്ടു സംവത്സരം ആയിരുന്നു; അതിന്നിടയിൽ യോദ്ധാക്കളായിരുന്ന തലമുറ ഒക്കെയും യഹോവ അവരോടു സത്യം ചെയ്തതുപോലെ പാളയത്തിൽനിന്നു മുടിഞ്ഞുപോയി. 15അവർ മുടിഞ്ഞുതീരുംവരെ യഹോവയുടെ കൈ അവരെ പാളയത്തിൽനിന്നു നശിപ്പിപ്പാൻ തക്കവണ്ണം അവർക്കു വിരോധമായിരുന്നു.

16ഇങ്ങനെ യോദ്ധാക്കൾ ഒക്കെയും ജനത്തിന്റെ ഇടയിൽനിന്നു മരിച്ചു ഒടുങ്ങിയശേഷം 17യഹോവ എന്നോടു കല്പിച്ചതു: 18നീ ഇന്നു ആർ എന്ന മോവാബ്യദേശത്തുകൂടി കടപ്പാൻ പോകുന്നു. 19 dഅമ്മോന്യരോടു അടുത്തുചെല്ലുമ്പോൾ അവരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അമ്മോന്യരുടെ ദേശത്തു നിനക്കു അവകാശം തരികയില്ല; അതു ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു. ‒
Copyright information for MalSC