Exodus 19

1യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അതേദിവസം അവർ സീനായിമരുഭൂമിയിൽ എത്തി. 2അവർ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പർവ്വതത്തിന്നു എതിരെ യിസ്രായേൽ പാളയമിറങ്ങി. 3മോശെ ദൈവത്തിന്റെ അടുക്കൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽനിന്നു അവനോടു വിളിച്ചു കല്പിച്ചതു: നീ യാക്കോബ് ഗൃഹത്തോടു പറകയും യിസ്രായേൽമക്കളോടു അറിയിക്കയും ചെയ്യേണ്ടതെന്തെന്നാൽ: 4ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ചു എന്റെ അടുക്കൽ വരുത്തിയതും നിങ്ങൾ കണ്ടുവല്ലോ. 5 aആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. 6 bനിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു. 7മോശെ വന്നു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചു, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേൾപ്പിച്ചു. 8യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും എന്നു ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്കു യഹോവയുടെ സന്നിധിയിൽ ബോധിപ്പിച്ചു. 9യഹോവ മോശെയോടു: ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിന്നും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിന്നും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു എന്നു അരുളിച്ചെയ്തു, ജനത്തിന്റെ വാക്കു മോശെ യഹോവയോടു ബോധിപ്പിച്ചു. 10യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ജനത്തിന്റെ അടുക്കൽ ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക; 11അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപർവ്വത്തിൽ ഇറങ്ങും. 12 cജനം പർവ്വതത്തിൽ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാൻ സൂക്ഷിക്കേണം എന്നു പറഞ്ഞു നീ അവർക്കായി ചുറ്റും അതിർ തിരിക്കേണം; പർവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം. 13കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവ്വതത്തിന്നു അടുത്തുവരട്ടെ. 14മോശെ പർവ്വതത്തിൽനിന്നു ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു. 15അവൻ ജനത്തോടു: മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിപ്പിൻ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുതു എന്നു പറഞ്ഞു. 16 dമൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി. 17ദൈവത്തെ എതിരേല്പാൻ മോശെ ജനത്തെ പാളയത്തിൽനിന്നു പുറപ്പെടുവിച്ചു; അവർ പർവ്വതത്തിന്റെ അടിവാരത്തു നിന്നു. 18യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി. 19കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചു വന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോടു ഉത്തരം അരുളി. 20യഹോവ സീനായി പർവ്വതത്തിൽ പർവ്വതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പർവ്വതത്തിന്റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു. 21യഹോവ മോശെയോടു കല്പിച്ചതെന്തെന്നാൽ: ജനം നോക്കേണ്ടതിന്നു യഹോവയുടെ അടുക്കൽ കടന്നുവന്നിട്ടു അവരിൽ പലരും നശിച്ചുപോകാതിരിപ്പാൻ നീ ഇറങ്ങിച്ചെന്നു അവരോടു അമർച്ചയായി കല്പിക്ക. 22യഹോവയോടു അടുക്കുന്ന പുരോഹിതന്മാരും യഹോവ അവർക്കു ഹാനി വരുത്താതിരിക്കേണ്ടതിന്നു തങ്ങളെ ശുദ്ധീകരിക്കട്ടെ. 23മോശെ യഹോവയോടു: ജനത്തിന്നു സീനായിപർവ്വത്തിൽ കയറുവാൻ പാടില്ല; പർവ്വതത്തിന്നു അതിർ തിരിച്ചു അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോടു അമർച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു. 24യഹോവ അവനോടു: ഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്കു നാശം വരുത്താതിരിക്കേണ്ടതിന്നു അവന്റെ അടുക്കൽ കയറുവാൻ അതിർ കടക്കരുതു. 25അങ്ങനെ മോശെ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു അവരോടു പറഞ്ഞു.

Exodus 20:1-17

1ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:

2അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
3ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
4 eഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. 5 fഅവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും 6എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയ കാണിക്കയും ചെയ്യുന്നു.
7 gനിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
8 hശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. 9 iആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. 10ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു. 11 jആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
12 kനിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
13 lകൊല ചെയ്യരുതു.
14 mവ്യഭിചാരം ചെയ്യരുതു.
15 nമോഷ്ടിക്കരുതു.
16 oകൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.
17 pകൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.
Copyright information for MalSC