Exodus 12:1-13

1 aയഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവെച്ചു അരുളിച്ചെയ്തതു എന്തെന്നാൽ: 2ഈ മാസം നിങ്ങൾക്കു മാസങ്ങളുടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കേണം. 3നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം. 4ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തൻ തിന്നുന്നതിന്നു ഒത്തവണ്ണം കണക്കു നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം. 5ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. 6ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. 7അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. 8അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം. 9തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുതു. 10പിറ്റെന്നാൾ കാലത്തേക്കു അതിൽ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാൾ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങൾ തീയിലിട്ടു ചുട്ടുകളയേണം. 11അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു. 12ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു. 13നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല.
Copyright information for MalSC