Exodus 12:14-20

14 aഈ ദിവസം നിങ്ങൾക്കു ഓർമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവെക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം. 15ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളിൽനിന്നു നീക്കേണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം. 16ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു അവരവർക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുതു. 17പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ നിങ്ങൾ ആചരിക്കേണം; ഈ ദിവസത്തിൽ തന്നേയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നതു; അതുകൊണ്ടു ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ ആചരിക്കേണം. 18ഒന്നാം മാസം പതിന്നാലാം തിയ്യതി വൈകുന്നേരംമുതൽ ആ മാസം ഇരുപത്തൊന്നാം തിയ്യതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം. 19ഏഴു ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവു കാണരുതു; ആരെങ്കിലും പുളിച്ചതു തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽസഭയിൽ നിന്നു ഛേദിച്ചുകളയേണം. 20പുളിച്ചതു യാതൊന്നും നിങ്ങൾ തിന്നരുതു; നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം.
Copyright information for MalSC